കോളജ്‌ അധ്യാപകരുടെ ശമ്പള വര്‍ധനവിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted on: October 11, 2017 9:58 pm | Last updated: October 12, 2017 at 12:10 am

ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരുടെ ശമ്പളവര്‍ധനയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഉന്നത വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളിലെ അധ്യാപകരോടുള്ള കടമ നിറവേറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ഇതോടെ സീനിയോരിറ്റി അടിസ്ഥാനത്തില്‍ ഇവരുടെ ശമ്പളത്തില്‍ 22 മുതല്‍ 28 ശതമാനം വരെ വര്‍ധനയുണ്ടാകും. 10,000 മുതല്‍ 50,000 രൂപവരെ വര്‍ധന പ്രതീക്ഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

2016 ജനുവരി ഒന്നു മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാകും ശമ്പളം ലഭ്യമാക്കുക. ഏഴാം ശമ്പളക്കമ്മിഷന്റെ ശുപാര്‍ശയ്ക്കനുസരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. 43 കേന്ദ്രസര്‍വകലാശാല, 329 സംസ്ഥാന സര്‍വകലാശാല, 12,912 സര്‍ക്കാര്‍, സ്വകാര്യ എയ്ഡഡ് കോളജുകള്‍ എന്നിവയിലെ ജീവനക്കാര്‍ക്കാണ് വര്‍ധന ഗുണം ചെയ്യുക. കേന്ദ്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന 119 സാങ്കേതിക സര്‍വകലാശാലകള്‍ക്കും ഭാവിയില്‍ പുതുക്കിയ ശമ്പളം ലഭിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്‌സി), നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡ്രസ്ട്രീരിയല്‍ എന്‍ജിനീയറിങ് തുടങ്ങിയവയ്ക്കാകും ഇത് ബാധകമാകുക.