പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം

ന്യൂഡല്‍ഹി
Posted on: October 11, 2017 11:22 pm | Last updated: October 11, 2017 at 11:22 pm

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി പരിഗണിച്ച് ഭര്‍ത്താവിനെതിരെ കേസെടുക്കാമെന്ന് സുപ്രീം കോടതി. ഈ വിധിയോടെ, 15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ലെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥ അസാധുവായി. ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരു ള്‍പ്പെട്ട ബഞ്ചിന്റെതാണ് സുപ്രധാന വിധി. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കപ്പെട്ടാല്‍ പ്രായപൂര്‍ത്തിയാകാത്ത ഭാര്യക്ക് ഭര്‍ത്താവിനെതിരെ ഒരു വര്‍ഷത്തിനുള്ളില്‍ പരാതി നല്‍കാം. അതേസമയം, വിവാഹേതര ലൈംഗികബന്ധത്തിലോ വിവാഹത്തിന് ശേഷം ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിഷയത്തിലോ ഇടപെടുന്നില്ലെന്നും ബഞ്ച് വ്യക്തമാക്കി.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായി (സമ്മതത്തോടെയോ അല്ലാതെയോ) ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. എന്നാല്‍, 15നും 18നും ഇടയില്‍ പ്രായമുള്ള വിവാഹിതകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇക്കാര്യം ചോദ്യം ചെയ്ത് സന്നദ്ധ സംഘടനയായ ‘ഇന്‍ഡിപെന്‍ഡന്റ് തോട്ട്’ നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ വിധി.

ഭരണഘടനയിലെ 14, 15, 21 അനുച്ഛേദങ്ങളുടെ ലംഘനമാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ വ്യവസ്ഥയെന്ന് ചൂണ്ടിക്കാണിച്ചാണ് ഇന്‍ഡിപെന്‍ഡന്റ് തോട്ട് ഹരജി നല്‍കിയത്. 15 വയസ്സിന് മുകളില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തി ല്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിനെതിരെ ബലാത്സംഗ കുറ്റം ആരോപിക്കാനാകില്ലെന്ന നിലപാടാണ് കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. വിവാഹം എന്ന സംവിധാനത്തിന്റെ നിലനില്‍പ്പിനെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രം ഈ നിലപാടെടുത്തത്. വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ ഇത്തരം വിവാഹത്തില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നും കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞു. കേന്ദ്രത്തിന് വേണ്ടി മുതി ര്‍ന്ന അഭിഭാഷകന്‍ റാണാ മുഖര്‍ജി ഹാജരായി.