Connect with us

Kerala

വേങ്ങരയില്‍ മുസ്ലീം ലീഗ് പണം കൊടുത്ത് വോട്ട് വാങ്ങുന്നുവെന്ന് എ.വിജയരാഘവന്‍

Published

|

Last Updated

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ മുസ്ലീം ലീഗ് പണം കൊടുത്ത് വോട്ട് വാങ്ങുന്നുവെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവന്‍. സ്വന്തം വോട്ട് നിലനിര്‍ത്താന്‍ പണം വിതരണംചെയ്യേണ്ട അവസ്ഥയാണ് ലീഗിനെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി. കുഴല്‍പ്പണം പിടിക്കപ്പെട്ടത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ കൈയില്‍നിന്നാണെന്നുംവിജയരാഘവന്‍ പറഞ്ഞു.

മലപ്പുറം വേങ്ങരയിലേക്ക് കൊണ്ടുവന്ന 79 ലക്ഷം രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്. വേങ്ങര സ്വദേശികളായ അബ്ദുറഹ്മാന്‍, സിദ്ദീഖ് എന്നിവരെ പൊലീസ് പിടികൂടി. വാഹനപരിശോധനക്കിടെ കുറ്റിപ്പുറത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. വേങ്ങരയിലേക്ക് കൊണ്ടു വരികയായിരുന്ന പണമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി കാര്‍ മാര്‍ഗ്ഗം പണം വേങ്ങരയിലെത്തിക്കാനാണ് പ്രതികള്‍ ലക്ഷ്യം വെച്ചിരുന്നത്. കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പൊലീസ് പണം പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് 79.46 ലക്ഷം രൂപയാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.