Gulf
ജൈറ്റക്‌സ് സാങ്കേതിക വാരത്തിന് വന്‍ ജനപങ്കാളിത്തം

ദുബൈ: സ്മാര്‍ട് സാങ്കേതികവിദ്യകളുമായി 37-ാമത് ജൈറ്റക്‌സ് സാങ്കേതിക വാരത്തിന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ വന്‍ ജനത്തിരക്ക്. രണ്ടാം ദിവസമായ ഇന്നലെ രാവിലെ മുതല്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് വിപുലമായ സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു. വേള്‍ഡ് ട്രേഡ് മെട്രോ സ്റ്റേഷനില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് അധികൃതര്‍ വണ്‍വേ സംവിധാനത്തിലൂടെയാണ് യാത്രക്കാരെ കടത്തിവിട്ടത്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പ്, മറ്റ് അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും സാങ്കേതിക വാരത്തിന് സന്ദര്‍ശകര്‍ എത്തിയിരുന്നു.
92,903 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നടക്കുന്ന ജൈറ്റക്‌സില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 4,473 പ്രദര്‍ശനക്കാര്‍ പങ്കെടുക്കുന്നുണ്ട്. പുത്തന്‍ സാങ്കേതികവിദ്യയുടെയും നൂതന ആശയങ്ങളുടെയും സംഗമവേദിയായ പരിപാടിയില്‍ ജനജീവിതം കൂടുതല്‍ സുഗമമാക്കുന്ന പുതിയ സ്മാര്‍ട് സേവനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
പ്രവര്‍ത്തന ദിവസമായിട്ടും ഇന്നലെ അനുഭവപ്പെട്ട തിരക്ക് സംഘാടകരുടെ പോലും കണ്ണുകള്‍ക്കപ്പുറത്തായിരുന്നു. അടുത്ത ദിവസങ്ങളിലെ ജനത്തിരക്ക് മുന്നില്‍ കണ്ട് വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു.