ലാസ് വേഗസ് വെടിവെപ്പ്: തീവ്രവാദ ബന്ധത്തിന് തെളിവില്ലെന്ന് എഫ്ബിഐ

Posted on: October 5, 2017 10:37 am | Last updated: October 5, 2017 at 1:10 pm

വാഷിംഗ്ടണ്‍: ലാസ് വേഗസില്‍ കഴിഞ്ഞദിവസമുണ്ടായ വെടിവെപ്പുമായി തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ). വെടിവെപ്പ് നടത്തിയ സ്റ്റെഫാന്‍ പഡ്ഡോകിന്റെ സുഹൃത്ത് മാരിലൂ ഡാന്‍ലിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആക്രമി വെടിവെപ്പ് നടത്താന്‍ പദ്ധതിയിട്ടതായി യാതൊരു സൂചനയും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് മാരിലൂ മൊഴി നല്‍കിയതായി എഫ്ബിഐ വ്യക്തമാക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മാരിലൂവിനെ മാത്രമാണ് കസ്റ്റഡിയിലെടുത്തതെന്നും മറ്റാരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലാസ് വേഗസിലെ ചൂതാട്ട കേന്ദ്രമായ മാന്‍ഡലെ ബേ ഹോട്ടലില്‍ സംഗീത പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്. അക്രമിയുടെ വെടിയേറ്റ് 58 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിവെപ്പിന്റെ ഉത്തരവാദിത്വം ആഗോള തീവ്രവാദ സംഘടനയായ ഐസ് നേരത്തെ ഏറ്റെടുത്തിരുന്നു.