അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളക്കാരുമായി സംസാരിച്ച് നിര്‍മലാ സീതാരാമന്‍

Posted on: October 9, 2017 12:30 am | Last updated: October 9, 2017 at 12:09 am

ന്യൂഡല്‍ഹി: നാഥുലാ മേഖല സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ സൈനികരുമായും ഇന്തോ- ടിബറ്റന്‍ അതിര്‍ത്തി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
എന്നാല്‍ ദോക്‌ലാമില്‍ നടത്താനിരുന്ന ആകാശവീക്ഷണവും സിക്കീമിലെ അതിര്‍ത്തി മുന്നണി പോസ്റ്റുകള്‍ സന്ദര്‍ശിക്കാനുമുള്ള നീക്കം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചു. ഗാംഗ്‌ടോക്കില്‍ നിന്ന് 52 കിലോമീറ്റര്‍ അകലെയുള്ള നാഥുലായിലേക്ക് റോഡ് മാര്‍ഗം എത്തിയ നിര്‍മലാ സീതാരാമന്‍ അതിര്‍ത്തി വരെ നടന്ന് കയറി ചൈനീസ് സൈറ്റില്‍ പോസ്റ്റു ചെയ്തിട്ടുള്ള സൈനികരുമായി ആശയവിനിമയം നടത്തിയാണ് മടങ്ങിയത്. ചൈനാ- ഇന്ത്യാ അതിര്‍ത്തിയിലെ സിക്കീം സെക്ടറിലെ സുരക്ഷാ സംവിധാനങ്ങള്‍ ഈസ്റ്റേണ്‍ കമാന്‍ഡന്റ് മേധാവി ലഫ്റ്റനന്റ് ജനറല്‍ അഭയ് കൃഷ്ണ മന്ത്രിക്ക് മുന്നില്‍ വിശദീകരിച്ചു. കരസേനാ ഉപമോധാവി ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ്രയും സന്നിഹിതനായിരുന്നു.

ദോക്‌ലാമില്‍ ഇന്ത്യയും ചൈനയും മുഖാമുഖം നിലയുറപ്പിക്കുകയും സംഘര്‍ഷ സാധ്യതയുയരുകയും ചെയ്ത 70 ദിവസങ്ങള്‍ പിന്നിട്ട് സമവായത്തില്‍ എത്തിച്ചേര്‍ന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതിരോധ മന്ത്രി നാഥുലായില്‍ എത്തിയത്.
ചൈനീസ് പട്ടാളക്കാരുമായി നിര്‍മലാ സീതാരാമന്‍ സംസാരിച്ചത് ഏറെ കൗതുകമുണര്‍ത്തി. സൈനികരോട് മന്ത്രി നമസ്‌തേ പറയുന്നതും തിരച്ച് അഭിവാദ്യം ചെയ്യുന്നതും കാണിക്കുന്ന വീഡിയോ മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
വീഡിയോയുടെ തുടക്കത്തില്‍ ചൈനീസ് ഓഫീസര്‍ തന്റെ സഹപ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്നു. അവരുടെ ചുമതലകള്‍ വിശദീകരിച്ച് സീതാരാമനുമായി സംസാരിക്കുന്നുണ്ട്. ഇടക്കിടെ, പ്രതിരോധമന്ത്രി ഉദ്യോഗസ്ഥരുടെ സഹപ്രവര്‍ത്തകരെ ‘നമസ്‌തേ’ എന്ന് അഭിവാദ്യം ചെയ്യുന്നുമുണ്ട്. എന്നാല്‍ മന്ത്രിയുടെ നമസ്‌തേ പ്രയോഗത്തില്‍ ആശയക്കുഴപ്പം പ്രകടിപ്പിച്ച ഉദ്യോഗസ്ഥരോട് ‘എന്താണീ നമസ്‌തേയുടെ അര്‍ഥമെന്ന് അറിയാമോ?’ എന്ന് മന്ത്രി ചോദിച്ചു. തുടര്‍ന്ന് ചൈനീസ് ഉദ്യോഗസ്ഥന്‍ നമസ്‌തേയുടെ ചൈനീസ് വാക്ക് പ്രയോഗിച്ചു. നി ഹാവോ.