കേരളത്തിന് പ്രകീര്‍ത്തനം; ജനരക്ഷാ മാര്‍ച്ച് പൊളിച്ചടുക്കി രാഷ്ട്രപതി

Posted on: October 9, 2017 9:06 am | Last updated: October 9, 2017 at 12:14 pm

കൊച്ചി: ജനരക്ഷാ യാത്ര പുരോഗമിക്കുന്നതിനിടെ കേരളത്തെ വാനോളം പുകഴ്ത്തിയുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസ്താവന ബി ജെ പിക്ക് തലവേദനയാകുന്നു. സി പി എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് ബി ജെ പിയുടെ ജനരക്ഷാ മാര്‍ച്ച് ആറാം ദിനത്തില്‍ കടന്നതിനിടെയാണ് ബി ജെ പി സംസ്ഥാന ഘടകത്തിന് ശക്തമായ തിരിച്ചടിയായി രാഷ്ട്രപതി കേരളത്തിലെ മതസൗഹാര്‍ദത്തെയും പരസ്പര സഹവര്‍ത്തിത്വത്തെയും കരുനാഗപ്പള്ളിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ പ്രകീര്‍ത്തിച്ചത്. ജനരക്ഷാ മാര്‍ച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലെത്തിയാല്‍ സംബന്ധിക്കുമെന്ന് ഉറപ്പ് നല്‍കിയ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ നീരസം മാറുന്നതിന് മുമ്പാണ് രാഷ്ട്രപതിയും ബി ജെ പി സംസ്ഥാന ഘടകത്തിന് പണി കൊടുത്തത്.
രാഷ്ട്രപതിയായി അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനത്തില്‍ തന്നെയാണ് രാംനാഥ് കോവിന്ദ് ബി ജെ പിയെ പ്രതിരോധത്തിലാക്കി പ്രസ്താവന നടത്തിയത്. കേരളം സാസ്‌കാരിക സമ്പന്നതയുടെ നാടാണെന്ന് പറഞ്ഞ രാഷ്ട്രപതി, മതസൗഹാര്‍ദത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന് മറ്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെടാനും മറന്നില്ല. ബി ജെ പിയുടെ മുന്‍ വക്താവും ദളിത് മോര്‍ച്ച നേതാവുമായ രാം നാഥ് കോവിന്ദ് ആര്‍ എസ് എസിന് വേണ്ടപ്പെട്ട സംഘ് പശ്ചാത്തലമുള്ളയാള്‍ കൂടിയാണ്.

അതേസമയം, ജനരക്ഷാ മാര്‍ച്ചിന് മാസങ്ങള്‍ക്ക് മുമ്പേ ഒരുക്കങ്ങള്‍ നടത്തിയിട്ടും തന്ത്രങ്ങളെല്ലാം വിഫലമായതില്‍ പ്രതിഷേധിച്ചാണ് അമിത്ഷാ യാത്രയില്‍ നിന്ന് വിട്ടുനിന്നതെന്ന് പാര്‍ട്ടിക്കകത്ത് ശ്രുതിയുയര്‍ന്നിട്ടുണ്ട്. എന്നാല്‍ കേരളത്തിന്റെ മതനിരപേക്ഷ മനസ്സില്‍ ബി ജെ പിക്ക് വേരുറപ്പിക്കാനാകില്ലെന്ന പാഠം നേരില്‍ ബോധ്യപ്പെട്ടതിനാലാണ് അമിത്ഷാ മാര്‍ച്ചില്‍ നിന്ന് പിന്മാറിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇതിനിടയില്‍ എങ്ങനെയെങ്കിലും യാത്ര തിരുവനന്തപുരത്തെത്തിക്കാനുള്ള കുമ്മനത്തിന്റെ വ്യഗ്രതക്കിടയിലാണ് രാഷ്ട്രപതി കേരളത്തിലെത്തി സംസ്ഥാന സര്‍ക്കാറിന് ക്ലീന്‍ചിറ്റും നല്‍കിയത്.