അന്വേഷണത്തെ ഭയമില്ല; തെറ്റ് ചെയ്തിട്ടില്ല: ഉമ്മന്‍ ചാണ്ടി

Posted on: October 11, 2017 12:06 pm | Last updated: October 11, 2017 at 5:31 pm

തിരുവനന്തപുരം: സോളര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തെ ഭയമില്ലെന്ന് ഉമ്മന്‍ ചാണ്ടി. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഭയപ്പെട്ടാല്‍ പോരെയെന്നും അദ്ദേഹം ചോദിച്ചു. ഏത് അന്വേഷണത്തെയും നിയമപരമായി നേരിടും. സോളാറുമായി ബന്ധപ്പെട്ട് അന്ന് പ്രതിപക്ഷമായിരുന്ന ഇടതുപക്ഷം നിയമസഭയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അല്ല ഇപ്പോള്‍ പുറത്തുവന്നത്. റിപ്പോര്‍ട്ട് പുറത്ത് വിടാതെ മുഖ്യമന്ത്രി എങ്ങനെ അന്വേഷണം പ്രഖ്യാപിക്കും. മുന്‍ സര്‍ക്കാറിനെതിരായ അന്വേഷണങ്ങളില്‍ എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കണം. തന്നെ തളര്‍ത്താമെന്നാണ് കരുതുന്നതെങ്കില്‍ അത് സാധിക്കില്ലെന്നും മൂന്ന് ഇരട്ടി ശക്തിയോടെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

വേങ്ങര തിരഞ്ഞെടുപ്പ് ദിവസം തന്നെയുള്ള അന്വേഷണ പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തുന്ന അസാധാരണമാണ്. ഇത് ജനങ്ങള്‍ക്ക് ബോധ്യപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്ന് ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു.