സൗഹൃദ കൂട്ടായ്മകള്‍ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലുകളാണ്: എം ജി എസ് നാരായണന്‍

Posted on: October 3, 2017 11:24 am | Last updated: October 3, 2017 at 11:25 am
SHARE
എസ് എസ് എഫ്‌കോഴിക്കോട് ജില്ലാ കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച മതേതര വിദ്യാര്‍ഥി കൂട്ടായ്മ
ഡോ. എം ജി എസ് നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: മത സൗഹാര്‍ദ സംഗമങ്ങളും മതേതര കൂട്ടായ്മകളും പുതിയ സൃഷ്ടിയല്ലെന്നും ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ മാത്രമാണെന്നും പ്രമുഖ ചരിത്ര പണ്ഡിതന്‍ ഡോ. എം ജി എസ് നാരായണന്‍ പറഞ്ഞു. ‘വരൂ, നമുക്കൊരുമിച്ച് പാടാം ഫാസിസത്തിനെതിരെ’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച മതേതര വിദ്യാര്‍ഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലേക്ക് കടന്നുവന്ന മുഴുവന്‍ സംസ്‌കാരങ്ങളെയും മതങ്ങളെയും സ്വീകരിച്ച ചരിത്രമാണ് നമുക്കുള്ളതെന്നും അത്തരം പാരമ്പര്യത്തെ ജ്വലിപ്പിക്കുന്ന സന്ദേശങ്ങളാണ് ഇത്തരം കൂട്ടായ്മകളില്‍ തെളിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഹാമിദലി സഖാഫി പാലാഴി അധ്യക്ഷനായി. എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കാസിം ഇരിക്കൂര്‍, എ പി മുരളീധരന്‍, എം ജീവേഷ്, സി എന്‍ ജഅ്ഫര്‍ സ്വാദിഖ്, എന്‍ അലി അബ്ദുല്ല, കെ അബ്ദുല്‍ കലാം മാവൂര്‍ സംസാരിച്ചു. അഡ്വ. എ കെ ഇസ്മാഈല്‍ വഫ, ജി അബൂബക്കര്‍, നാസര്‍ ചെറുവാടി, റശീദ് സഖാഫി മുക്കം, അക്ബര്‍ സ്വാദിഖ്, ശരീഫ് സഖാഫി താത്തൂര്‍, സജീര്‍ വാളൂര്‍, പി എം മുഹമ്മദ് ഫെബാരി, ഡോ. എം എസ് മുഹമ്മദ് സംബന്ധിച്ചു. മത സൗഹാര്‍ദം വിളിച്ചോതുന്ന സൗഹൃദച്ചിന്ത് പരിപാടിയുടെ ഭാഗമായി നടന്നു. ജാബിര്‍ നെരോത്ത് സ്വാഗതവും ഖാസിം ചെറുവാടി നന്ദിയും പറഞ്ഞു.

ഫാസിസത്തെ സര്‍ഗാത്മകമായി പ്രതിരോധിച്ച് സൗഹൃദച്ചിന്ത്

മുക്കം: ജനാധിപത്യ ഭാരതത്തിന്റെ പാരമ്പര്യത്തെ വര്‍ണിച്ചും രാജ്യത്തിന്റെ മതേതര മുഖം വികൃതമാക്കുന്ന ഫാസിസത്തെ സര്‍ഗാത്മകമായി പ്രതിരോധിച്ചും മതേതര വിദ്യാര്‍ഥി കൂട്ടായ്മയില്‍ അവതരിപ്പിച്ച സൗഹൃദച്ചിന്ത് ശ്രദ്ധേയമായി. ചന്ദനക്കുറിയും നിസ്‌കാരത്തഴമ്പും കുരുശുമാലയും സംഗമിക്കുന്ന മതേതര ഭാരതത്തെ ഗദ്യപദ്യ സമ്മിശ്രാവതരണത്തിലൂടെ വേദിയില്‍ അവതരിപ്പിച്ചത് സംസ്ഥാന സാഹിത്യോത്സവ് പ്രതിഭകളാണ്. മുഹമ്മദ് നാഫിദ് ഇരിങ്ങല്ലൂര്‍, നാസിഫ് കോഴിക്കോട്, ശമ്മാസ് കാന്തപുരം, ഹബീബ് പൂനൂര്‍, സാബിത്ത് അടിവാരം, നിസാമുദ്ദീന്‍ പുത്തൂര്‍മഠം, ശമീം കാന്തപുരം എന്നിവര്‍ സൗഹൃദച്ചിന്തിന് നേതൃത്വം നല്‍കി.

വര്‍ഗീയതയുടെ കൊടുവിഷം ചുരത്തുകയാണിവിടെ, ഒന്നിച്ച് ചേര്‍ന്ന് പൂവനം പണിയേണ്ടവര്‍ പുഴുക്കളായി കലഹിക്കുകയാണ് എന്ന് തുടങ്ങുന്ന വരികള്‍ നമുക്കൊരുമിച്ചു കാവലിരിക്കാം എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here