ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു നീക്കി

Posted on: October 5, 2017 7:30 pm | Last updated: October 5, 2017 at 7:30 pm

ബംഗളൂരു: പ്രശസ്ത മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ ഇനിയും പിടികൂടാത്തത്തില്‍ പ്രതിഷേധിച്ച് മുംബൈ മറൈന്‍ െ്രെഡവില്‍ സമരംചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രശസ്ത സംവിധായകന്‍ ആനന്ദ് പട്വര്‍ദ്ധന്‍, സാമൂഹിക പ്രവര്‍ത്തകന്‍ ജാവേദ് ആനന്ദ് തുടങ്ങിയ പ്രമുഖരെയാണ് അറസ്റ്റ് ചെയ്തത്. മറൈന്‍ െ്രെഡവ് പരിസരത്ത് സമരങ്ങള്‍ക്ക് അനുമതി ഇല്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

തീവ്രഹിന്ദുത്വ നിലപാടുകള്‍ക്കെതിരെ തുറന്നെഴുതിയിരുന്ന ഗൗരിയ്‌ക്കെതിരെ നിരവധി തവണ വധഭീഷണി ഉണ്ടായിക്കൊണ്ടിരിക്കെയാണ് അജ്ഞാതരുടെ വെടിയേറ്റത്.

അതേസമയം, സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടുപിടിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കേസ് തെളിയിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താനായിട്ടില്ല.