Connect with us

Articles

'യുക്തിക്കു നിരക്കാത്ത അനിവാര്യത'

Published

|

Last Updated

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച നവ സിദ്ധാന്തങ്ങള്‍ പരമ്പരയിലൂടെയാണ് പ്രമുഖ ചിന്തകനും നിരൂപകനും അധ്യാപകനുമായ പ്രൊഫ. വി സി ഹാരിസിനെ ആദ്യമായി പരിചയപ്പെടുന്നതും വായിക്കുന്നതും. തലശ്ശേരിയില്‍ നിന്നിറങ്ങിയ കെട്ടുകൊണ്ടും മട്ടുകൊണ്ടും ആകര്‍ഷണീയമായ സംവാദം മാസികയില്‍ വന്ന വി സി ഹാരിസിന്റെ ആത്മകഥാപരമായ കുറിപ്പുകള്‍ അദ്ദേഹത്തിന്റെ എഴുത്തുകളെയും ചിന്തകളെയും രൂപപ്പെടുത്തിയ വ്യക്തിപരവും സാമൂഹികവും ആയ പശ്ചാത്തലങ്ങള്‍ അടുത്തറിയാനും ഒപ്പം അവയെ കൂടുതല്‍ വ്യക്തതയുള്ള ഒരു പ്രതലത്തിലൂടെയും കാഴ്ചപ്പാടിലൂടെയും മനസ്സിലാക്കനും സഹായിച്ചു.

ആത്മകഥയുടെ ആദ്യ ഭാഗത്തില്‍ തന്നെ രൂപപ്പെടുത്തിയ അനുഭവ വികാസങ്ങള്‍ എണ്ണിയ കൂട്ടത്തില്‍ അദ്ദേഹം ആദ്യമേ എടുത്തുപറഞ്ഞ ഒരു കാര്യം തലശ്ശേരിയിലെ മുസ്‌ലിംകള്‍ക്കെതിരെ ആര്‍ എസ് എസ് നേതൃത്വത്തില്‍ നടന്ന കലാപവും നക്‌സലൈറ്റുകളുടെ മുന്‍കൈയില്‍ നടന്ന തലശ്ശേരി പോലീസ് സ്‌റ്റേഷന്‍ ആക്രമണവും ആയിരുന്നു. തലശ്ശേരിക്കടുത്ത മയ്യഴിയില്‍ ജനിച്ച, തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ഥിയൗവന കാലം ചെലവഴിച്ച ഒരാളെ സംബന്ധിച്ചിടത്തോളം ഈ രണ്ടു സംഭവങ്ങളുടെയും അനുരണനങ്ങളില്‍ നിന്ന് മാറി നില്‍ക്കുക അസാധ്യമായിരുന്നല്ലോ. ഹാരിസ് മാഷുടെ പില്‍ക്കാലത്തെ പല കുറിപ്പുകളും വായിച്ചപ്പോള്‍ ഈ രണ്ടു സംഭവങ്ങളും മനസ്സിലേക്ക് ഓടിയെത്തും. വളരെ കുറച്ചു മാത്രം എഴുതിയിട്ടുള്ള അദ്ദേഹം സംഘ്പരിവാര്‍ നേതൃത്വത്തില്‍ ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി തന്നെയെഴുതി. ആ ശക്തി അദ്ദേഹത്തിനു ലഭിച്ചത് തലശ്ശേരി കലാപത്തെ അടുത്തു നിന്ന് അനുഭവിക്കേണ്ടി വന്നതിന്റെ അന്ധാളിപ്പില്‍ നിന്നു തന്നെ ആയിരിക്കണം. അദ്ദേഹം തന്റെ ജീവിതകാലത്ത് ഏറ്റവും ഒടുവില്‍ ഇടപെട്ട സാമൂഹിക പ്രശ്‌നം ഡോ. ഹാദിയ തന്റെ ഇസ്‌ലാമിലേക്കുള്ള മതം മാറ്റത്തിനു ശേഷം അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ ആയിരുന്നുവെന്നത് ഒട്ടും യാദൃശ്ചികമല്ല എന്നു വേണം മനസ്സിലാക്കാന്‍. മറ്റൊരര്‍ഥത്തില്‍ തലശ്ശേരി കലാപം മുതല്‍ ഹാദിയ കേസ് വരെ നീണ്ടു നില്‍ക്കുന്നതായിരുന്നു ഹാരിസ് മാഷുടെ രാഷ്ട്രീയ ജീവിതം എന്നു പറയാം.
വി സി ഹാരിസ് എന്ന ചിന്തകനെ മലയാളി മുഖ്യധാര കൂടുതലായി അറിയുന്നത് നവ ഭാഷാസാഹിത്യസാംസ്‌കാരിക ചിന്തകള്‍ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ ആള്‍ എന്ന നിലയിലാണ്. പുറത്തുനിന്നുള്ള ആ ചിന്തകളെ നമ്മുടെ പ്രദേശത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക സന്നിഗ്ധതകളെ മനസ്സിലാക്കാന്‍ സ്വയം ഉപയോഗിക്കുകയും മറ്റുള്ളവരെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. മറ്റുള്ള ചിന്തകരെ അപേക്ഷിച്ച് വളരെ കുറച്ചു മാത്രമേ അദ്ദേഹം എഴുതിയിട്ടുള്ളൂ. അതേ സമയം അദ്ദേഹം മറ്റുള്ളവര്‍ക്ക് കാര്യങ്ങളെ മനസ്സിലാക്കിയെടുക്കാനുള്ള ഉള്‍ക്കാഴ്ച രൂപപ്പെടുത്തിക്കൊടുക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. അതുകൊണ്ടു തന്നെ മികച്ച വിദ്യാര്‍ഥികള്‍ ഹാരിസ് മാഷിനുണ്ടായി. സ്വന്തമായി അധികം എഴുതിയില്ല എന്നത് തന്നെയായിരുന്നു ആ അര്‍ഥത്തില്‍ അദ്ദേഹത്തിന്റെ കരുത്തും കൈമുതലും.

വടക്കേ മലബാറിലെ മുസ്‌ലിം സാമൂഹികാന്തരീക്ഷത്തില്‍ ജീവിച്ചു വളര്‍ന്ന ഒരാള്‍ എന്ന നിലയില്‍ ഹാരിഷ് മാഷുടെ ചിന്തകളിലും എഴുത്തുകളിലും മുസ്‌ലിം എങ്ങനെയാണ് കടന്നുവന്നത്? മുസ്‌ലിം സമുദായം എന്നു പറയുമ്പോഴേക്കും “മുത്വലാഖ്” എന്നു പറഞ്ഞു അദ്ദേഹം എഴുന്നേറ്റു നിന്നില്ല എന്നത് തന്നെയായിരുന്നു ജൈവികമായ ആ ബന്ധത്തിന്റെ രസതന്ത്രം. അതുകൊണ്ടു തന്നെ മുസ്‌ലിം പേരുള്ള മറ്റു പല അക്കാദമിക്കുകളെയും മലയാളി മുഖ്യധാരക്ക് പ്രിയങ്കരരാക്കിയ കാരണങ്ങള്‍ ഹാരിസിനെ ഇഷ്ടപ്പെട്ട വിഭവമാക്കിയില്ല. കാരണം മലയാളി മുഖ്യധാരയുടെ ജനകീയതയുടെ ചതിക്കുഴി മനസ്സിലാക്കാനുള്ള രാഷ്ട്രീയ ജാഗ്രത അദ്ദേഹത്തിനുണ്ടായിരുന്നു. മലബാറില്‍ നിന്നുള്ള മറ്റു പല മുഖ്യധാരാ മുസ്‌ലിം സാംസ്‌കാരിക അധ്യാപകചിന്തകരില്‍ നിന്നും വ്യത്യസ്തമായി മുസ്‌ലിം ചോദ്യങ്ങള്‍ അദ്ദേഹത്തിന്റെ ആലോചനകളിലേക്കു വന്ന വഴി തന്നെ വ്യത്യസ്തമായിരുന്നു.

ജ്ഞാനശാസ്ത്രപരമായ ഒരു ജിജ്ഞാസയാണ് മറ്റേതു കാര്യത്തില്‍ എന്ന പോലെ മുസ്‌ലിം ചോദ്യങ്ങളിലും അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ മറ്റു പലരെയും പോലെ മുസ്‌ലിം സ്ത്രീ എന്നോ പര്‍ദ എന്നോ കേള്‍ക്കുമ്പോഴേക്കും അദ്ദേഹം ഉറഞ്ഞുതുള്ളിയില്ല. “മുസ്‌ലിം പ്രശ്‌നങ്ങളെ” തന്റെ ജനകീയതയെ വിപുലപ്പെടുത്താനുള്ള അവസരമായി അദ്ദേഹം മനസ്സിലാക്കിയില്ല. പകരം മുസ്‌ലിംകള്‍ എങ്ങനെയാണ് ആധുനികതയുടെ കാലത്ത് ഒരു പ്രശ്‌നമായിത്തീരുന്നത് എന്നതിലായിരുന്നു അദ്ദേഹത്തിന്റെ ഒരു പ്രധാന ശ്രദ്ധ. ആ ചോദ്യത്തിനു പക്ഷേ മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്. അതദ്ദേഹത്തെ നിരാശപ്പെടുത്താന്‍ പോന്ന ഒരു കാരണമേ അല്ലായിരുന്നു. കാരണം ആ തണുപ്പന്‍ പ്രതികരണത്തിന്റെ തത്വ ശാസ്ത്രം എവിടെ കിടക്കുന്നു എന്നു മനസ്സിലാക്കാനുള്ള ശക്തിയും ആത്മവിശ്വാസവും അദ്ദേഹത്തിനും അദ്ദേഹം പരിശീലിപ്പിച്ച വിദ്യാര്‍ഥികള്‍ക്കും ഉണ്ടായിരുന്നു. അദ്ദേഹം സൂപ്പര്‍വൈസ് ചെയ്ത മികച്ച ഗവേഷണ പ്രബന്ധങ്ങളില്‍ ഒന്നു കേരളത്തിലെ മുസ്‌ലിം സ്ത്രീ ചോദ്യങ്ങളെ ആളുകള്‍ സമീപിക്കുന്ന രീതികളെ ക്രിയാത്മകമായും വിമര്‍ശനാത്മകമായും മനസ്സിലാക്കാന്‍ സഹായിക്കുന്ന പഠനമായിരുന്നു. അത്തരത്തില്‍, സൗമ്യമായി അതിലേറെ സജീവമായി മൗലികതയുള്ള ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അദ്ദേഹം തന്റെ വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചു. വി സി ഹാരിസ് തന്നെ ഒരിക്കല്‍ പറഞ്ഞതുപോലെ “മതേതരത്വത്തിന്റെ സമകാലിക വ്യാഖ്യാനവിശേഷങ്ങളെ പുനര്‍വിചിന്തനം ചെയ്യുക എന്ന ചുമതല അങ്ങേയറ്റം ദുഷ്‌കരവും തെറ്റിധാരണാ ജനകവുമായ” ഒരു കാലത്ത് ഇങ്ങനെ മൗലികമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ അസാമാന്യമായ ബോധ്യവും ആത്മവിശ്വാസവും ആവശ്യമായിരുന്നു. അതദ്ദേഹത്തിനു വേണ്ടുവോളം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ മലയാളികളുടെ സാമാന്യ ബോധത്തെ തൃപ്തിപ്പെടുത്തുന്ന ചോദ്യങ്ങള്‍ ചോദിക്കുകയോ നിലപാടുകള്‍ എടുക്കുകയോ ചെയ്യേണ്ട ആവശ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല.

തന്റെ ആത്മകഥാപരമായ കുറിപ്പുകള്‍ അദ്ദേഹം എഴുതി തുടങ്ങിയതു തന്നെ “ജിജ്ഞാസ നിറഞ്ഞ ഒരു ലോകത്തെയാണ് ഞാന്‍ സ്വപ്‌നം കാണുന്നത്” എന്ന മിഷേല്‍ ഫൂക്കോയുടെ ഉദ്ധരണിയോടെ ആയിരുന്നു. ആ ജിജ്ഞാസയുടെ ആനന്ദമായിരുന്നു അദ്ദേഹത്തിന്റെ ബൗദ്ധികാന്വേഷണങ്ങളെ നയിച്ചത്. മലബാറില്‍ ജനിച്ചുവളരുകയും തിരുവിതാംകൂറില്‍ പഠനം നടത്തുകയും മധ്യതിരുവിതാംകൂറില്‍ ജോലി ചെയ്യുകയും ചെയ്തതിന്റെ പ്രതിഫലനം ഹാരിസ് മാഷില്‍ ഉണ്ടായി എന്നു വേണം കരുതാന്‍. അടുത്തുനില്‍ക്കുമ്പോഴും മാറി നിന്നു ചോദ്യങ്ങള്‍ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇങ്ങനെ രൂപപ്പെട്ടതായിരിക്കുമോ?

കാര്യങ്ങളെ യുക്തിസഹമായി വിലയിരുത്തുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ രീതി. യുക്തിക്കു നിരക്കാത്ത ചില അനിവാര്യതകളും ആകസ്മികതകളും അനുഭവങ്ങളും ഉണ്ടാകാം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ “ഇത്തരം ആകസ്മികതകളെ സാധ്യമാക്കുകയും നിര്‍ണയിക്കുകയും അങ്ങനെയങ്ങനെ പ്രശ്‌നവത്കരിക്കുകയും ചെയ്യുന്ന ചരിത്രത്തിന്റെ അനുഭവആഖ്യാന മുഹൂര്‍ത്തങ്ങളുണ്ട്” എന്നും ഇങ്ങനെ ആകസ്മികത/ചരിത്രപരത എന്നീ വിപരീത ദ്വന്തത്തിന്റെ ഇളകിയാട്ടത്തിലൂടെ വേണം” ഈ ലോകത്ത് നാം ആയിത്തീരേണ്ടത് എന്നും ഹാരിസ് വിശ്വസിച്ചു. അങ്ങനെയൊരു ആകസ്മിക സന്ദര്‍ഭത്തിലാണ് അദ്ദേഹത്തിന്റെ മരണവും. “മരിക്കുന്നതുവരെയും ഒരു ഭൂമിശാസ്ത്രവും നിലനില്‍ക്കുന്നില്ല” എന്ന ഉദ്ധരണിയോടെയാണ് ആത്മകഥയുടെ രണ്ടാം ഭാഗം അദ്ദേഹം എഴുതിത്തുടങ്ങിയത്. മരണത്തിനു ശേഷം മാത്രം രൂപപ്പെടുമെന്നു പ്രതീക്ഷിച്ച ആ ഭൂമിലോകത്ത് ആനന്ദത്തോടെ ജീവിക്കാന്‍ അദ്ദേഹത്തിനു കഴിയട്ടെ.

Latest