സാഹിത്യ പുരസ്‌കാരത്തിന്റെ നെറുകയില്‍ ഇഷിഗുറോ

Posted on: October 11, 2017 6:37 am | Last updated: October 10, 2017 at 11:38 pm

ഏതൊരു പുരസ്‌കാര പ്രഖ്യാപനത്തിനും മുമ്പുണ്ടാകുന്ന അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ ഇത്തവണയും സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹതയുള്ളവരെച്ചൊല്ലി നടക്കുകയുണ്ടായി. നിരവധി സാഹിത്യകാരന്മാരുടെ പേരുകള്‍ പല കോണില്‍ നിന്നും പല ഭാഷയില്‍ നിന്നും കേട്ടു. എന്നാല്‍ അപ്രതീക്ഷിതമായ തീരുമാനങ്ങള്‍കൊണ്ട് സാഹിത്യ ലോകത്തെ ഞെട്ടിപ്പിക്കുക എന്നതാണ് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം സ്വീഡിഷ് അക്കാദമി ചെയ്തുവരാറുള്ളത്.

പതിവുരീതികളും കീഴ്‌വഴക്കങ്ങളും തെറ്റിച്ചുകൊണ്ട് 2015ല്‍ ബെലാറൂസ് ജേര്‍ണലിസ്റ്റ് സ്വെത്ലാന അലക്സ്യേവിച്ചിനും 2016ല്‍ അമേരിക്കന്‍ ഗായകനും ഗാന രചയിതാവുമായ ബോബ് ഡീലനും സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കിയത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടവരുത്തിയിരുന്നു. അത്തരത്തിലുള്ള ഒരു തീരുമാനത്തിന് തന്നെയാണ് സ്വീഡിഷ് അക്കാദമി ഈ വര്‍ഷവും മുതിര്‍ന്നത്. ജപ്പാന്‍ എഴുത്തുകാരന്‍ മുറകാമിയും കെനിയയില്‍ നിന്നുള്ള ഗുഗി വാ തിയോങോയുമാണ് പ്രധാനമായും ലോക സാഹിത്യ പ്രേമികളുടെ എല്ലാ പ്രതീക്ഷകളിലുമുണ്ടായിരുന്നത്. എന്നാല്‍, എല്ലാ നിരീക്ഷണങ്ങളെയും അസ്ഥാനത്താക്കിയാണ് ഉൗഹ പട്ടികയില്‍ ഒരിക്കല്‍ പോലും വരാതിരുന്ന, ജപ്പാന്‍ വംശജനായ ബ്രീട്ടീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോയെ തേടി സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരമെത്തിയത്. മനുഷ്യ മനസ്സിന്റെ അഗാതതകളുടെ മറനീക്കാന്‍ കഴിയുന്ന വൈകാരിക ശക്തിയുള്ള നോവലുകളാണ് കസുവോയുടെത് എന്നാണ് സ്വീഡിഷ് അക്കാദമി നിരീക്ഷിക്കുന്നുത്.
രണ്ടാം ലോക യുദ്ധകാലത്താണ് അതുവരെ ഒളിഞ്ഞുനിന്ന് യുദ്ധത്തിന് കോപ്പുകൂട്ടിയ അമേരിക്ക പ്രത്യക്ഷമായ ആക്രമണത്തിന് മുതിര്‍ന്നത്. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബ് വര്‍ഷിച്ചുകൊണ്ടായിരുന്നു ലോകത്തെ ഞെട്ടിച്ച ഈ ക്രൂരത. 1945 ആഗസ്റ്റ് ഓമ്പതിന് അമേരിക്ക അണുബോംബെറിഞ്ഞ് തകര്‍ത്ത ഇതേ നാഗസാക്കിയിലാണ് 1954ല്‍ കസുവോ ഇഷിഗുറോ ജനിക്കുന്നത്. അഞ്ചാമത്തെ വയസ്സില്‍ പിതാവിന് ലണ്ടനില്‍ ജോലികിട്ടിയതിനാല്‍ കുസുവോയും കുടുംബവും ബ്രിട്ടനിലേക്ക് കുടിയേറി. എങ്കിലും തന്റെ മാതൃദേശമായ നാഗസാക്കിയെ ഇതിവൃത്തമാക്കിക്കൊണ്ടാണ് തന്റെ ആദ്യ നോവലായ എ പെയില്‍ വ്യൂ ഓഫ് ഹില്‍സ് 1982ല്‍ തന്നെ പുറത്തിറങ്ങിയത്. കസുവോയുടെ 27-ാം വയസ്സിലാണ് ഇത്രക്ക് പ്രൗഢമായ ഒരു രചന പുറത്ത് വരുന്നത്. ഇംഗ്ലണ്ടില്‍ ജീവിക്കുന്ന ഒരു ജപ്പാനീസ് സ്ത്രീയുടെ കഥപറയുന്ന നോവലാണിത്. ഇഷിഗുറോ ബ്രീട്ടീഷ് പൗരത്വം സ്വീകരിക്കുന്നത് 1989-ലാണ്. ഇതേ വര്‍ഷമാണ് ദ റിമെയിന്‍ ഓഫ് ദ ഡേ എന്ന കസുവോയുടെ നോവലിനെതേടി ബുക്കര്‍ പ്രൈസ് എത്തുന്നത്.

അതിജീവനത്തിന്റെ രാഷ്ട്രീയമാണ് ഇഷിഗുറോ തന്റെ ഓരോ രചനകളിലൂടെയും തീവ്രമായ വൈകാരികതകളോടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. രണ്ടാം ലോകയുദ്ധം ലോകത്തെ നിരപരാധികളായ ലക്ഷക്കണക്കിനാളുകളെ ഉന്‍മൂലനം നടത്തിയത് ചരിത്രത്തില്‍ വായിച്ചെടുക്കാനാകും. എന്നാല്‍ യുദ്ധത്തിന്റെ ഭീകരമായ കെടുതികളില്‍ നിന്നും രക്ഷപ്പെട്ട് സ്വന്തം കരുത്തുകൊണ്ട് അതിജീവിച്ചവരുടെ കഥകളാണ് അധിക രചനയുടെയും ഇതിവൃത്തമായി വരുന്നത്. വേദനിക്കുന്നവരോടൊപ്പം നില്‍ക്കാനും ഒപ്പം കെട്ടുപോകുന്ന കാലത്തോട് കലഹിച്ചുകൊണ്ട് അതിജീവിച്ചുവരുന്നവരെ ലോക ശ്രദ്ധയിലെത്തിക്കാനും ഈ എഴുത്തുകാരന്‍ ശ്രമിക്കുകയായിരുന്നു. നല്ലൊരു തിരക്കഥാകൃത്തു കൂടിയാണിദ്ദേഹം. വിഖ്യാത നടന്‍ ആന്റണി ഹോപ്കിന്‍സ് പ്രധാനകഥാപാത്രമായി ദ റിമെയിന്‍ ഓഫ് ദ ഡേ എന്ന നോവല്‍ സിനിമയാക്കിയത് ആഗോള തലത്തില്‍ തന്നെ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. എട്ട് ഓസ്‌കാര്‍ നാമനിര്‍ദേശമാണ് ഈ സിനിമക്ക് ലഭിച്ചത്.

ആശയങ്ങള്‍ക്കൊണ്ട് വിസ്മയം തീര്‍ത്ത എഴുത്തുകാരനാണ് കസുവോ ഇഷിഗുറോ. എഴുത്ത് വലിയൊരു സ്വാതന്ത്ര്യപ്രഖ്യാപനമാണെന്ന് തന്റെ ഓരോ രചനയിലൂടെയും തെളിയിച്ച സമകാലിക സാഹിത്യകാരന്മാരിലെ അഗ്രഗണ്യന്‍. ചെറിയ പ്രായത്തില്‍ വീടിനടുത്തുള്ള ലൈബ്രറിയില്‍ വെച്ച് ഷെര്‍ലക് ഹോംസ് കഥകള്‍ വായിച്ചാണ് ഇഷിഗുറോ സാഹിത്യലോകത്തേക്ക് കടന്നുവരുന്നത്. യുണിവേഴ്‌സിറ്റി ഓഫ് കെന്റില്‍ നിന്നും ഇംഗ്ലീഷ് ഫിലോസഫിയില്‍ ബിരുദവും ക്രീയേറ്റീവ് റൈറ്റിംഗില്‍ ബിരുദാനന്തര ബിരുദവും നേടി. പഠനകാലത്ത് തന്നെ കഥകളെഴുതാന്‍ ഇഷിഗുറോ തുടങ്ങിയിരുന്നു. ജപ്പാനില്‍ നിന്നും ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഹരുക്കി മുറകാമി, കെനിയയിലെ ഗിഗുയൂ ഭാഷയില്‍ എഴുതുന്ന ഗൂഗി വാ തിയോങോ തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് പുരസ്‌കാരത്തിന് സ്വീഡിഷ് അക്കാദമി ഇഷിഗുറോയെ പരിഗണിച്ചത് എന്നത് തന്നെ ഇദ്ദേഹത്തിനുള്ള വലിയ അംഗീകാരമാണ്.

ഏറ്റവും കൂടുതല്‍ സാഹിത്യ നൊബേല്‍ വാങ്ങിക്കൊടുത്ത ഇംഗ്ലീഷ് ഭാഷ അതിന്റെ ആധിപത്യം ഇവിടെയും പുലര്‍ത്തി പോന്നു. ഇംഗ്ലണ്ടില്‍ ജനിക്കാത്തവരും ഇംഗ്ലീഷ് മാതൃഭാഷയല്ലാത്തവരുമായ ഒരുപാട് എഴുത്തുകാര്‍ ഇംഗ്ലീഷിലെഴുതാന്‍ സന്നദ്ധത കാണിക്കുന്നതിന്റെ പിന്നില്‍ ഈ ഭാഷക്കുള്ള സ്വീകാര്യതയാണെന്നാണ് സാഹിത്യ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അരുന്ധതി റോയ്, അതിമാവി ഘോഷ്, വിക്രംസേഠ് തുടങ്ങി എഴുത്തുകാരുടെ നീണ്ട നിര ഇന്ത്യയില്‍ നിന്നുള്ള ഇംഗ്ലീഷ് എഴുത്തുകാരായി തുടരുന്നു. കസുവോ ഇഷിഗുറോ എഴുതുന്നത് ഇംഗ്ലീഷിലാണെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ആദ്യത്തെ രണ്ടു നോവലുകളുടെയും പാശ്ചാത്തലം ജന്മനാടായ ജപ്പാനാണ്. എന്നാല്‍ പിന്നീടുള്ള തന്റെ രചനയില്‍ ജപ്പാന്‍ ഒരിക്കലും കടന്നുവന്നിരുന്നില്ല. അധിക നോവലിന്റെയും പശ്ചാത്തലം ഇംഗ്ലണ്ട് തന്നെയായിരുന്നു. 1982ല്‍ എഴുതിയ ദ റിമൈയിന്‍ഡ് ഓഫ് ദ ഡെ എന്ന രചനയിലൂടെയാണ് കസുവോ ഇഷിഗുറോ ലോക വായനക്കാരുടെ ഇഷ്ട എഴുത്തുകാരനാകുന്നത്. 2005ല്‍ രചന പൂര്‍ത്തിയാക്കിയ നെവര്‍ ലെറ്റ് മി ഗോ എന്ന രചനയും ലോക ക്ലാസിക്കായി നിലനില്‍ക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ ജനിക്കാത്ത ഇംഗ്ലീഷുകാരായ എഴുത്തുകാരെല്ലാ തങ്ങളുടെ വേരുതേടി യാത്ര തുടങ്ങിയ ഒരു കാലത്തും വര്‍ത്തമാനത്തില്‍ നിന്നും സ്വന്തമായ അസ്ഥിത്വം രൂപപ്പെടുത്തി എഴുതിത്തുടങ്ങുകയാണ് ഇഷിഗുറോ.

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, കോളമിസ്റ്റ്, ഗാനരചയിതാവ് തുടങ്ങിയ സകലമേഖലയിലും തന്റേതായ ഇടം അടയാളപ്പെടുത്താനായിട്ടുള്ള എഴുത്തുകാരനാണ് കസുവോ. ഓരോ രചനക്കും പുതുമയാര്‍ന്ന പ്രമേയം കൊണ്ടുവരാനാകുന്നു എന്നതുതന്നെയാണ് ഇഷിഗുറോയുടെ രചനയുടെ പ്രത്യേകതയായി കാണാനാകുന്നത്. സത്യാന്വേഷണവും സ്മരണകളും ഓരോ രചനയിലും വേറിട്ട് കാണാനാകും. ഓര്‍മ എങ്ങനെ മറവിയുമായി ബന്ധംസ്ഥാപിക്കുന്നു, ചരിത്രം വര്‍ത്തമാനകാലവുമായി എങ്ങനെയാണ് അടുത്തുനില്‍ക്കുന്നത് തുടങ്ങിയ വ്യത്യസ്തമായ അന്വേഷണമാണ് ഇദ്ദേഹത്തിന്റെ ഓരോ രചനയുമെന്ന് നൊബേല്‍ പുരസ്‌കാര സമിതി തന്നെ അഭിപ്രായപെടുന്നുണ്ട്. 2015 ല്‍ പുറത്തിറക്കിയ ദ ബറീഡ് ജയന്റ് ഇതിന്റെ ഉത്തമ ഉദാഹരണമായി കാണാവുന്നതാണ്.
നാല്‍പ്പതിലേറെ ഭാഷകളിലേക്ക് ഇഷിഗുറോയുടെ രചനകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആഗോള പ്രശസ്തരായ എഴുത്തുകാരെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള മലയാളി വായനക്കാര്‍ക്കിടയിലും ഇദ്ദേഹത്തിന്റെ പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇഷിഗുറോയുടെ ദ റിമൈന്‍ഡ്‌സ് ഓഫ് ദ ഡെ എന്ന പുസ്തകം ‘ഒടുവില്‍ അവശേഷിപ്പിച്ചത്’ എന്നശീര്‍ഷകത്തിലാണ് മലയാളത്തിലേക്ക് തര്‍ജ്ജമചെയ്തത്. യുവ എഴുത്തുകാരി ലൈലാ സെന്‍ ആണ് ഈ ദൗത്യം നിര്‍വഹിച്ചിട്ടുള്ളത്. മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവരും എന്നാല്‍, ചരിത്രത്തില്‍ വ്യക്തമായ മുദ്ര പതിപ്പിച്ചവരുമായ നിരവധി സാഹിത്യകാരന്മാര്‍ ലോകത്തുണ്ട്. അവരെയൊക്കെ തിരഞ്ഞുപിടിച്ച് അര്‍ഹതക്കുള്ള അംഗീകാരം നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്വീഡിഷ് അക്കാദമിയുടെ വ്യത്യസ്തമായ ഇത്തരം തീരുമാനമെങ്കില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 14ന് സാഹിത്യലോകത്തിന് മനസ്സറിഞ്ഞ് സന്തോഷിക്കാന്‍ വകയുണ്ടാകും.