കേരളത്തെ അപമാനിക്കാനുള്ള അമിത് ഷായുടെ നീക്കത്തെ ഒറ്റകെട്ടായി എതിര്‍ക്കും: ഉമ്മന്‍ ചാണ്ടി

Posted on: October 6, 2017 1:54 pm | Last updated: October 6, 2017 at 1:54 pm

തിരുവനന്തപുരം: തകര്‍ന്നടിഞ്ഞ ഗുജറാത്ത് മോഡലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളത്തെ അപമാനിക്കാനുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നീക്കത്തെ കേരളജനത ഒറ്റകെട്ടായി എതിര്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തെ അപമാനിക്കാനുള്ള ശ്രമം തീര്‍ത്തും അപഹാസ്യമാണ്. കേരളത്തിനെതിരെ ബി ജെ പി നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ വിലപ്പോവില്ല എന്നതിന്റെ തെളിവാണ് കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഉയര്‍ന്ന ജനവികാരം.

സമൂഹത്തിലെ എല്ലാ മേഖലകളിലും ഉയര്‍ന്ന ചിന്താഗതി വച്ച് പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളം. കാലാകാലങ്ങളായി കേരളത്തിന്റെ മനുഷ്യ വികസന സൂചിക ലോക നിലവാരം പുലര്‍ത്തുന്നതാണ്. അഴിമതിയും, വിലക്കയറ്റവും, ശിശുമരണങ്ങളും, റെയില്‍ അപകടങ്ങളും, സാമ്പത്തിക തകര്‍ച്ചയും മുഖമുദ്രയായ നരേന്ദ്ര മോഡി സര്‍ക്കാര്‍ തങ്ങളുടെ പരാജയങ്ങള്‍ മറച്ചു പിടിക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമായി മാത്രമേ ജനരക്ഷ യാത്രയെ കാണാന്‍ സാധിക്കുകയുള്ളു. ഇന്ത്യയിലെ എല്ലാം മേഖലയേയും തന്റെ തെറ്റായ ഭരണത്തിലൂടെ തകര്‍ത്തു മുന്നേറുന്ന നരേന്ദ്ര മോദിയുടെ ബി ജെ പി യില്‍ നിന്നുള്ള രക്ഷയാണ് ഗുജറാത്ത് അടക്കമുള്ള എല്ലാ സംസ്ഥാനങ്ങളും ആഗ്രഹിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.