ശൈശവ വിവാഹം: തമിഴ്‌നാട് മുന്നില്‍

Posted on: October 3, 2017 10:43 am | Last updated: October 3, 2017 at 10:43 am

ബെംഗളൂരു: രാജ്യത്ത് ശൈശവ വിവാഹം ഏറ്റവും കൂടുതല്‍ നടക്കുന്നത് തമിഴ്‌നാട്ടിലാണെന്ന് ഇത് സംബന്ധിച്ച് നടത്തിയ പഠനം. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം കര്‍ണാടകക്കാണ് രണ്ടാം സ്ഥാനം. 2013ന് ശേഷം തമിഴ്‌നാട്ടില്‍ 179 ശൈശവ വിവാഹങ്ങളാണ് നടന്നത്. ഈ കാലയളവില്‍ കര്‍ണാടകത്തില്‍ 130 ശൈശവ വിവാഹങ്ങള്‍ നടന്നു. പശ്ചിമബംഗാള്‍ (118), ആന്ധ്രാപ്രദേശ് (50), അസം (41) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

കര്‍ണാടകയില്‍ വനിതാ- ശിശുക്ഷേമ മന്ത്രി ഉമാശ്രീയുടെ നാടായ ബാഗല്‍കോട്ട്, ദാവങ്കരെ എന്നിവിടങ്ങളിലാണ് കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക ബാധ്യത മൂലമാണ് മാതാപിതാക്കള്‍ കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിച്ച് വിടുന്നത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഗര്‍ഭിണിയാകുന്നതിനാല്‍ ഭാരം കുറഞ്ഞ കുട്ടികളുണ്ടാകുന്നതിനും ശിശുമരണത്തിനും കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. അക്ഷയ തൃതീയ പോലുള്ള ഉത്സവ കാലങ്ങളിലാണ് ശൈശവ വിവാഹങ്ങള്‍ കൂടുതലും നടക്കുന്നത്.
ഉത്സവകാലങ്ങളില്‍ ശൈശവ വിവാഹം നടക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.