ഇനി മത്സരിക്കാനില്ലെന്ന് ആനന്ദി ബെന്‍ പട്ടേല്‍

Posted on: October 10, 2017 11:50 pm | Last updated: October 10, 2017 at 11:50 pm
SHARE

അഹമ്മദാബാദ്: ഈ വര്‍ഷം നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ആനന്ദിബെന്‍ പട്ടേല്‍. ഇക്കാര്യം അറിയിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് അവര്‍ കത്തെഴുതി. നിലവിലെ എം എല്‍ എ എന്ന നിലയില്‍ ഘാത്‌ലോദിയ മണ്ഡലത്തില്‍ നിന്ന് ആനന്ദി ബെന്‍ പട്ടേല്‍ തന്നെ ജനവിധി തേടണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയരുന്നതിനിടെയാണ് അവര്‍ താത്പര്യമില്ലെന്ന് അറിയിച്ച് അമിത് ഷാക്ക് കത്തയച്ചത്.

പട്ടേല്‍ സമുദായ പ്രക്ഷോഭത്തില്‍ പ്രതിരോധം നഷ്ടപ്പെട്ട ബി ജെ പി മുഖം രക്ഷിക്കുന്നതിന് വേണ്ടിയാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ആനന്ദി ബെന്നിനെ തല്‍സ്ഥാനത്ത് നിന്ന് രാജിവെപ്പിച്ചത്. സംസ്ഥാന രാഷ്ട്രീയം വിട്ട് പ്രധാനമന്ത്രി പദത്തിലേക്ക് നരേന്ദ്ര മോദി ചുവടുമാറിയപ്പോഴാണ്, അദ്ദേഹത്തിന് ഏറെ വിശ്വാസമുണ്ടായിരുന്ന ആനന്ദി ബെന്‍ പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. എന്നാല്‍, സംസ്ഥാനത്ത് അരങ്ങേറിയ പട്ടീദാര്‍ പ്രക്ഷോഭവും ഉനയില്‍ ദളിതര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും സംസ്ഥാന സര്‍ക്കാറിനെ വലിയ പ്രതിസന്ധിയിലാക്കി. ഇതില്‍ നിന്ന് മുഖം രക്ഷിക്കാന്‍ ആനന്ദിബെന്നിനെ ബലിയാടാക്കുകയായിരുന്നു ബി ജെ പി. 2016 ആഗസ്റ്റില്‍ അവര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.

വീണ്ടും തിരഞ്ഞെടുപ്പിലേക്കടുക്കുമ്പോള്‍, ആനന്ദിബെന്നിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഇക്കാര്യം സൂചിപ്പിച്ച് മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ പോസ്റ്റിടുകയും ചെയ്തു. ആനന്ദി ബെന്‍ പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം തീരുമാനമെടുക്കുമെന്ന് ബി ജെ പി സംസ്ഥാന വക്താവ് ഭരത് പാണ്ഡ്യ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here