Connect with us

Editorial

വി ഐ പിക്ക് പകരം ഇ പി ഐ

Published

|

Last Updated

വി ഐ പി സംസ്‌കാരം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചു കൊണ്ടുള്ള തീരുമാനത്തിന് പിന്നാലെ റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വീട്ടുജോലിക്ക് കീഴ്ജീവനക്കാരെ നിയോഗിക്കുന്ന പതിവ് നിര്‍ത്തലാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ ട്രാക്ക്‌മെന്‍ വിഭാഗത്തിലെ 30,000ത്തോളം ജീവനക്കാര്‍ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ 7000ത്തോളം പേര്‍ ഇതിനകം റെയില്‍വേ ജോലിയില്‍ തിരികെ പ്രവേശിച്ചു കഴിഞ്ഞു. അവശേഷിക്കുന്നവരോട് ഉടനെ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോ അംഗങ്ങളോ സോണല്‍ സന്ദര്‍ശനത്തിന് വരുമ്പോള്‍ സ്വീകരിക്കാനും യാത്രയാക്കാനും ജനറല്‍ മാനേജര്‍മാര്‍ എത്തണമെന്ന പ്രോട്ടോക്കോളും നീക്കം ചെയ്യണമെന്നു റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി അറിയിച്ചു.

ജനാധിപത്യ വ്യവസ്ഥിതിയാണ് രാജ്യം പിന്തുടരുന്നതെങ്കിലും അതിന് നിരക്കാത്ത കോളോണിയല്‍ ജീര്‍ണതകള്‍ ഇപ്പോഴും ഇവിടെ അവശേഷിക്കുന്നുണ്ട്. അധികാരത്തിലിരിക്കുന്നവരും ഉദ്യോഗസ്ഥ മേധാവികളും സാമ്പത്തിക സാമൂഹിക മേഖലകളിലെ ഉന്നതരും പൊതുപണം ഉപയോഗപ്പെടുത്തി അനുഭവിക്കുന്ന പരിരക്ഷയും ഭരണപരമായ ആനുകൂല്യങ്ങളുമെല്ലാം ഇതിന്റെ ഭാഗമാണ്. സാധാരണക്കാരന്റെ സംരക്ഷത്തിന് ഏറ്റവും കുറവു പോലീസുകാരുള്ള രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യ. 663 പൗരന്മാരുടെ സംരക്ഷണത്തിന് ഒരു പോലീസുകാരന്‍ എന്ന നിരക്കിലാണ് ഇവിടെ പോലീസുകാരുടെ എണ്ണം. അതേസമയം ഒരു വി ഐ പിക്ക് ശരാശരി 2.7 പോലീസുകാരുടെ സേവനം ലഭ്യമാകുന്നു.

ഉന്നതോദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ അടിമകള്‍ക്ക് തുല്യം കാണുകയും വീട്ടുജോലിക്കുപയോഗിക്കെപ്പടുത്തുകയും ചെയ്യുന്നത് കോളോണിയന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. സൈന്യത്തിലും റെയില്‍വേയിലും മറ്റു മേഖലകളിലും ഇത് നിലനില്‍ക്കുന്നുണ്ട്. ഈ അടിമപ്പണി അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് 2008ല്‍ പ്രതിരോധകാര്യ പാര്‍ലിമെന്ററി സമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇത്രയും കാലമായിട്ടും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. പോലീസിലുമുണ്ട് ഈ പ്രവണത. കേരളത്തില്‍ തന്നെ എ ഡി ജി പി, ഐ ജി, ഡി ഐ ജി റാങ്കിലുള്ളവര്‍ വീട്ടുകാവല്‍, ഡ്രൈവര്‍, സ്വകാര്യ സുരക്ഷ എന്നീ തസ്തികകളിലായി മൂന്നിലധികം പോലീസുകാരെ ഒപ്പം നിര്‍ത്തുന്നുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ഒരവകാശമെന്ന മട്ടിലാണ് ചില മേലുദ്യോഗസ്ഥര്‍ കാണുന്നത്. ജീവനക്കാരെ കൊണ്ട് വിട്ടുപണിചെയ്യിക്കാനുള്ള അധികാരം ജൂഡീഷ്യറിക്കില്ലെന്ന് നിയമത്തില്‍ വ്യക്തമാക്കിയതാണെങ്കിലും രാജ്യത്താകമാനം കീഴ്ജീവനക്കാര്‍ ജഡ്ജിമാരുടെ വീട്ടുജോലിയെടുക്കുന്നതായി തമിഴ്‌നാട്ടിലെ ജുഡീഷ്യല്‍ എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ജനപ്രതിനിധികളും അനുഭവിക്കുന്നുണ്ട് പൊതുഫണ്ട് വിനിയോഗിച്ചുള്ള നിരവധി പ്രത്യേക ആനുകൂല്യങ്ങള്‍. അനുഗമിക്കാന്‍ പൈലറ്റ് വാഹനങ്ങള്‍, സംരക്ഷണത്തിന് പോലീസുദ്യോഗസ്ഥരും അര്‍ധ സൈനികരും. രാജ്യത്തെവിടെയും കുടുംബാംഗങ്ങള്‍ക്കുള്‍പ്പെടെ സൗജന്യ യാത്ര, താമസം, സത്കാരം, ഫോണ്‍വിളി തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ ചെലവില്‍. ഇങ്ങനെ വന്‍ ആനുകൂല്യങ്ങളാണ് മന്ത്രിമാരും എം എം പി മാരും എല്‍ എമാരുമെല്ലാം അനുഭവിക്കുന്നത്. നിഷ്‌കളങ്കമായ ജനസേവനത്തിനുള്ള അവസരം മാത്രമാണ് ജനപ്രാതിനിധ്യമെന്നും ജനസേവനം ഒരു ആരാധനയായി ഉള്‍കൊള്ളണമെന്നുമാണ് ജനാധിപത്യത്തിന്റെ അധ്യാപനമെങ്കിലും അതുള്‍ക്കൊള്ളുന്നവര്‍ എത്ര പേരുണ്ട്? നിയമസഭാ ജീവനക്കാരെ കൊണ്ട് കാല്‍ കഴുകിക്കുന്ന മന്ത്രിമാരും വിമാനത്തില്‍ ഇഷ്ടപ്പെട്ട സീറ്റ് തരപ്പെടാതിരുന്നതിന് എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്റെ മുഖത്തടിക്കുന്ന എം പിമാരും സര്‍ ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ ഉദ്ദേശിച്ച മുറി കിട്ടാത്തതിന് ബഹളം വെക്കുന്ന എം എല്‍ എമാരും ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്. ജനപ്രതിനിധികള്‍ക്ക് സഭക്കുള്ളില്‍ മാത്രമാണ് പ്രത്യേക പരിരക്ഷയെന്നും പുറത്ത് അവര്‍ സാധാരണ പൗരന്മാര്‍ മാത്രമാണെന്നുമാണ് മധ്യപ്രദേശ് ലോകായുക്ത നല്‍കിയ കേസില്‍ സുപ്രീം കോടതി വിധിച്ചത്. സഭക്കകത്തെ പരിരക്ഷയും പുനഃപരിശോധിക്കേണ്ടതാണ്.

ഫ്യൂഡലിസത്തിന്റെ വകഭേദങ്ങളായ വി ഐ പി സംസ്‌കാരവും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കുമുള്ള പ്രത്യേക ആനുകൂല്യങ്ങളും പരിരക്ഷയുമെല്ലാം നിര്‍ത്തലാക്കേണ്ട സമയം വൈകി “വെരി ഇംപോര്‍ട്ടന്റ് പേഴ്‌സണ്‍” (വി ഐ പി) എന്നതിനു പകരം രാജ്യത്ത് “എവരി പേഴ്‌സണ്‍ ഈസ് ഇംപോര്‍ട്ടന്റ്” (ഇ പി ഐ) എന്ന സ്ഥിതിവിശേഷം സംജാതമാകണമെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. നല്ല ആശയം. പ്രധാനമന്ത്രിയെന്ന നിലയില്‍ അനുഭവിക്കുന്ന എല്ലാ പ്രത്യേക ആനുകൂല്യങ്ങളും ഉപേക്ഷിച്ചു മോദി തന്നെ ഇതിന് തുടക്കം കുറിക്കട്ടെ.

Latest