സമാധാനം സംരക്ഷിക്കുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കാമെന്ന് ചൈന

Posted on: October 9, 2017 7:33 pm | Last updated: October 10, 2017 at 10:41 am

ബീജിംഗ്: അരുണാചല്‍പ്രദേശ്, സിക്കിം അതിര്‍ത്തിയിലേക്ക് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയ യാത്ര ലക്ഷ്യം കണ്ടു. അതിര്‍ത്തിയില്‍ സമാധാനം സംരക്ഷിക്കുന്നതിന് യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാണെന്ന് ചൈന പ്രതികരിച്ചു. ഇന്ത്യന്‍ പ്രതിരോധമന്ത്രി നാഥുലാ അതിര്‍ത്തി സന്ദര്‍ശിപ്പോള്‍ തങ്ങളുടെ സൈനികര്‍ മാന്യമായി പെരുമാറിയത് അതിന്റെ തെളിവാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍യിംഗ് പ്രതികരിച്ചു. മന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിക്കിമിലെ നാഥുല അതിര്‍ത്തിയില്‍ വച്ച് ചൈനീസ് സൈനികരുമായി സംസാരിക്കുന്ന വീഡിയോ മന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചൈനീസ് സൈനികരുടെ മുന്നില്‍ കൈകൂപ്പി നമസ്‌തേ പറയുന്ന ദൃശ്യങ്ങള്‍ക്ക് ചൈനയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ന് ചൈനയിലിറങ്ങിയ മിക്ക പത്രങ്ങളും വലിയ പ്രാധാന്യത്തോടെയാണ് മന്ത്രിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ പ്രതിരോധമന്ത്രി ചൈനീസ് സൈനികരുമായി സൗഹൃദത്തിന്റെ പുതിയ വാതിലുകള്‍ തുറന്നെന്ന് ഒരു ചൈനീസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനീസ് സാമൂഹിക മാദ്ധ്യമങ്ങളിലും നിര്‍മലാ സീതാരാമന്റെ സന്ദര്‍ശനത്തിനെ പ്രകീര്‍ത്തിക്കുന്നവര്‍ ഏറെയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പഴയ ബന്ധം പുനസ്ഥാപിക്കാന്‍ മന്ത്രിയുടെ സന്ദര്‍ശനത്തിന് കഴിയുമെന്ന് ഒരാള്‍ പ്രത്യാശ പ്രകടിപ്പിച്ചു.