ഗുര്‍മീതിനോട് ടോയിലെറ്റ് ദിനത്തില്‍ പങ്കാളിയാകണമെന്ന്

Posted on: October 5, 2017 12:07 am | Last updated: October 4, 2017 at 11:08 pm

ന്യൂയോര്‍ക്ക്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമും ദത്തുപുത്രി ഹണി പ്രീതും അഴിക്കുള്ളിലാണെന്ന വിവരമറിയാതെ ‘ലോക ടോയ്‌ലെറ്റ് ഡേ’ ദിനാഘോഷങ്ങളില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്ത് യു എന്‍ ട്വിറ്റ്. എല്ലാവര്‍ഷവും നവംബര്‍ 19 ന് യു എന്നിന്റെ ആഭിമുഖ്യത്തിലാണ് ലോക ടോയ്‌ലെറ്റ് ദിനാഘോഷം. ഇതില്‍ പങ്കാളിയാകണമെന്നാണ് ആള്‍ദൈവമായ ഗുര്‍മീത്തിനോടും ഹണി പ്രീതിനോടും അഭ്യര്‍ഥിച്ച് യു എന്‍ ട്വീറ്റ് ചെയ്തത്.

മാനഭംഗ കേസില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലഴിക്കുള്ളിലാണ് ഗുര്‍മീത്. ഗുര്‍മീത് അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ കലാപങ്ങള്‍ ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വിശദമായിതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ടും ഇത്തരമൊരു ട്വീറ്റ് നടത്തിയ യു എന്‍ അധികൃതര്‍ വിവാദത്തിലായിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആക്ഷേപമാണ് യു എന്‍ അധികൃതര്‍ ഈ ട്വീറ്റിന്റെ പേരില്‍ കേട്ടുകൊണ്ടിരിക്കുന്നത്. അതേസമയം, ട്വീറ്റ് ഹാക്ക് ചെയ്തതാണെന്ന റിപ്പോര്‍ട്ടും ഉയര്‍ന്നിട്ടുണ്ട്. ആഗോള തലത്തില്‍ ടോയിലെറ്റ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ദിനാചരണമാണ് യു എന്‍ നടത്തുന്നത്.