Connect with us

Articles

നന്ദി, സുല്‍ത്താന്‍

Published

|

Last Updated

ചരിത്ര മുഹൂര്‍ത്തമെന്ന പതിവ് വിശേഷണം മതിയാകില്ല ഷാര്‍ജാ ഭരണാധികാരിയുടെ നാല് ദിവസം നീണ്ട കേരള സന്ദര്‍ശനത്തെ വിലയിരുത്താന്‍. ഒരു വിദേശഭരണാധികാരി കേരളത്തില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത് ആദ്യസംഭവമാകുമ്പോള്‍ പ്രത്യേകിച്ചും. ഒപ്പുവെക്കുന്ന ധാരണാപത്രങ്ങളുടെയോ കൂടിക്കാഴ്ചകളുടെയോ ബഹളങ്ങള്‍ക്കുമപ്പുറം നടപ്പില്‍ വന്ന തീരുമാനങ്ങളാണ് ഷാര്‍ജാ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തെ വേറിട്ടതാക്കുന്നത്. ലക്ഷകണക്കിന് മലയാളികളെ അന്നമൂട്ടുന്ന ഷാര്‍ജാ ഭരണാധികാരി കേരളം സന്ദര്‍ശിക്കുന്നതിന്റെ പ്രതീക്ഷകള്‍ വാനോളമായിരുന്നു. അതൊട്ടും പാഴായില്ല. കൈനിറയെ തന്നും മനം നിറഞ്ഞുമാണ് ശൈഖ് സുല്‍ത്താന്‍ കേരളം വിട്ടത്. രണ്ടു നാട്ടിലെ ഭരണകൂടങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ക്കപ്പുറം നൂറ്റാണ്ടുകള്‍ക്ക് മുന്നെ ഇഴചേര്‍ന്ന രണ്ടു സംസ്‌കാരങ്ങള്‍ ഒരുവട്ടം കൂടി പങ്കുവെക്കപ്പെടുകയായിരുന്നു. കേരളവുമായി യു എ ഇക്ക് നൂറ്റാണ്ടുകളായി ബന്ധമുണ്ട്. ഇന്ത്യയുമായുളള അറബ് നാടുകളുടെ വാണിജ്യബന്ധം തുടങ്ങുന്നതുതന്നെ കേരളത്തില്‍നിന്നാണ്.

പ്രൗഢമായ വരവേല്‍പ്പ്, ഔദ്യോഗിക, സ്വകാര്യപരിപാടികള്‍, കൂടിക്കാഴ്ചകള്‍, ചര്‍ച്ചകള്‍, ഒടുവില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സമ്മാനിച്ചുള്ള ആദരവും. ചരിത്ര മുഹൂര്‍ത്തങ്ങളായിരുന്നു ശൈഖ് സുല്‍ത്താന്‍ സാന്നിധ്യമറിയിച്ച ചടങ്ങുകളെല്ലാം. ഒരു ഭരണാധികാരിയെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നയതന്ത്രജ്ഞതയും ഇവിടെ പ്രധാനമാണ്. അദ്ദേഹത്തിന്റെ പ്രത്യേക താത്പര്യവും നേതൃപാടവവും ഈ സന്ദര്‍ശനത്തെ കൂടുതല്‍ ജനോപകാരപ്രദമാക്കി.

രാജ്ഭവനില്‍ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ച. മന്ത്രിതല സംഘവുമായുള്ള ചര്‍ച്ച, കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സമ്മാനിക്കല്‍, സുല്‍ത്താനും ചരിത്ര രേഖകളും എന്ന വിഷയത്തിലെ പ്രഭാഷണം. മുഖ്യമന്ത്രിയുടെ വിരുന്ന്, മുഖ്യമന്ത്രിയുമായുള്ള പ്രത്യേക ചര്‍ച്ച ഇത്രയുമായിരുന്നു ഷാര്‍ജാ ഭരണാധികാരിയുടെ ഔദ്യോഗിക പരിപാടികള്‍. പിന്നീട് കൊച്ചിയില്‍ വ്യവസായ പ്രമുഖന്‍ എം എ യൂസുഫലിയുടെ വീട്ടില്‍ സ്വകാര്യസന്ദര്‍ശനവും നടത്തിയാണ് അദ്ദേഹം മടങ്ങിയത്. ഷാര്‍ജാ ജയിലുകളില്‍ കഴിഞ്ഞിരുന്ന 149 ഇന്ത്യക്കാര്‍ ക്ക് മോചനം സാധ്യമായതാണ് ഈ സന്ദര്‍ശനത്തിന്റെ ഏറ്റവും സുപ്രധാനമായ നേട്ടം. പലകാര്യങ്ങളിലെന്ന പോലെ കേരളം ഇന്ത്യക്ക് വഴികാട്ടുകയായിരുന്നു ഇക്കാര്യത്തില്‍. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ഇടപെടലിലൂടെ സാധ്യമാകേണ്ട ഒരു സങ്കീര്‍ണമായ പ്രക്രിയയാണ് കേവലം ക്ലിഫ്ഹൗസിലെ ഒരു കാപ്പികുടിക്കിടയില്‍ സാധിച്ചത്. ചുവപ്പ്‌നാടയും നൂലാമാലകളുമായി ഒരു കാര്യം നടപ്പാക്കിയെടുക്കാന്‍ പാടുപെടുന്ന കേരളത്തിന് മുന്നില്‍ ഒരു തീരുമാനം നടപ്പാക്കേണ്ടതെങ്ങനെയെന്നും ഭരണയന്ത്രം ചലിപ്പിക്കുന്നതിലും ശൈഖ് സുല്‍ത്താന്‍ ഒരു മാതൃകയാകുകയായിരുന്നു.

കൊലപാതകം, ബലാത്സംഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം തുടങ്ങി വലിയ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടാതെ ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന. പിഴ തുക അടക്കാന്‍ കഴിയാതെയാണ് ഇക്കൂട്ടത്തിലെ പലരും തടവറയില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി ഉണര്‍ത്തി. ശൈഖ് സുല്‍ത്താന്‍ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഇതിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞു. ചായകുടിച്ച് തീരും മുമ്പ് വിവരങ്ങള്‍ ലഭിച്ചു. ഈ ഗണത്തില്‍ വരുന്ന തടവുകാര്‍ 149 പേരുണ്ട്. 39 കോടി രൂപയാണ് ഇവര്‍ പിഴയായി അടക്കേണ്ടത്. ഈ തുക താന്‍ തന്നെ അടക്കാമെന്നും എല്ലാവരെയും മോചിപ്പിക്കണമെന്നുമായിരുന്നു യു എ ഇ സുപ്രീംകൗണ്‍സില്‍ അംഗം കൂടിയായിരുന്ന ശൈഖ് സുല്‍ത്താന്റെ ഉത്തരവ്. രാജ്യാന്തരതലത്തില്‍ പ്രത്യാഘാതമുണ്ടാക്കുന്ന ഒരു തീരുമാനമാണ് മിനുട്ടുകള്‍ക്കുള്ളില്‍ നടപ്പാക്കിയത്. അന്നുതന്നെ ഷാര്‍ജാ പോലീസ് തീരുമാനം അവിടെ പ്രഖ്യാപിക്കുകയും അധികം വൈകാതെ അവര്‍ ജയില്‍ മോചിതരാകുകയും ചെയ്തു. കേരളത്തെ സംബന്ധിച്ച് ആഘോഷിക്കപ്പെടാന്‍ വകുപ്പുള്ള ഒരു നടപടിയായിരുന്നു ഇത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിതലസംഘം ശൈഖ് സുല്‍ത്താനുമായി നടത്തിയ ചര്‍ച്ചയും മലയാളികളെ സംബന്ധിച്ച് വലിയ പ്രതീക്ഷകളാണ് നല്‍കിയത്. ഏഴ് നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രിയും സംഘവും ഈ ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചത്. യു എ ഇയില്‍ മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. അവരില്‍ ഭൂരിഭാഗവും കേരളീയരാണ്. അതിനാല്‍ ഷാര്‍ജയില്‍ നടപ്പാക്കണമെന്ന് കേരളം ആഗ്രഹിച്ച് അവതരിപ്പിച്ച പദ്ധതികള്‍ യാതാര്‍ഥ്യമായാല്‍ അതിന്റെ പ്രധാനഗുണഭോക്താക്കളും മലയാളികളായിരിക്കും. മുഖ്യമന്ത്രി വിശേഷിപ്പിച്ചത് പോലെ മലയാളികളെ സംബന്ധിച്ച് അവരുടെ രണ്ടാം വീടാണവിടം.

ഫാമിലി സിറ്റിയെന്ന പേരില്‍ നിര്‍ദേശിക്കപ്പെട്ട ഭവന പദ്ധതിയില്‍ ഉയരം കൂടിയ പത്ത് അപ്പാര്‍ട്ട്‌മെന്റ് ടവറുകളാണ് ഉദ്ദേശിക്കുന്നത്. ഇതിന് 10 ഏക്കര്‍ ഭൂമി ആവശ്യം വരും. കേരളവും ഷാര്‍ജയും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കണമെന്ന നിര്‍ദേശമാണ് കേരളം മുന്നോട്ടുവെച്ചത്. ഫാമിലി സിറ്റിയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടാകും. ചികിത്സാ സൗകര്യം വലിയ ആശുപത്രിയായി വികസിപ്പിക്കുമ്പോള്‍ ഷാര്‍ജാ നിവാസികള്‍ക്ക് കൂടി ചികിത്സാ സേവനം ലഭിക്കും വിധമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഇതോടൊപ്പം സജീവമായി പരിഗണിക്കുന്ന മറ്റൊരു പദ്ധതി ഷാര്‍ജയില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭം തുടങ്ങാനുള്ള നിര്‍ദേശമാണ്. അന്താരാഷ്ട്ര നിലവാരമുള്ള പബ്ലിക് സ്‌കൂളുകള്‍, എഞ്ചിനീയറിംഗ് കോളജ്, മെഡിക്കല്‍ കോളജ്, നൈപുണ്യവികസന പരിശീലന കേന്ദ്രങ്ങള്‍ എന്നിങ്ങനെ മികവുറ്റ കേന്ദ്രങ്ങളാണ് ഇതില്‍ ലക്ഷ്യമിടുന്നത്.

കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും അവതരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രമാണ് മറ്റൊന്ന്. ഇതിനും പത്ത് ഏക്കര്‍ സ്ഥലം ആവശ്യമായി വരും. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്ന മ്യൂസിയം, കലകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദികള്‍, പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള സൗകര്യം, ആയുര്‍വേദം അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍ ടൂറിസത്തിന് ഷാര്‍ജയില്‍ സൗകര്യം ഇവയാണ് ഇതില്‍ പ്രധാനമായി ലക്ഷ്യമിടുന്നത്.

ഇതിനെല്ലാമപ്പുറമാണ് ശൈഖ് സുല്‍ത്താന്‍ കൂടി പ്രത്യേക താത്പര്യമെടുത്ത് നിര്‍ദേശിക്കപ്പെട്ട അന്താരാഷ്ട്ര അറബിക് ഗവേഷണ പഠന കേന്ദ്രം. തനിക്ക് ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ച കാലിക്കറ്റ് സര്‍വകലാശാലയെയും കേരളത്തെയും തിരികെ ആദരിക്കുകയായിരുന്നു ഈ പ്രഖ്യാപനത്തിലൂടെ. ഇതിന്റെ പൂര്‍ണമായ ചെലവ് ഷാര്‍ജ വഹിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മാത്രമല്ല, ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയായാല്‍ താന്‍ തന്നെ അതിന്റെ ഉദ്ഘാടനത്തിന് വരാമെന്ന് കൂടി സമ്മതിച്ചാണ് അദ്ദേഹം മടങ്ങിയത്. ഒരു അറബിക് സര്‍വകലാശാല നാളേറെയായുള്ള കേരളത്തിന്റെ സ്വപ്‌നമാണ്. വിവാദങ്ങളില്‍ കുരുങ്ങി അത് നടപ്പാകാതെ പോകുന്ന ഘട്ടത്തിലാണ് ഇങ്ങിനെയൊരു പഠന കേന്ദ്രം വരുന്നത്. അതും കേരളത്തിന് സാമ്പത്തിക ബാധ്യത വരാത്ത വിധം.

ഷാര്‍ജാ ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശവും പ്രതീക്ഷ നല്‍കുന്നതാണ്. പൊതുവെ കടമ്പകളേറെയുള്ളതാണ് ഷാര്‍ജ ഡ്രൈവിംഗ് ലൈസന്‍സ്. ഇത് കേരളത്തില്‍ നിന്ന് തന്നെ ലഭ്യമാക്കാനുള്ള ഇടപെടലുകളാണ് പ്രതീക്ഷിക്കുന്നത്. ഷാര്‍ജയില്‍ ജോലിക്കു പോകുന്നവര്‍ക്ക് കേരളത്തില്‍ തന്നെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാക്കുന്നതിനുളള മുഖ്യമന്ത്രിയുടെ നിര്‍ദേശം തത്വത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. യു എ ഇ നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ ടെസ്റ്റ് ഷാര്‍ജാ അധികാരികള്‍ കേരളത്തില്‍ നടത്തുകയെന്ന നിര്‍ദേശമാണ് പരിഗണിക്കപ്പെടുന്നത്.

വിദേശത്ത് ജോലി തേടുന്ന കേരളത്തിലെ യുവജനങ്ങളുടെ തൊഴില്‍പരമായ കഴിവും വൈദഗ്ധ്യവും വര്‍ധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് നഴ്‌സിംഗ് മേഖലയില്‍, നൈപുണ്യവികസന കേന്ദ്രങ്ങളുടെ ശൃംഖലയുണ്ടാക്കണമെന്ന ആശയവും ശൈഖ് സുല്‍ത്താന്‍ തന്നെ മുന്നോട്ടു വെച്ചു. ചരിത്ര രേഖാശേഖരണവും സുല്‍ത്താനും എന്ന വിഷയത്തില്‍ അദ്ദേഹം നടത്തിയ പ്രഭാഷണത്തിലും ഈ ആശയം പങ്കുവെച്ചു. ശൈഖ്‌സുല്‍ത്താന്റെ അറിവിന്റെ ആഴവും വിശാലമായ വായനയും പ്രതിഫലിക്കുന്നതായിരുന്നു ഒരു മണിക്കൂര്‍ നീണ്ട അദ്ദേഹത്തിന്റെ പ്രഭാഷണവും അതിനുശേഷമുള്ള ചോദ്യോത്തര വേദിയും. വ്യക്തമായ ചരിത്ര രേഖകളുടെ പിന്‍ബലത്തിലാണ് ഇന്‍ഡോ അറബ് മേഖലകളെ അദ്ദേഹം അവതരിപ്പിച്ചത്.

കേരളത്തിന്റെ ബഹുസ്വരതയെ വലിയ ആദരവോടെയാണ് അദ്ദേഹം സമീപിച്ചത്. സാംസ്‌കാരിക പരിപാടികളിലെ വൈവിധ്യം അദ്ദേഹം എടുത്തുപറഞ്ഞു. ഒരു ഭരണാധികാരിക്കപ്പുറം ലക്ഷക്കണക്കിന് മലയാളികളുടെ അന്നദാതാവ് കൂടിയാണെന്ന വസ്തുത ഉള്‍ക്കൊണ്ടുള്ള സ്വീകരണമാണ് കേരളം ഒരുക്കിയത്. ശൈഖ് സുല്‍ത്താന്റെ വിവിധ പരിപാടികളില്‍ പങ്കെടുത്ത കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ള പ്രമുഖര്‍ ഇത് എടുത്തുപറഞ്ഞു. കണ്ണ്ചിമ്മിത്തുറക്കുന്ന വേഗതയില്‍ തീരുമാനം നടപ്പായതിന്റെ അമ്പരപ്പാണ് ശൈഖ് സുല്‍ത്താന്റെ മിനിസ്റ്റര്‍ ഇന്‍ വെയിറ്റിംഗ് ആയിരുന്ന മന്ത്രി ഡോ. കെ ടി ജലീല്‍ പങ്കുവെച്ചത്.