Connect with us

Gulf

ശൈത്യകാല ക്യാംപ് സാമഗ്രികള്‍ വിപണിയില്‍ സുലഭം

Published

|

Last Updated

ദോഹ: ശൈത്യകാല ക്യാംപിംഗിനുള്ള എല്ലാ ഉപകരണങ്ങളും സാധന സാമഗ്രികളും വിപണിയില്‍ ലഭ്യമാണെന്നും ദൗര്‍ലഭ്യമില്ലെന്നും വ്യാപാരികള്‍. ക്യാംപിംഗ് സാധനങ്ങള്‍ എത്തിക്കുന്നതിന് സഊദി അറേബ്യ, യു എ ഇ എന്നിവക്ക് പകരം വിപണികള്‍ കണ്ടെത്തിയിട്ടുണ്ട്. ശൈത്യകാല ക്യാംപിന് ഉപയോഗിക്കുന്ന ടെന്റുകള്‍ തുര്‍ക്കി, പാക്കിസ്ഥാന്‍, ഇന്ത്യ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നും ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
സാധനങ്ങളുടെ വിലയില്‍ മാറ്റമില്ലെന്നും ഉപരോധം ബാധിച്ചിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു. വലുപ്പവും മറ്റ് പ്രത്യേകതകളും ആശ്രയിച്ച് രണ്ടായിരം മുതല്‍ 25000 ഖത്വര്‍ റിയാല്‍ വരെയുള്ള ടെന്റുകള്‍ ലഭ്യമാണ്.

നാല് മുതര്‍ ആറ് വരെ മീറ്ററുള്ള ടെന്റിന് 2600 റിയാലാണ് വില. കുവൈത്തില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗുണമേന്മയേറിയ ടെന്റുകള്‍ക്ക് അയ്യായിരം ഖത്വര്‍ റിയാല്‍ മുതലാണ് വില. മുന്‍വര്‍ഷങ്ങളില്‍ സഊദിയില്‍ നിന്നാണ് ഇവ ഇറക്കുമതി ചെയ്തിരുന്നെങ്കിലും ഈ വര്‍ഷം പുതിയ വിപണികള്‍ കണ്ടെത്തി. ഉത്പന്നങ്ങളുടെ ഗുണമേന്മയും മെച്ചപ്പെട്ടതാണ്.

ഗുണമേന്മയടിസ്ഥാനത്തില്‍ 150 ഖത്വര്‍ റിയാല്‍ മുതല്‍ ഗ്രില്ലിംഗ് സാമഗ്രികളും ലഭ്യമാണ്. ടെന്റുകള്‍ ഒരുക്കിക്കൊടുക്കുന്നതിനുള്ള നിരക്ക് വലുപ്പവും സ്ഥലവും ടെന്റുകളുടെ എണ്ണവും അനുസരിച്ച് വ്യത്യാസപ്പെടും. ഒരു ടെന്റ് സംവിധാനിക്കുന്നതിന് 500 ഖത്വര്‍ റിയാലാണ് ഏകദേശ ചെലവ്.

ശൈത്യകാലം അടുത്തുവരുന്നതിനാല്‍ ക്യാംപിംഗ് ഒരുക്കങ്ങള്‍ ദ്രുതഗതിയിലാണ്. കച്ചവടക്കാര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്യുന്നുണ്ട്. ശൈത്യകാല ക്യാംപിംഗിന് പരിസ്ഥിതി, നഗരസഭ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി ഈയടുത്ത് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സീസണ്‍ നവംബര്‍ ഒന്നിന് ആരംഭിച്ച് ഏപ്രില്‍ 15 വരെയായിരുന്നു. ഖത്വരി പൗരന്മാര്‍ക്കാണ് ശൈത്യകാല ക്യാംപിന് അപേക്ഷിക്കാനുള്ള യോഗ്യത. ഈട് തുകയായി പതിനായിരം ഖത്വര്‍ റിയാല്‍ കെട്ടിവെക്കണം. നിയമലംഘനമുണ്ടായില്ലെങ്കില്‍ ഈ തുക തിരികെ ലഭിക്കും. കഴിഞ്ഞ തവണ നിയമലംഘനങ്ങള്‍ വളരെ കുറവായിരുന്നു.

 

Latest