മെസി നിറഞ്ഞാടി; അര്‍ജന്റീനക്ക് ലോകകപ്പ് യോഗ്യത

Posted on: October 11, 2017 9:10 am | Last updated: October 11, 2017 at 12:07 pm

ക്വിറ്റോ: നിര്‍ണായക മത്സരത്തില്‍ ഇക്വഡോറിനെ തകര്‍ത്ത് തരിപ്പണമാക്കി അര്‍ജന്റീന ലോകകപ്പ് യോഗ്യത ഉറപ്പാക്കി. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഹാട്രിക്കാണ് അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഇക്വഡോറിന്റെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഒളിംപികോ അതാഹ്വാല്‍പ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെസി നിറഞ്ഞാടിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. 12, 20, 62 മിനുട്ടുകളിലാണ് മിശിഹ ഗോള്‍ വര്‍ഷിച്ചത്.

ലാറ്റിനമേരിക്കന്‍ മേഖലയില്‍ ബ്രസീലിനും ഉറുഗ്വെയ്ക്കും പിറകില്‍ മൂന്നാം സ്ഥാനക്കാരായാണ് അര്‍ജന്റീന റഷ്യയിലേക്ക് പറക്കുന്നത്. ബ്രസീലിന് 41 പോയന്റും ഉറുഗ്വെക്ക് 31 പോയിന്റും അര്‍ജന്റീനക്ക് 28 പോയിന്റുമാണുള്ളത്.

അവസാന മത്സരത്തില്‍ പെറുവുമായി സമനില വഴങ്ങിയ കൊളംബിയയും യോഗ്യത ഉറപ്പിച്ചു. പെറുവിന് ഇനി ന്യൂസിലാന്‍ഡുമായി പ്ലേ ഓഫ് കളിക്കണം. നേരത്തെ, യോഗ്യത ഉറപ്പിച്ച ബ്രസീല്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചിലിയെയും ഉറുഗ്വെ 4-2ന് ബോളിവിയയെയും പരാജയപ്പെടുത്തി. ജീസസിന്റെ ഇരട്ട ഗോളുകളാണ് ബ്രസീലിന്റെ ജയം അനായാസമാക്കിയത്. പൗളിനോ പട്ടിക പൂര്‍ത്തിയാക്കി.