ശ്രീനഗറില്‍ ബിഎസ്എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; നാലു ജവാന്മാര്‍ക്ക് പരിക്ക്

Posted on: October 3, 2017 9:15 am | Last updated: October 3, 2017 at 12:38 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വിമാനത്താവളത്തിന് സമീപമുള്ള ബിഎസ്എഫ് ക്യാമ്പിന് നേരെ ചാവേറാക്രമണം. നാലു ഭീകരര്‍ ക്യാമ്പിനുള്ളില്‍ പ്രവേശിച്ചതായാണ് വിവരം. സൈന്യംനടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. നാല് സൈനികര്‍ക്ക് പരിക്കേറ്റു.

ഭീകരരുടെ സംഘത്തിലെ ഒരാളെക്കൂടി സൈന്യം വധിച്ചെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് ഏറ്റമുട്ടല്‍ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ ജെയ്ഷ്ഇമുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.

ബിഎസ്എഫ് 182 ബറ്റാലിയന്‍ ക്യാമ്പിന് നേരെ ഇന്ന് പുലര്‍ച്ചെ 3.45 ഓടെയാണ് ആക്രമണമുണ്ടായത്. ഭീകരരെ പിടികൂടുന്നതിനുള്ള ശ്രമം തുടരുകയാണ്. ചാവേറാക്രമണത്തെ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.

മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല. തന്ത്രപ്രധാനമായ വ്യോമസേനാ സ്‌റ്റേഷനും ഇതിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.