ആട് ഇല കടിച്ചുപോകുന്നതു പോലെയാണ് അമിത് ഷായുടെ യാത്ര : കോടിയേരി

Posted on: October 3, 2017 8:48 pm | Last updated: October 4, 2017 at 6:52 pm

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ യാത്ര ആട് ഇല കടിച്ചുപോകുന്നതുപോലെയാണ് കോടിയേരി ബാലകൃഷണന്‍. ആട് ഒരിടത്ത് ഇല കടിച്ചാല്‍ പിന്നെ വേറൊരിടത്തായിരിക്കും. അതുപോലെ അമിത് ഷായുടെ യാത്ര ആദ്യ ദിവസം പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെ. പിന്നെ വിശ്രമം. നടക്കുമ്പോള്‍ കാലു പൊട്ടുന്നതു കൊണ്ടാകും വിശ്രമം. പിന്നെ രണ്ടു ദിവസം കഴിഞ്ഞാണു യാത്ര. കേരളത്തില്‍ നടന്ന യാത്രാ ചരിത്രത്തെ തന്നെ പരിഹസിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി.

കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ നടന്ന യാത്രകളെ കുറിച്ച് അമിത് ഷായ്ക്കു സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞുകൊടുക്കണം. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള എംപിമാരും എംഎല്‍എമാരും ജാഥയില്‍ പങ്കെടുക്കുന്നുണ്ടെന്നാണു പറയുന്നത്. പ്രകൃതി ഭംഗി ആസ്വദിച്ച് അവര്‍ യാത്ര ചെയ്യട്ടെ. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി അവര്‍ക്കു വെളിപ്രദേശങ്ങളില്‍ മൂത്രമൊഴിക്കേണ്ടി വരില്ല. എല്ലായിടത്തും കക്കൂസ് ഉണ്ട്. കക്കൂസ് ഉണ്ടാക്കാനാണു പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുന്നതെന്നാണല്ലോ പറയുന്നത്. കേരളത്തില്‍ എല്ലായിടത്തും കക്കൂസ് ഉള്ളതിനാല്‍ ഈ വിലവര്‍ധനയില്‍നിന്നു ജാഥയ്ക്കു ശേഷമെങ്കിലും കേരളത്തെ ഒഴിവാക്കണമെന്നും കോടിയേരി പറഞ്ഞു