നാടുകാണിയിലെ കര്‍സേവകര്‍

Posted on: October 9, 2017 6:00 am | Last updated: October 8, 2017 at 10:33 pm

നാടുകാണി മഖാം തകര്‍ത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള മുസ്‌ലിം ജമാഅത്ത് പ്രതിനിധികളെ അറിയിച്ചിരിക്കുന്നു. കഴിഞ്ഞ മാസം 28ന് രാത്രിയാണ് മഖാം പിന്നെയും തകര്‍ക്കപ്പെട്ടത്. 2009 ല്‍ മഖാം പൊളിക്കാന്‍ ശ്രമിക്കവെ നാല് സലഫി/മുജാഹിദ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിരുന്നു. വണ്ടൂര്‍ സ്വദേശികളായ ചെട്ടിയാറമ്മല്‍ തണ്ട്പാറക്കല്‍ നൗഷാദ്, ചാത്തോലി ശമീര്‍നവാസ്, പള്ളിക്കുന്ന് തച്ചുപറമ്പന്‍ അബ്ദുശ്ശുകൂര്‍, പള്ളിക്കുന്ന് പൂക്കാട്ട് തൊടിക ഷാജിബാബു എന്നിവരായിരുന്നു പ്രതികള്‍. റിമാന്റിലായ പ്രതികളെ ജാമ്യത്തില്‍ വിട്ടെങ്കിലും കേസ് നിലവിലുണ്ട്. നാടിന്റെ സമാധാനം തകര്‍ക്കുകയും മതവിശ്വാസികളുടെ ആശ്വാസ കേന്ദ്രങ്ങള്‍ നിലംപരിശാക്കുകയും ചെയ്യുന്ന ഇത്തരം കര്‍സേവകര്‍ക്ക് ഊര്‍ജം ലഭിക്കുന്നത് എവിടെ നിന്നാണെന്ന് സര്‍ക്കാര്‍ അന്വേഷിക്കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ പാരമ്പര്യ പാതയില്‍ നിന്ന് മാറി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പുണ്യകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നവരെ ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്. അഹ്‌ലുസ്സുന്നയോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന അവര്‍ ഓരോ കാലങ്ങളില്‍ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഇവര്‍ നിരപ്പാക്കിയ പുണ്യകേന്ദ്രങ്ങളും കൊന്ന് കൂട്ടിയ മനുഷ്യരും തകര്‍ത്തെറിഞ്ഞ ഇസ്്‌ലാമിക ചിഹ്നങ്ങളും കുറച്ചൊന്നുമല്ല.
പ്രവാചകനെതിരെ തിരിഞ്ഞ് കൊണ്ടാണ് ഇവരുടെ അക്രമണത്തിന്റെ ആരംഭം തന്നെ. പ്രവാചകനെ നിസ്സാരപ്പെടുത്തിയായിരുന്നു തുടക്കം. കേരളത്തിലെ മുജാഹിദുകളടക്കം സലഫി ആശയക്കാര്‍ തങ്ങളുടെ ആചാര്യനായി കാണുന്നയാളുടെ പതിനാറാമത്തെ പിതാമഹനായ ദുല്‍ഖുവൈസ്വിറത്തിത്തമീമിയായിരുന്നു ആ തുടക്കക്കാരന്‍. ഇമാം ബുഖാരി ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് ഉദ്ധരിച്ചു: നബി (സ) ദുആചെയ്തു. അല്ലാഹുവേ, ഞങ്ങളുടെ ശാമിലും യമനിലും നീ അനുഗ്രഹം ചൊരിയേണമേ. നജ്ദ് വാസികള്‍ പറഞ്ഞു: ഞങ്ങളുടെ നജ്ദിന് വേണ്ടി പ്രാര്‍ഥിച്ചാലും. നബി(സ) നജ്ദിന് പ്രാര്‍ഥിക്കാന്‍ തയാറായില്ല. അവിടെ നിന്ന് പിശാചിന്റെ കൊമ്പ് ഉദയം ചെയ്യുമെന്നും കുഴപ്പങ്ങളും നാശങ്ങളും ഉണ്ടാകുമെന്നും പറയുകയും ചെയ്തു. ആ കിഴക്ക് ഭാഗത്താണ് മുസൈലിമത്തുല്‍ കദ്ദാബിന്റെ ഉദയം. അവിടെ നിന്ന് തന്നെയാണ് കേരളത്തിലെ മുജാഹിദുകളുടെ ആചാര്യന്റെ ഉദയവും. രണ്ട് പേരും ചരിത്രത്തിലെ കര്‍സേവകരാണ്. ഈ ആചാര്യന്റെ പിതാമഹനാണ് തിരുനബിയോട് നീതി ചെയ്യാന്‍ ആവശ്യപ്പെട്ട് തര്‍ക്കമുന്നയിച്ചത്. ഈ ദുല്‍ ഖുവൈസ്വിറത്ത് ഇസ്‌ലാമിന്റെ മുഖ്യധാരയോട് പുറം തിരിഞ്ഞ് നില്‍ക്കുന്നവരുടെ നേതാവാണ് എന്ന് തിരുനബി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അവസാനകാലത്തെ നാശങ്ങള്‍ വിവരിക്കുന്നിടത്ത് മുസൈലിമത്തിന്റെ നാട്ടില്‍ നിന്നാണ് ശക്തമായ നാശം ഉണ്ടാവുക എന്ന് പലഗ്രന്ഥങ്ങളും പരാമര്‍ശിക്കുന്നുണ്ട്.
സമുദായത്തിനുള്ളിലെ ഈ കര്‍സേവകരുടെ ആദ്യകാല പതിപ്പുകളായ ഖവാരിജുകള്‍ വലിയ ക്രൂരതകളാണ് മുസ്‌ലിംകളോട് കാണിച്ചത്. മഹാനായ അബ്ദുല്ലാഹിബ്‌നു ഖബ്ബാബിനേയും പൂര്‍ണഗര്‍ഭിണിയായ ഭാര്യയേയും നഹ്‌റുവാനില്‍ നിന്ന് ഖവാരിജുകള്‍ പിടികൂടി. ഒരു നദിക്കരികില്‍ മഹാനെ പിടിച്ച് ചെരിച്ച് കിടത്തി. മൃഗത്തെയെന്ന പോലെ കഴുത്ത് അറുത്ത് മുറിച്ചുമാറ്റി. ഭാര്യയെ പിടിച്ച് മലര്‍ത്തി കിടത്തി ഉന്തി നില്‍ക്കുന്ന വയറ്റില്‍ കത്തിയെടുത്ത് കുത്തി വലിച്ചു. ചോര പൈതലിനെ പുറത്തെടുത്ത് കത്തി മുനയില്‍ ഉയര്‍ത്തി കൊലപ്പെടുത്തി. അലി(റ) വിന്റെ ഭരണകാലത്തും ശേഷവുമായി നിരവധി അറുകൊലകള്‍ ഖവാരിജുകള്‍ നടത്തി. ഉമര്‍(റ)വിന്റെ സഹോദരനും നിഷ്ഠൂരമായി വധിക്കപ്പെട്ടവരില്‍ പെടും. ഖവാരിജിസത്തിന്റെ മുഴു രൂപമാണ് ഇവിടുത്തെ ഈ സലഫിസം. ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ പ്രത്യക്ഷപ്പെട്ട നശീകരണ പ്രസ്ഥാനങ്ങളില്‍ ഏറ്റവും നാശകരമാണ് വഹാബിസമെന്ന് സയ്യിദ് അഹ്്മദ് സൈനി ദഹ്‌ലാന്‍(വഫാത്ത് ഹി: 1304) അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ അല്ലാമാ സ്വാവി സൂറത്ത് ഫാത്വിറിലെ എട്ടാം സൂക്തം വിശദീകരിച്ച് കൊണ്ട് ഖവാരിജിസത്തെയും വഹാബിസത്തെയും പരിചയപ്പെടുത്തുന്നുണ്ട്. കൊല നടത്തുകയും മുസ്‌ലിംകളുടെ രക്തവും സമ്പത്തും കൊള്ളയടിക്കുകയും ഖുര്‍ആനും സുന്നത്തും ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്യുന്നവരാണ് ഇരു കൂട്ടരുമെന്നാണ് ഇമാം സ്വാവി പറയുന്നത്.
ഇവര്‍ നടത്തിയ അക്രമണ പടയോട്ടം ചരിത്രത്തില്‍ എമ്പാടും കാണാനാവും. വിശ്വാസികളുടെ രക്തം കുടിച്ച് തടിച്ച് കൊഴുത്ത പ്രസ്ഥാനം. ശാം, ഹല്‍ബ്, ഉല്‍ബാന്‍, ത്വാഇഫ്, മക്ക, മദീന തുടങ്ങി താണ്ഡവമാടാത്ത ഇടങ്ങളില്ല. ഹി: 1217ല്‍ ദുല്‍ ഖഅ്ദ് മാസത്തില്‍ മക്ക അക്രമിച്ച് ഈ അക്രമികള്‍ കാണിച്ച ഭീകരതകള്‍ ഇമാം സൈനി ദഹ്്‌ലാന്‍ തന്റെ ഖുലാസ്വത്തുല്‍ കലാമില്‍ ഉദ്ധരിക്കുന്നുണ്ട്. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) വിന്റെ മഖ്ബറ കുത്തിപ്പൊളിച്ചു. ബഹുദൈവത്വ കൂടാരങ്ങളെന്ന് പറഞ്ഞ് പള്ളികളും മദ്‌റസകളും പൊളിക്കാന്‍ ഉത്തരവിട്ടു. ത്വാഇഫില്‍ നടത്തിയ താണ്ഡവത്തില്‍ കുട്ടികളേയും വയോധികരെയുമടക്കം വെട്ടിക്കൊന്നു. ഉമ്മയുടെ മാറിലുള്ള കുഞ്ഞുങ്ങളെ വരെ അരിഞ്ഞുനുറുക്കി. സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഗ്വനീമത്തായി ഓഹരിയെടുത്തു. മക്കയിലെ ശാഫിഈ മുഫ്തി അബ്ദുല്ലാഹിസ്സ്വാവി, മക്കയിലെ ഖാസി അബ്ദുല്ലാഹി അബുല്‍ ഖൈര്‍, ത്വാഇഫിലെ ഖാസി ശൈഖ് സുലൈമാന്‍ മുറാദ് , എണ്‍പത് വയസ്സിലെത്തിയ സയ്യിദു യൂസുഫുസ്സ്വാവി, ശൈഖ് ഹസനു ശ്ശൈബി, ശൈഖ് ജഅ്ഫറു ശൈബി തുടങ്ങിയ നിരവധി പണ്ഡിതന്മാരെയാണ് അന്നവര്‍ കൊന്നുതള്ളിയത്.

മഹാനായ ഹുസൈന്‍(റ) വിന്റെ അന്ത്യവിശ്രമ കേന്ദ്രം കൊള്ളയടിച്ചതും കര്‍ബല പട്ടണം വളഞ്ഞ് ആക്രമണം നടത്തിയതും ഇ കെ മൗലവി എഡിറ്ററായ ‘നവീന നജ്ദിന്റെ ചരിത്ര’ത്തില്‍ കുറിക്കുന്നുണ്ട്.
ഈ ഹിംസയുടെ തുടര്‍ച്ചയാണ് ഇസില്‍ സംഘം നിര്‍വഹിച്ച് കൊണ്ടിരിക്കുന്നതും. സിറിയയിലും ഇറാഖിലുമായി അവര്‍ തച്ചുടച്ച സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കും പുണ്യകേന്ദ്രങ്ങള്‍ക്കും കണക്കില്ല. ഇറാഖില്‍ നീനവേയിലെ യൂനുസ് നബിയുടെ പള്ളിയും മഖ്ബറയും മുസ്വിലിയില്‍ അയ്യൂബ് നബിയുടെ പള്ളിയും ഇതില്‍ പെടും. ഇമാം നവവിയുടെ മഖ്ബറ തച്ചുതകര്‍ത്തത് ഈയിടെയാണ്. മക്ക കീഴടക്കിയ ശേഷം തിരുനബി ജനിച്ച വീട് പൊളിച്ചതും അബൂ ഖുബൈസ്, ദാറുല്‍ ഖൈസറാന്‍, ഹിറാഗുഹ എന്നിവിടങ്ങളില്‍ അക്രമണം നടത്തിയതും മുഅല്ലയിലെ ഖബറുകള്‍ അടിച്ച് തകര്‍ത്തതും ഖദീജ, അലി(റ) ജന്മഭവനങ്ങള്‍ നിലം പരിശാക്കിയതുമെല്ലാം അഹ്്മദ് സൈനി ദഹ്‌ലാന്‍ വിശദമായി എഴുതിയിട്ടുണ്ട്. ഹി:1222 ല്‍ മദീന കീഴടക്കുകയും നിരവധി മഖ്ബറകള്‍ തകര്‍ക്കുകയും ചെയ്തു. മദീനാ റൗളയെ തല്‍ക്കാലം അവര്‍ വെറുതെ വിട്ടെങ്കിലും അവിടെയുണ്ടായിരുന്ന അപൂര്‍വ ശേഖരങ്ങളെല്ലാം അവര്‍ കൊള്ളയടിച്ചു.
ഇത്തരം കിരാത ചരിത്രങ്ങളും ആശയങ്ങളുമാണ് കേരളത്തിലെ മുജാഹിദുകളെയും ആവേശം കൊള്ളിക്കുന്നത്. എടവണ്ണയിലെ മുഴുവന്‍ മുസ്‌ലിംകളും ജുമുഅക്ക് പങ്കെടുത്തിരുന്ന ജുമുഅത്ത് പള്ളിയുടെ ചെരുവില്‍ ഉണ്ടായിരുന്ന ജാറം പൊളിച്ച് മാറ്റാന്‍ തീരുമാനിച്ചതും ഒതായിയിലെ മോയിന്‍ കുട്ടി മൗലവിയുടെ ജുമുഅ ഖുത്വുബക്ക് ശേഷം ജാറം പൊളിച്ച് മാറ്റിയതും എടവണ്ണയിലെ മുജാഹിദുകള്‍ ആവേശപൂര്‍വം അനുസ്മരിച്ചിട്ടുണ്ട്.

ആദ്യമായി ജാറത്തില്‍ ആയുധം വെച്ചത് കല്ലുവെട്ടി ചേക്കു, അനിയന്‍ ഉമ്മര്‍, പി സി മുഹമ്മദ് ഹാജി എന്നിവരായിരുന്നുവത്രെ. സലഫിസത്തിന്റെ മറ്റൊരു വകഭേദമായ ജമാഅത്തെ ഇസ്‌ലാമിക്കാരും മോശമാക്കിയിട്ടില്ല. കുറ്റിയാടിയുടെ പരിവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്ന ജമാഅത്തെ ഇസ്‌ലാമിയും അവരുടെ കര്‍സേവയെ കുറിച്ച് അഹങ്കാരത്തോടെയാണ് കുറിച്ചത്. 1964-ല്‍ പള്ളിയുടെ റിപ്പയര്‍ നടത്തി കൊണ്ടിരിക്കെ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന ഔലിയാക്കളുടെ മഖാം ചില ചെറുപ്പക്കാര്‍ ചേര്‍ന്ന് പൊളിച്ച് നീക്കിയത് എഴുതി വെച്ചത് ജമാഅത്ത് നേതാവായിരുന്ന കെ. മൊയ്തു മൗലവിയാണ്. വഹാബികള്‍ വിദേശ നാടുകളില്‍ നടത്തിയ നരനായാട്ടിനെ കുറിച്ച് ‘ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര സമരവും’ എന്ന പുസ്തകത്തില്‍ ഇ മൊയ്തു മൗലവി കുറിച്ചിട്ടുണ്ട്.
ബഹുദൈവത്വത്തിന്റെയും അന്ധവിശ്വസത്തിന്റെയും പേരില്‍ ചരിത്രസ്മാരകങ്ങള്‍ക്കും പുണ്യകേന്ദ്രങ്ങള്‍ക്കുമെതിരെ തീവ്രമായ പ്രചാരണം സംഘടിപ്പിക്കുകയും മദീനയിലെ പച്ച ഖുബ്ബയടക്കം പൊളിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. ഈ തീവ്രസലഫീ പ്രചാരകരുടെ ആശയങ്ങളില്‍ ആവേശം കൊണ്ടായിരിക്കില്ലേ ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ചെറുപ്പക്കാര്‍ വിദേശങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടാകുക? നമ്മുടെ നാടിന്റെ സമാധാനത്തിന് ഇത്തരം പ്രചാരകരെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

ദര്‍ഗകള്‍ക്ക് മതപരമായി ഒരു പ്രാധാന്യവുമില്ലെന്നാണ് മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പ്രതികരിച്ചത്. അവസരവാദ രാഷ്ട്രീയക്കാരുടെ പതിവ് ശൈലിയില്‍ അദ്ദേഹം തിരുത്ത് നല്‍കിയെങ്കിലും മജീദിന്റെ ആദ്യ പ്രതികരണമാണ് സത്യസന്ധമെന്ന് തെളിയിക്കുന്നതാണ് സുന്നികളോട് ഇക്കാലം വരെയുള്ള ലീഗ് നിലപാടുകള്‍. പട്ടാള പള്ളി, മുഹ്‌യുദ്ദീന്‍ പള്ളി തട്ടിയെടുത്തത് മുതല്‍ പാലപ്പറ്റ പള്ളി വരെ സുന്നികള്‍ അത് അനുഭവിച്ചതാണ്. എന്നാല്‍ മുജാഹിദുകള്‍ക്ക് ഒന്ന് നൊന്താല്‍ മജീദിന്റെ പാര്‍ട്ടി സാന്ത്വനത്തിന്റെ കൈലേസുമായി പുറത്തിറങ്ങി.

സാക്കിര്‍ നായിക്കിന്റെയും ശംസുദ്ദീന്‍ പാലത്തിന്റെയും വിഷയങ്ങളില്‍ മജീദും ബഷീറും കെ എം ഷാജിയുമൊക്കെ പരസ്യമായാണ് രംഗത്തിറങ്ങിയത്. പീസ് സ്‌കൂളിനെതിരെ ആരോപണം ഉയര്‍ന്നപ്പോഴും എം എം അക്ബറിനെ ചോദ്യം ചെയ്തപ്പോഴും പറവൂരില്‍ ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് യുവാക്കള്‍ പിടിയിലായപ്പോഴുമൊക്കെ പാര്‍ട്ടി മുഴുവന്‍ സടകുടഞ്ഞെഴുന്നേറ്റു. സമുദായത്തിന്റെ മൊത്തം സംരക്ഷണം അവകാശപ്പെടുന്നവര്‍ സുന്നികള്‍ക്കായി ഒന്നും ചെയ്ത് തന്നില്ലെങ്കിലും പ്രസ്താവന നടത്തി സുന്നീ വിശ്വാസത്തെ അവഹേളിക്കേണ്ടിയിരുന്നോ?