എയ്ഡഡ് അധ്യാപക നിയമനം: കെ ഇ ആര്‍ ചട്ട ഭേദഗതി ശരിവെച്ചു

കൊച്ചി
Posted on: October 12, 2017 8:01 am | Last updated: October 11, 2017 at 11:12 pm

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ വാദം ഹൈക്കോടതി നിരാകരിച്ചു. അധ്യാപക നിയമനം നടത്താനുള്ള തങ്ങളുടെ ഭരണഘടനാവകാശം നിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ കവര്‍ന്നെടുത്തുവെന്ന മാനേജ്‌മെന്റിന്റെ വാദമാണ് കോടതി തള്ളിയത്. എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം സംബന്ധിച്ച് കേരള വിദ്യാഭ്യാസ ചട്ടത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ ശരിവെച്ചാണ് ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട മാനേജ്‌മെന്റിന്റെ വാദം തള്ളിയത്.

വിദ്യാഭ്യാസ ചട്ട ഭേദഗതി ചോദ്യം ചെയ്ത് വണ്ടൂരിലെ വേങ്ങൂര്‍ എ എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് പി വി ആശയാണ് പരിഗണിച്ചത്. അധ്യാപക നിയമനം സംരക്ഷിത അധ്യാപക ബേങ്കില്‍ നിന്ന് നടത്തണമെന്ന വ്യവസ്ഥ അടക്കമുള്ള കെ ഇ ആര്‍ ചട്ട ഭേദഗതികളാണ് ഹൈക്കോടതി ശരിവെച്ചത്. വിദ്യാഭ്യാസ ചട്ടഭേദഗതി ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രധാനാധ്യാപകരുടെ നിയമനം ജില്ലകളിലെ അധ്യാപക ബേങ്കില്‍ നിന്ന് വേണമെന്ന വ്യവസ്ഥയും കോടതി ശരിവെച്ചു. അധ്യാപക നിയമനത്തില്‍ 1ഃ1 എന്ന അനുപാതം പാലിച്ച് അധ്യാപക ബേങ്കില്‍ നിന്ന് നിയമനം നടത്തണം.
എന്നാല്‍, റവന്യൂ ജില്ലയിലെ അധ്യാപക ബേങ്കില്‍ അധ്യാപകരില്ലെങ്കില്‍ മറ്റ് റവന്യൂ ജില്ലകളില്‍ നിന്ന് നിയമനം നടത്താം. ഒഴിവുകള്‍ നികത്താന്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
നിയമനത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് അനിയന്ത്രിത അധികാരമില്ലെന്ന സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചിട്ടുണ്ട്. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും താത്പര്യം കണക്കിലെടുത്ത് നിയമനത്തിന് വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിയിലും അധ്യാപകരുടെ നിലവാരം ഉയര്‍ത്താനുമാണ് വിദ്യാഭ്യാസ ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവന്നതെന്ന സര്‍ക്കാര്‍ വാദം കോടതി ശരിവെക്കുകയായിരുന്നു.