പോലീസ് അപരിഷ്‌കൃതരാകരുത്; സംസ്‌കാരത്തോടെ പെരുമാറാന്‍ പഠിക്കണം: രാജ്‌നാഥ് സിങ്

Posted on: October 7, 2017 7:12 pm | Last updated: October 8, 2017 at 1:26 pm

മീററ്റ്; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പൊലീസ് ‘അപരിഷ്‌കൃത സേന’ ആകാതെ സംസ്‌കാരത്തോടെ പെറുമാറാന്‍ പഠിക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പരിശീലനം കൊണ്ട് ക്ഷമയും മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവും ആര്‍ജ്ജിച്ചെടുക്കണം.

കലാപങ്ങളും പ്രതിഷേധ സമരങ്ങളുമെല്ലാം അടിച്ചമര്‍ത്തുമ്പോള്‍ സംയമനത്തോടെയുള്ള സമീപനമാണു വേണ്ടതെന്നും മന്ത്രി പറഞ്ഞു. റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ(ആര്‍എഎഫ്) സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മീററ്റിലെ ആസ്ഥാനത്തു സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘര്‍ഷങ്ങളെ നേരിടുന്ന സമയത്ത് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും അവരെ അക്രമത്തില്‍ നിന്നു വഴിതിരിച്ചു വിടാനും ആധുനിക സാങ്കേതികതയും മനഃശാസ്ത്ര തന്ത്രങ്ങളും പ്രയോജനപ്പെടുത്തണം. ചില സാഹചര്യങ്ങളില്‍ പൊലീസിന് അല്‍പം ബലപ്രയോഗം നടത്തേണ്ടി വരുമെന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ അവിടെയും മുന്‍കരുതല്‍ അത്യാവശ്യമാണ്.

പൊലീസുകാരുടെ ഇടപെടലുകളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളിലും അത്രയേറെ മാരകമല്ലാത്ത പ്രതിവിധികള്‍ കൊണ്ടു വരുന്നതു സംബന്ധിച്ച് ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റിനോട് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ബലപ്രയോഗത്തിലൂടെ കൂടുതല്‍ ഫലം നേടിയെടുക്കുക എന്നതായിരിക്കണം ലക്ഷ്യം.