ബംഗ്ലാദേശില്‍ പണിയുന്ന കൂറ്റന്‍ അഭയാര്‍ഥി ക്യാമ്പ് അപകടകരമെന്ന് യു എന്‍

Posted on: October 9, 2017 6:53 am | Last updated: October 8, 2017 at 10:55 pm

കോക്‌സ് ബസാര്‍: എട്ട് ലക്ഷത്തിലധികം റോഹിംഗ്യന്‍ മുസ്‌ലിംകളെ ഉള്‍ക്കൊള്ളാവുന്നതും ലോകത്തിലെ തന്നെ ഏറ്റവും വലുതുമായ അഭയാര്‍ഥി ക്യാമ്പ് നിര്‍മിക്കാനുള്ള ബംഗ്ലാദേശിന്റെ പദ്ധതി അപകടകരമെന്ന് യു എന്നിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരത്തില്‍ ജനനിബിഡമായ ക്യാമ്പുകളിലൂടെ മാരക രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഏറെയാണെന്നും ഇദ്ദേഹം പറഞ്ഞു.

മ്യാന്‍മറിലെ റാഖിനെ സംസ്ഥാനത്ത് മ്യാന്‍മര്‍ സൈന്യം നടത്തുന്ന അതിക്രമത്തെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്ത് മുതല്‍ ഇതുവരെ അഞ്ച് ലക്ഷത്തിലധികം റോഹിംഗ്യന്‍ മുസ്‌ലിം അഭയാര്‍ഥികള്‍ രാജ്യത്തെത്തിയിട്ടുണ്ട്. അഭയാര്‍ഥി ക്യാമ്പുകള്‍ ഇപ്പോള്‍ത്തന്നെ അടിസ്ഥാന സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുകയാണ്. ഇതിനിടെയാണ് അതിര്‍ത്തി പട്ടണമായ കോക്‌സ് ബസാറിന് സമീപത്തെ കുതുപലോങില്‍ മുഴുവന്‍ അഭയാര്‍ഥികളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധം ക്യാമ്പുകള്‍ വിപുലമാക്കാന്‍ ബംഗ്ലാദേശ് അധിക്യതര്‍ പദ്ധതിയിടുന്നത്. കൂടുതല്‍ ക്യാമ്പുകള്‍ നിര്‍മിക്കാന്‍ രാജ്യം പുതിയ സ്ഥലങ്ങള്‍ കണ്ടെത്തണമെന്ന് ധാക്കയിലെ യു എന്‍ റസിഡന്റ് കോ ഓഡിനേറ്ററായ റോബര്‍ട് വാറ്റ്കിന്‍സ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
തൊട്ടടുത്തായി കൂടുതല്‍ ക്യാമ്പുകള്‍ പണിയുന്നത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന്പിടിക്കുന്നതിനൊപ്പം ക്യാമ്പുകളില്‍ തീപ്പിടുത്തത്തിനുള്ള സാധ്യതയുമേറുമെന്നും ഇദ്ദേഹം പറഞ്ഞു. ദിനംപ്രതി 4,000ത്തിനും 5000ത്തിനും ഇടയില്‍ റോഹിംഗ്യകള്‍ രാജ്യത്തേക്ക് കടക്കുന്നുണ്ടെന്നും 10000 പേര്‍ അതിര്‍ത്തി കടന്നെത്താന്‍ കാത്തിരിക്കുകയാണെന്നും ബംഗ്ലാദേശ് ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.