Connect with us

Editorial

പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

ഇരകള്‍ക്കെതിരെ കേസെടുത്ത് കുറ്റവാളികളെ രക്ഷിക്കുന്ന പ്രവണത പോലീസില്‍ വര്‍ധിച്ചു വരുന്നതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കൊച്ചിയില്‍ യുവതികളുടെ ആക്രമണത്തിനിരയായ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ വിമര്‍ശനം. കഴിഞ്ഞ മാസം 20നാണ് കൊച്ചി നഗര മധ്യത്തില്‍ മൂന്ന് യുവതികള്‍ ടാക്‌സി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചത്. ഡ്രൈവറുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ സ്ത്രീകള്‍ അയാളെ കല്ല് കൊണ്ട് തലക്കടിക്കുകയും ചെയ്തു. സംഭവത്തില്‍ യുവതികള്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തിയ പോലീസ് അക്രമത്തിനിരയായ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുകയായിരുന്നു. ദേശീയഗാന വിവാദം, മാവോയിസ്റ്റ് വേട്ട, യു എ പി എ ചുമത്തല്‍ തുടങ്ങിയ സംഭവങ്ങളിലും പോലീസിന്റെ നടപടി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇരകളെ അവഗണിച്ച് പീഡിപ്പിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന പോലീസ് നടപടിയെപ്പറ്റി വിശദമായി അന്വേഷിക്കണമെന്നു കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹന്‍ദാസ് ഡി ജി പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടുത്ത കാലത്തായി പോലീസിനെതിരെ നിരന്തരം പരാതികളുയര്‍ന്നു കൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷനില്‍ എത്തുന്ന പരാതികളില്‍ 25 ശതമാനവും പോലീസിനെതിരെയാണെന്ന് മോഹന്‍ദാസ് വ്യക്തമാക്കുന്നു. സര്‍ക്കാറിന് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുന്ന വകുപ്പാണ് ആഭ്യന്തരം. കേസ് കൈകാര്യം ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചയും കൃത്യവിലോപവുമാണിതിന് പ്രധാന കാരണം. സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ക്കും സമ്പന്നര്‍ക്കുമെതിരെ വരുന്ന പരാതികളില്‍ എഫ് ഐ ആര്‍ ഫയല്‍ ചെയ്യാതെ മനഃപൂര്‍വം താമസിപ്പിക്കുകയും ഇത്തരം കേസുകളില്‍ ഇരകളെ പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇരകളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും പരാതി പിന്‍വലിപ്പിക്കുന്നതും സാധാരണമാണ്. ചില സംഭവങ്ങളില്‍ കേസുകള്‍ സ്റ്റേഷനിലെത്താതെ ഒത്തുതീര്‍പ്പാക്കാറുണ്ട്. അതിനായി പ്രത്യേക മാഫിയ പ്രവര്‍ത്തിക്കുന്നതായി പറയപ്പെടുന്നു. അഥവാ പരാതി സ്റ്റേഷനില്‍ എത്തിയാലും പോലീസ് ഉദ്യോഗസ്ഥര്‍ വിവരം മാഫിയക്കു കൈമാറും. തുടര്‍ന്ന് പോലീസിന്റെ അറിവോടെ വാദിയെയും പ്രതിയെയും വിളിച്ചുവരുത്തി പ്രതിഫലം വാങ്ങി ഒത്തുതീര്‍പ്പാക്കും.

സ്വാധീനമുള്ളവര്‍ പ്രതികളായ ഫയലുകള്‍ മുക്കുന്നതും പോലീസ് രീതിയാണ്. അടുത്തിടെ ചില പ്രമുഖര്‍ പ്രതികളായ രണ്ടായിരത്തി അഞ്ഞൂറോളം കേസുകളുടെ ഫയലുകള്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. അബ്കാരി, മണല്‍കടത്ത്, അനധികൃത ക്വാറി, മയക്കുമരുന്ന്, ആഡംബര ക്ലബ്ബുകളിലെ വാതുവെയ്പ് തുടങ്ങിയ കേസ് ഫയലുകളാണ് അപ്രത്യക്ഷമായത്. പോലീസ് സ്റ്റേഷനുകളില്‍ നിന്നു കോടതിയിലെത്തിയ കേസുകളുടെ ഓഡിറ്റിംഗ് നടത്തിയപ്പോഴാണ് ഫയല്‍ അപ്രത്യക്ഷമായ വിവരം അറിയുന്നത്. കൈക്കൂലിക്കും സ്വാധീനത്തിനും വഴങ്ങി ഫയലുകള്‍ മുക്കിയതായാണ് വിവരം. സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന 40 ശതമാനം പേരും നിരപരാധികളാണെന്നും യഥാര്‍ഥ കുറ്റവാളികള്‍ക്കു പകരം ശിക്ഷവാങ്ങുന്ന നിരപരാധികളുമുണ്ടെന്നും ഇതിനിടെ വിവരാവകാശ നിയമം വഴി നല്‍കിയ മറുപടിയില്‍ ജയില്‍ അധികൃതര്‍ തന്നെ വെളിപ്പെടുത്തിയതാണ്. കേസ് കൈകാര്യം ചെയ്യുന്നതില്‍ പോലീസ് കാണിക്കുന്ന തിരിമറിയിലേക്കും കൃത്യവിലോപത്തിലേക്കുമാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

നിയമപാലനമാണ് പോലീസിന്റെ ബാധ്യത. അത് നീതിപൂര്‍വമായും നിഷ്പക്ഷമായും പരമാവധി കുറ്റമറ്റ രീതിയിലും നിര്‍വഹിക്കപ്പെടണം. ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം എങ്ങനെയായിരിക്കണമെന്നു കേരള പോലീസ് ആക്ടില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. പരാതിയുമായി സമീപിക്കുന്നവരോടുള്ള പെരുമാറ്റം മാന്യമായിരിക്കണം. കസ്റ്റഡിയിലുള്ള ഒരാളോടും മോശമായി പെരുമാറുകയോ സഭ്യമല്ലാത്ത ഭാഷ പ്രയോഗിക്കുകയോ അരുത്. അക്രമാസക്തരായ ജനക്കൂട്ടത്തോട് പോലും സൗമ്യമായി ഇടപെടുന്നതും അവരെ സമാധാനത്തിന്റെ മാര്‍ഗത്തിലെത്തിക്കുന്നതുമാണ് പോലീസിന്റെ ദൗത്യം. ഇരകളോട് സഹാനുഭൂതി കാണിക്കുകയും സൗമ്യമായി പെരുമാറുകയും സമാധാനിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവരോട് തട്ടിക്കയറുകയും തെറിവിളിക്കുകയും വേട്ടക്കാരുടെ താത്പര്യങ്ങള്‍ക്ക് സ്വാധീനപ്പെട്ട് ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി പ്രതികളാക്കുകയും ചെയ്യുന്നുവെങ്കില്‍ അത് നിയമപാലനമല്ല, പോലീസ് ഭീകരതയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും കേസുകളിലെ തിരിമറിയും സംബന്ധിച്ച പരാതികള്‍ നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്നത് കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും മികച്ച റെക്കോര്‍ഡുണ്ടായിരുന്ന കേരളാ പോലീസിന്റെ സല്‍പ്പേരിനു മങ്ങലേല്‍പ്പിക്കാന്‍ കാരണമാകുന്നുണ്ട്. ഇതുസംബന്ധിച്ച മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ ആശ്വാസകരമാണ്.

Latest