കാറ്റലോണിയക്കെതിരെ കടുത്ത നടപടി; സ്വയംഭരണാവകാശം റദ്ദാക്കുമെന്ന് സ്‌പെയിന്‍

Posted on: October 12, 2017 8:59 am | Last updated: October 12, 2017 at 11:16 am

മാഡ്രിഡ്/ബാഴ്‌സലോണ: സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള ശ്രമം കാറ്റലന്‍ നേതാക്കള്‍ ഊര്‍ജിതമാക്കുന്നതിനിടെ കടുത്ത നടപടിയുമായി സ്പാനിഷ് സര്‍ക്കാര്‍. ഒക്ടോബര്‍ ഒന്നിന് നടന്ന ഹിത പരിശോധനയുടെ അടിസ്ഥാനത്തില്‍ കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടുണ്ടോ ഇല്ലയോയെന്ന് വ്യക്തമാക്കണമെന്നും മേഖലക്ക് ഇതുവരെയുണ്ടായിരുന്ന സ്വയംഭരണാവകാശം എടുത്തുകളയുമെന്നും സ്‌പെയിന്‍ പ്രധാനമന്ത്രി മറൈനോ റജോയ് മുന്നറിയിപ്പ് നല്‍കി.

സ്വാതന്ത്ര്യത്തിനായി ശ്രമിക്കുന്ന കാറ്റലന്‍ നേതാക്കള്‍ക്ക് കടുത്ത തിരിച്ചടിയായിരിക്കുകയാണ് സ്‌പെയിനിന്റെ പുതിയ നീക്കം.
ചൊവ്വാഴ്ച കാറ്റലന്‍ നേതാക്കള്‍ ഒപ്പുവെച്ച സ്വാതന്ത്ര്യ പ്രഖ്യാപനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ പ്രസിഡന്റ് തീരുമാനിക്കുകയായിരുന്നു. സ്‌പെയിനുമായുള്ള ചര്‍ച്ചക്ക് ശേഷം സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ മതിയെന്ന നിലപാടാണ് ഇപ്പോള്‍ കാറ്റലന്‍ നേതാക്കളെടുത്തത്. ഭരണഘടനാ കോടതി റദ്ദാക്കിയ ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച സ്വാതന്ത്ര്യം അംഗീകരിക്കാനാകില്ലെന്ന ഉറച്ച നിലപാടാണ് സ്‌പെയിന്‍ സര്‍ക്കാറിനുള്ളത്.
കാറ്റലോണിയന്‍ പ്രസിഡന്റ് കാള്‍സ് പുയ്ഗ്‌ഡെമണ്ട് അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് റജോയ് ആരോപിച്ചു. ‘ഭരണഘടന അനുശാസിക്കുന്ന ആര്‍ട്ടിക്ക്ള്‍ 155 പ്രകാരമുള്ള കടുത്ത നടപടികള്‍ കാറ്റലോണിയക്കെതിരെയുണ്ടാകും. കാറ്റലോണിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ ഉടന്‍ സ്വീകരിക്കും.’ കാറ്റലോണിയന്‍ വിഷയത്തില്‍ വിളിച്ചുചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ പ്രഖ്യാപനത്തിനെതിരെ സര്‍ക്കാറിനൊപ്പം പ്രതിപക്ഷമായ സോഷ്യലിസ്റ്റ് പാര്‍ട്ടിയും രംഗത്തെത്തിയത് കാറ്റലന്‍ നേതാക്കള്‍ക്ക് കനത്ത തിരിച്ചടിയായി. എന്നാല്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിന് പകരം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. ഭരണഘടന ഭേദഗതി ചെയ്യുന്നതടക്കമുള്ള സാധ്യതകള്‍ കാറ്റലന്‍ പ്രശ്‌ന പരിഹാരത്തിനായി തേടണമെന്ന് പ്രതിപക്ഷം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഹിതപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സ്വയംഭരണാവകാശ പ്രദേശമായ കാറ്റലോണിയക്ക് സ്വാതന്ത്ര്യം ലഭിക്കാനുള്ള അവകാശമുണ്ടെന്നും സ്വതന്ത്ര, പരമാധികാര രാജ്യമായി തങ്ങളെ അംഗീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും കാറ്റലന്‍ പ്രസിഡന്റ് വ്യക്തമാക്കി. പാര്‍ലിമെന്റ് സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘സ്‌പെയിനില്‍ നിന്ന് മോചിതരാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ ചര്‍ച്ചക്ക് തയ്യാറാണ്. അതുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിര്‍ത്തലാക്കിയിരിക്കുകയാണ്.
പ്രസിഡന്റിന്റെ പാര്‍ലിമെന്റ് സമ്മേളനം കാറ്റലന്‍ ജനങ്ങളില്‍ ഒരേസമയം ആഹ്ലാദവും നിരാശയുമുണ്ടാക്കി. സ്വാതന്ത്ര്യം നേടിയെന്നും എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ചര്‍ച്ചകള്‍ക്ക് ശേഷമേ ഉണ്ടാകുകയുള്ളൂവെന്നുമുള്ള പ്രസ്താവനയാണ് ജനങ്ങളെ ആശങ്കയിലാക്കിയത്. സ്വാതന്ത്ര്യ പ്രഖ്യാപനം ഉണ്ടാകുമെന്ന് ധരിച്ച് ആയിരങ്ങളാണ് ബാഴ്‌സലോണയില്‍ ഒത്തുകൂടിയത്.
ഹിതപരിശോധനയില്‍ വോട്ട് ചെയ്ത 90 ശതമാനം പേരും സ്വാതന്ത്ര്യത്തെ അനുകൂലിച്ചിട്ടുണ്ട്. എന്നാല്‍, കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സ്പാനിഷ് അധികൃതര്‍ വോട്ടെടുപ്പ് വ്യാപകമായി തടസ്സപ്പെടുത്തിയിരുന്നു. വോട്ട് ചെയ്യുന്നവരെ തടയുകയും ബാലറ്റ് പെട്ടികള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ പോളിംഗ് കുത്തനെ കുറഞ്ഞു. കേവലം 43 ശതമാനമാളുകള്‍ മാത്രമാണ് കാറ്റലോണിയയുടെ ഹിതപരിശോധനയില്‍ പങ്കാളികളായത്.
ജനങ്ങളുടെ വ്യാപകമായ പിന്തുണയുണ്ടെങ്കിലും കാറ്റലന്‍ നേതാക്കള്‍ ആഗ്രഹിച്ചത് പോലെയുള്ള അനുകൂല നിലപാട് ലോക രാജ്യങ്ങളില്‍ നിന്ന് ഇവര്‍ക്ക് ലഭിച്ചിട്ടില്ല. യൂറോപ്യന്‍ യൂനിയനും കാറ്റലന്‍ നിലപാടിനെ എതിര്‍ത്തിരുന്നു. സാമ്പത്തികമായും സാമൂഹികമായും മറ്റ് സ്പാനിഷ് സംസ്ഥാനങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന കാറ്റലോണിയക്ക് ഭീമമായ തുക നികുതിയായി സ്‌പെയിനിന് നല്‍കേണ്ടിവരുന്നുവെന്നതടക്കമുള്ള പ്രശ്‌നങ്ങളാണ് സ്വാതന്ത്ര്യമെന്ന കടുത്ത തീരുമാനത്തിലേക്ക് നേതാക്കളെ നയിച്ചത്.