തോക്കും അമേരിക്കയും

Posted on: October 5, 2017 6:00 am | Last updated: October 4, 2017 at 10:55 pm

അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും തീവ്രവാദ ആക്രമണങ്ങളും തടയുന്നതിന് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയ ഉടനെ മൂന്ന് പ്രധാന ഉത്തരവുകളിറക്കി. രാജ്യത്തുടനീളം കണ്ണികളുള്ള കുറ്റവാളി സംഘങ്ങളെ തകര്‍ക്കാര്‍ നീതിന്യായ വകുപ്പിനോടും ആഭ്യന്തര സുരക്ഷാ വകുപ്പിനോടും നടപടികള്‍ സ്വീകരിക്കാനാവശ്യപ്പെടുന്നതായിരുന്നു ഒരു ഉത്തരവ്. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന് പ്രത്യേകസേന രൂപവത്കരിക്കുന്നതിനും നിയമപാലകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുന്നതിന് പുതിയ പദ്ധതി നടപ്പാലാക്കാനും നീതിന്യായ വകുപ്പിനുള്ള നിര്‍ദേശങ്ങളായിരുന്നു മറ്റു രണ്ടെണ്ണം. കുറ്റകൃത്യങ്ങളും തീവ്രവാദ ആക്രമണങ്ങളുമാണ് അമേരിക്ക നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിന് ഉടനെ മാറ്റം വരുമെന്ന് മേല്‍ ഉത്തരവുകള്‍ പ്രഖ്യാപിക്കവെ ട്രംപ് അവകാശപ്പെട്ടു.

എന്നാല്‍, എല്ലാ സുരക്ഷാ സംവിധാനങ്ങളെയും നിയമങ്ങളെയും നിഷ്പ്രഭമാക്കി അമേരിക്കയില്‍ അക്രമികള്‍ അഴിഞ്ഞാടുകയാണ്. യു എസിലെ ചൂതാട്ടകേന്ദ്രമായ ലാസ് വേഗസില്‍ ഭരണകൂടത്തെ നടുക്കിയ വന്‍ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. ലാസ് വേഗസില്‍ സംഗീതപരിപാടി ആസ്വദിച്ചുകൊണ്ടിരുന്ന ജനക്കൂട്ടത്തിന് നേരെ അക്രമി നടത്തിയ വെടിവെപ്പില്‍ 58 പേരാണ് മരിച്ചത്. അഞ്ഞൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അമേരിക്കയുടെ സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. തൊട്ടടുത്ത ഹോട്ടലിന്റെ മുകളില്‍ നിന്ന് 64കാരനായ സ്റ്റീഫന്‍ പെഡോക് എന്ന ഭീകരന്‍ ഒറ്റക്കാണ് വെടിവെപ്പ് നടത്തിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. അക്രമിയെ പിന്നീട് വെടിയേറ്റു മരിച്ച നിലയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തി. ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും അധികൃതര്‍ അത് നിരാകരിക്കുന്നു.

അമേരിക്കയില്‍ തോക്കുതിര്‍ത്തു ആളെക്കൊല്ലുന്ന വാര്‍ത്തകള്‍ പതിവാണ്. വംശീയവിദ്വേഷം, സമനില തെറ്റല്‍, തര്‍ക്കങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ അമേരിക്കയില്‍ പലപ്പോഴായി ആക്രമണങ്ങള്‍ നടക്കാറുണ്ട്. കാരണമെന്തായാലും ഉപയോഗിക്കുന്ന ആയുധം ഏറെയും തോക്കായിരിക്കും. അമേരിക്കയില്‍ തോക്ക് ഉപയോഗിക്കുന്നതിനുള്ള നിയമം ഉദാരമാണ്. 18 വയസ്സായ ആര്‍ക്കും തോക്ക് കൈവശം വെക്കാന്‍ അനുവാദമുണ്ട്. സ്വയം രക്ഷക്ക് വേണ്ടി ഉണ്ടാക്കിയ ഈ നിയമം ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. നിസ്സാര കാര്യങ്ങള്‍ക്കു പോലും തോക്കെടുക്കുന്ന പ്രവണത വര്‍ധിച്ചു. അവിടെ 50 ശതമാനം കുടുംബങ്ങളുടെ കൈവശവും തോക്കുകളുണ്ട്. ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ തോക്ക് കൈവശം വെക്കുന്നത് അമേരിക്കക്കാരാണ്.

അക്രമങ്ങളെ തുടര്‍ന്ന് തോക്ക് കൈവശം വെക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം അവിടെ ശക്തമാണ്. നേരത്തെ നിയന്ത്രണം കൊണ്ടു വന്നെങ്കിലും 2008ല്‍ സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. വ്യക്തികള്‍ക്ക് ആയുധം കൈവശം വെക്കാനുള്ള അവകാശം ഉണ്ടെന്നാണ് കോടതിയുടെ നിലപാട്. 2012 ഡിസംബറില്‍ ന്യൂയോര്‍ക്കിനടുത്ത് സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 20 സ്‌കൂള്‍ കുട്ടികളും ആറ് ജീവനക്കാരും കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ആയുധം സൂക്ഷിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രക്ഷോഭം അരങ്ങേറുകയും ഒബാമ ഭരണകൂടം സെമിഓട്ടോമാറ്റിക് മാരകായുധങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തി കൊണ്ടുള്ള ബില്‍ കൊണ്ടുവരികയും ചെയ്തു. എന്നാല്‍, യു എസ് സെനറ്റില്‍ ബില്‍ പരാജയപ്പെടുകയാണുണ്ടായത്.
ലോകത്തെവിടെയും വെടിവെപ്പ് കണ്ടും കളിച്ചും പഠിച്ചുമാണ് കൊച്ചു കുഞ്ഞുങ്ങള്‍ ഇന്ന് വളരുന്നത്. ഇന്റര്‍നെറ്റിലും ടാബുകളിലും മോബൈല്‍ ഫോണുകളിലുമായി ചെറിയ കുട്ടികള്‍ കളിക്കുന്ന ഗെയിമുകളില്‍ പ്രഥമ സ്ഥാനം എതിരാളിയെ തോക്കുമായി പിന്തുടരുകയും വെടിവെച്ചു കൊല്ലുന്നതില്‍ കലാശിക്കുകയും ചെയ്യുന്ന ഗെയിമുകള്‍ക്കാണ്. തിരകളുതിര്‍ത്തു ആവേശത്തോടെ പോയിന്റുകള്‍ വാരിക്കൂട്ടുന്ന ഇത്തരം കുട്ടികളില്‍ അക്രമ വാസന ഉടലെടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. അക്രമങ്ങള്‍ നിറഞ്ഞ രംഗങ്ങള്‍ നിരന്തരം പ്രദര്‍ശിപ്പിക്കുന്ന ടി വി പരിപാടികളും സിനിമകളും ക്രൂരതയെ മഹത്വവത്കരിക്കുന്ന ചിത്രീകരണങ്ങളും അക്രമ പ്രവണതയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

രാജ്യത്തെ ആയുധവ്യാപാരികളും തോക്ക് സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നു. ആയുധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സംസ്ഥാനങ്ങളെടുക്കുന്ന നിയമങ്ങള്‍ രൂപപ്പെടുത്തുന്നത് ആയുധ വ്യാപാരികളാണ്. തോക്കു കച്ചവടം മെച്ചപ്പെടുത്താനുതകുന്ന 99 നിയമങ്ങളാണ് നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ സമ്മര്‍ദത്തിലൂടെ അവിടെ അംഗീകരിപ്പിച്ചത്. തോക്കിന് നിയന്ത്രണം ഏര്‍പ്പെടുത്താനുളള നീക്കങ്ങളെ പരാജയപ്പെടുത്തുന്നതില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വലിയ പങ്കുണ്ട്. നിയമം അനുസരിക്കുന്ന പൗരന്മാരുടെ കൈവശം തോക്കുകള്‍ ഉണ്ടാകുന്നത് കുറ്റകൃത്യം കുറക്കാന്‍ സഹായിക്കുമെന്നാണ് അവരുടെ വാദം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നയത്തില്‍ മാറ്റംവരുത്തുകയും ആയുധ വ്യാപാരികളുടെ സമ്മര്‍ദത്തെ അതിജീവിച്ചു തോക്കിന്റെ ഉപയോഗത്തില്‍ കര്‍ക്കശ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ അക്രമങ്ങള്‍ കുറക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ ഫലം കാണുക പ്രയാസമാണ്.