ആതിരമാരുടെ മതംമാറ്റം ആരും നിര്‍ബന്ധിച്ചിട്ടല്ലെന്ന് എന്‍ ഐ എ

Posted on: October 12, 2017 9:10 am | Last updated: October 12, 2017 at 12:25 pm
ചിത്രം പ്രതീകാത്മകം

ന്യൂഡല്‍ഹി: കാസര്‍കോട്ടെ ആതിരയുടെയും പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ആതിരാ നമ്പ്യാരുടെയും മതംമാറ്റത്തിന് പിന്നില്‍ ആരുടെയും നിര്‍ബന്ധമുണ്ടായിട്ടില്ലെന്ന് എന്‍ ഐ എ. ഡോ. ഹാദിയ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി രണ്ട് പേരെയും ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടികള്‍ ഇക്കാര്യം അറിയിച്ചതെന്നും എന്‍ ഐ എ അറിയിച്ചു. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ വെച്ചാണ് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ രണ്ട് പേരെയും ചോദ്യം ചെയ്തത്. ഇരുവരുടെയും മൊഴികള്‍ പരിശോധിച്ചുവരികയാണെന്നും എന്‍ ഐ എ പറഞ്ഞു.

അതേസമയം, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കേരളത്തില്‍ നടന്ന 90 മിശ്രവിവാഹങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി എന്‍ ഐ എ അറിയിച്ചു. മിശ്രവിവാഹം ചെയ്ത ഹിന്ദു യുവതികള്‍ ഇസ്‌ലാം മതം സ്വീകരിച്ച സംഭവങ്ങളില്‍ സംഘടിതമായോ നിര്‍ബന്ധിതമായോ മതപരിവര്‍ത്തന ശ്രമം ഉണ്ടായിട്ടുണ്ടോ എന്നും വിവാഹശേഷം തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടായോ എന്നും അന്വേഷിക്കുമെന്ന് എന്‍ ഐ എ വൃത്തങ്ങള്‍ വ്യക്തമാക്കി. 90 മിശ്രവിവാഹങ്ങളുടെ പട്ടിക കേരളാ പോലീസ് എന്‍ ഐ എക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ 23 യുവതികളെ വിവാഹം ചെയ്തത് പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്നും പോലീസ് എന്‍ ഐ എയെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 60ഓളം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സംഘം ചോദ്യം ചെയ്തതായും എന്‍ ഐ എ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 24ന് ഹാദിയ കേസ് പരിഗണിക്കവെ ഷഫിന്‍ ജഹാനും ഹാദിയയും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട മുഴുവന്‍ സംഭവങ്ങളും ഒരു ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി എന്‍ ഐ എക്ക് നിര്‍ദേശം നല്‍കിയിരുന്നു. സുപ്രീം കോടതിയുടെ ഈ നിര്‍ദേശം സ്റ്റേചെയ്യണമെന്ന ഷഫിന്‍ ജഹാന്റെ ആവശ്യവും കോടതിയുടെ പരിഗണനയിലാണ്. കേസ് എന്‍ ഐ എ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാറും കോടതിയെ അറിയിച്ചിരുന്നു.
മതംമാറ്റത്തിന് പിന്നില്‍ ലൗജിഹാദാണെന്ന സംഘ്പരിവാര പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. സര്‍ക്കാര്‍ അംഗീകൃത ഇസ്‌ലാം മത പഠനകേന്ദ്രമായ പൊന്നാനി തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയുടെ വിശദാംശങ്ങളും കേരള പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്‍ ഐ എ വ്യക്തമാക്കുന്നു.