താജ് മഹലിനെ യു പി ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്ന് തഴഞ്ഞു

Posted on: October 3, 2017 9:46 am | Last updated: October 3, 2017 at 9:26 am

ലഖ്‌നൗ: ലോകത്തെ സപ്താത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തഴഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആറ് മാസത്തെ ഭരണം രേഖപ്പെടുത്തിയ ലഘുലേഖയില്‍ നിന്നാണ് താജ് മഹലിനെ ഒഴിവാക്കിയിരിക്കുന്നത്. യോഗി ആദിത്യനാഥ് മുഖ്യപുരോഹിതനായുള്ള ഗോരഖ്‌നാഥ് ക്ഷേത്രമുള്‍പ്പെടെയുള്ളവ ടൂറിസ്റ്റ് ഗൈഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആശയവിനിമയത്തില്‍ വന്ന പിശകാണ് താജ് മഹല്‍ ഉള്‍പ്പെടാത്തതിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ബുക്ക്‌ലെറ്റ് പ്രസ്‌കോണ്‍ഫറന്‍സിനു വേണ്ടി തയ്യാറാക്കിയതാണെന്നും അത് വിനോദസഞ്ചാര ഗൈഡ് എന്ന രീതിയിലല്ല അച്ചടിച്ചിരിക്കുന്നതെന്നും ടൂറിസം വകുപ്പ് ഉദ്യോസ്ഥന്‍ അവനിഷ് അശ്വതി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനുദ്ദേശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താജ് പാര്‍ക്കിംഗ് പ്രൊജക്ട്, താജിനെ ആഗ്ര ഫോര്‍ട്ടുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പദ്ധതി എന്നിങ്ങനെ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ ടൂറിസം വകുപ്പ് നടത്താനുദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. താജ്മഹലിനെ ടൂറിസം ലഘുലേഖയില്‍ നിന്ന് ഒഴിവാക്കിയ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ താജ് സ്മാരകത്തിന്റെ യഥാര്‍ഥ മൂല്യം ഉള്‍കൊള്ളുന്നുണ്ടെന്നും സഞ്ചാരികള്‍ക്ക് വേണ്ടി ആഗ്രയില്‍ വിമാനത്താവളം യോഗി സര്‍ക്കാറിന്റെ പരിഗണനയിലുള്ള കാര്യമാണെന്നും മന്ത്രി സിദ്ധാര്‍ഥ നാഥ് സിംഗ്പ്രതികരിച്ചു.