Connect with us

Editorial

സമാധാനിക്കാവുന്ന നൊബേല്‍

Published

|

Last Updated

ഈ വര്‍ഷത്തെ സമാധാന നൊബേല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ ക്യാമ്പയിന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പന്‍ (ഐ സി എ എന്‍ -ഐ കാന്‍) എന്ന രാജ്യാന്തര സംഘടനക്കാണ്. ലോകത്തിന്റെ ആണവ ഭീതിയുടെയും ഇനിയൊരു യുദ്ധമുണ്ടായാല്‍ സര്‍വനാശമായിരിക്കും ഫലമെന്ന തിരിച്ചറിവിന്റെയും പ്രതിഫലനമായി ഈ പുരസ്‌കാര ലബ്ധിയെ കാണാവുന്നതാണ്. ഒപ്പം ഉത്തര കൊറിയ- അമേരിക്ക വടം വലിയെയും അത് സൂചിപ്പിക്കുന്നു. 2007ല്‍ വിയന്നയില്‍ രൂപവത്കരിച്ച ഐ കാന്‍ നൂറിലേറെ രാജ്യങ്ങളിലെ 468 സര്‍ക്കാറിതര സംഘടനകളുടെ കൂട്ടായ്മയാണ്. ആണവായുധങ്ങളുടെ ഉപയോഗം തടയാന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതില്‍ ഒരു ദശകമായി സംഘടന പ്രവര്‍ത്തിക്കുന്നു. ആണവ ഭീഷണി ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ നിലയിലാണെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ചില രാജ്യങ്ങള്‍ ആണവായുധങ്ങള്‍ ആധുനീകരിക്കുന്നതും കൂടുതല്‍ രാജ്യങ്ങള്‍ ആണവ ശക്തിയായി മാറുന്നതും കടുത്ത ഭീഷണിയാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.

2017 ജൂലൈ ഏഴിന് 122 രാജ്യങ്ങള്‍ ഒപ്പുവെച്ച ആണവ നിരോധന ഉടമ്പടി യാഥാര്‍ഥ്യമാക്കുന്നതില്‍ ഐ കാന്‍ നിര്‍ണായക പങ്കുവഹിച്ചു. പക്ഷേ ലോകത്തെ വലിയ ആണവ ശക്തികളായ ഒമ്പത് രാജ്യങ്ങള്‍ ഈ ഉടമ്പടി ഒപ്പുവെച്ചിട്ടില്ല എന്നതിനാലും ഈ ഉടമ്പടി പാലിക്കാന്‍ നിയമപരമായ ബാധ്യത ഒപ്പുവെച്ചവര്‍ക്കില്ല എന്നതിനാലും ഇത് അവബോധനിര്‍മിതിയുടെ ദൗത്യം മാത്രമേ നിര്‍വഹിക്കുന്നുള്ളൂ. മാനവരാശിയെ മുഴുവന്‍ ചാരമാക്കി കളയാന്‍ ശേഷിയുള്ള ആണവ ആയുധങ്ങളുമായി കുറേ രാജ്യങ്ങള്‍ മാടമ്പിമാരായി കഴിയുമ്പോള്‍ ഈ പ്രതീകാത്മക ഉടമ്പടി പോലും ആശ്വാസജനകമാണ്.
യു എന്‍ മുന്നോട്ട് വെക്കുന്നത് ന്യൂക്ലിയര്‍ പ്രോലിഫറേഷന്‍ ആണ്- ആണവ നിര്‍വ്യാപനം. ആണവായുധങ്ങള്‍ വ്യാപിക്കുന്നത് തടഞ്ഞാല്‍ മതി. ഇപ്പോഴുള്ളത് നശിപ്പിക്കേണ്ടതില്ല എന്നതാണ് യു എന്നിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന നയം. ഇത് വന്‍ ശക്തികള്‍ക്ക് വേണ്ടി യു എന്‍ വളയുന്നതിന്റെ വ്യക്തമായ തെളിവാണ്. ഇനിയൊരു രാജ്യം ആണവായുധം ആര്‍ജിക്കരുത്; ഇപ്പോഴുള്ളത് അങ്ങനെ തന്നെ നില്‍ക്കട്ടേയെന്നത് എത്ര വശംചരിഞ്ഞ നയമാണ്. യു എന്നിന്റെ ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യയും ഇസ്‌റാഈലുമടക്കം ലോകത്തെ വലിയ ആണവ ശക്തികളൊന്നും ഒപ്പുവെച്ചിട്ടില്ലെന്ന് കൂടി ഓര്‍ക്കണം.

ഈ നയത്തെയാണ് യഥാര്‍ഥത്തില്‍ ഐ കാന്‍ വെല്ലുവിളിക്കുന്നത്. ആണവ നിര്‍വ്യാപനമല്ല, നിരോധനം തന്നെയാണ് വേണ്ടതെന്ന് ഐ കാന്‍ വാദിക്കുന്നു. ആ അര്‍ഥത്തില്‍ ഇത്തവണത്തെ സമാധാന നൊബേല്‍ പതിവിന് വിപരീതമായി അര്‍ഥവത്താണ്.
സമാധാന നൊബേല്‍ എക്കാലത്തും അതിന്റെ രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് ചര്‍ച്ചാ വിഷയമാകാറുണ്ട്. അര്‍ഹര്‍ തഴയപ്പെടുകയും അനര്‍ഹര്‍ സമ്മാനിതരാകുകയും ചെയ്യുന്നതാണ് ഒരു പ്രശ്‌നം. നിക്ഷിപ്ത താത്പര്യങ്ങള്‍ പുരസ്‌കാര നിര്‍ണയത്തില്‍ കടന്ന് കൂടുകയും ചെയ്യുന്നു. മഹാത്മാ ഗാന്ധിക്ക് കിട്ടാത്തതും വിയറ്റ്‌നാമിന്റെ പേരില്‍ യു എസ് വിദേശകാര്യ സെക്രട്ടറി ഹെന്റി കിസിഞ്ചര്‍ക്ക് കിട്ടിയതുമായ സമാധാന നൊബേല്‍ അതിന്റെ പ്രതിനിധാനങ്ങള്‍ കൊണ്ടാണ് വിമര്‍ശനങ്ങള്‍ക്കും പുകഴ്ത്തലുകള്‍ക്കും വഴിവെക്കാറുള്ളത്. താലിബാന്‍ ആക്രമണത്തിന് ഇരയായ, പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ നിന്നുള്ള ബാലിക മലാല യൂസുഫ്‌സായിക്ക് സമാധാന നൊബേല്‍ സമ്മാനിച്ചപ്പോള്‍ കൃത്യമായ തിരഞ്ഞെടുപ്പായി അത് ആഘോഷിക്കപ്പെട്ടു. എന്നാല്‍ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും അമേരിക്കന്‍ സൈന്യം നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളും അരുംകൊലകളും എന്ത്‌കൊണ്ട് മലാലയുടെ ഡയറിക്കുറിപ്പില്‍ ഇടം പിടിച്ചില്ലെന്ന ചോദ്യമുയര്‍ന്നു. റോഹിംഗ്യന്‍ മുസ്‌ലിംകളെ കൊന്നൊടുക്കുകയും ആട്ടിയോടിക്കുകയും ചെയ്യുന്ന ബൗദ്ധന്‍മാര്‍ക്കും സൈന്യത്തിനുമെതിരെ ചെറുവിരലനക്കാതെ ഭൂരിപക്ഷ ദാസ്യത്തില്‍ അമര്‍ന്നു പോയ മ്യാന്‍മര്‍ ഭരണ സാരഥി ആംഗ് സാന്‍ സൂകിയില്‍ നിന്ന് സമാധാന നൊബേല്‍ തിരിച്ചുവാങ്ങണമെന്നാണ് ലോകം മുഴുവന്‍ ആവശ്യപ്പെടുന്നത്. എന്നുവെച്ചാല്‍ സമാധാന നൊബേലിന്, എന്ത് വിവാദമുണ്ടായാലും, ഒരു നിലയും വിലയുമുണ്ട്. അത് എത്തിച്ചേരേണ്ടത് യഥാര്‍ഥ അര്‍ഹരുടെ കൈയിലാകണമെന്ന് ലോകം ആഗ്രഹിക്കുന്നു.

ശാസ്ത്രം, സാഹിത്യം തുടങ്ങി സര്‍വ മേഖലകളിലും പാശ്ചാത്യ ഉത്കൃഷ്ടതാ വാദത്തെ പരിപോഷിപ്പിക്കുന്നതായിരുന്നു നൊബേല്‍ പുരസ്‌കാരങ്ങള്‍. പൗരസ്ത്യ ആഫ്രിക്കന്‍ ലോകങ്ങളില്‍ ജീവിതമേയില്ലെന്ന തരത്തിലാണ് പ്രതിനിധാനങ്ങള്‍ നിറഞ്ഞത്. അമേരിക്കന്‍ ആധിപത്യം, മുതലാളിത്ത മൂല്യ ബോധത്തിനുള്ള പ്രചാരണം, ഇടതുപക്ഷ മൂല്യങ്ങളോടുള്ള കലഹം, കമ്യൂണിസ്റ്റുകളോടുള്ള തൊട്ടുകൂടായ്മ, ജൂത ലോബികളുടെ സ്വാധീനം തുടങ്ങിയ വിമര്‍ശങ്ങള്‍ക്ക് ന്യായമായും ഇടം നല്‍കുന്ന നിര്‍ണയങ്ങളാണ് ഉണ്ടായിട്ടുള്ളത്. താരതമ്യേന ആക്ഷേപരഹിതമെന്ന് തോന്നാവുന്ന ഇത്തവണത്തെ സമാധാന നൊബേല്‍ പോലും വായിക്കപ്പെടുന്നത് ഉത്തര കൊറിയക്കുള്ള താക്കീതായാണ്.