Connect with us

Gulf

വൃദ്ധരുടെ റോഡ് സുരക്ഷ ഉറപ്പുവരുത്തണമെന്ന് അബുദാബി പോലീസ്

Published

|

Last Updated

അബുദാബി: വൃദ്ധജനങ്ങളുടെ സുരക്ഷാകാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യര്‍ഥിച്ചു. വൃദ്ധദിനത്തോടനുബന്ധിച്ച് അബുദാബി പോലീസ് ഇന്നലെ ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

റോഡ് മുറിച്ചുകടക്കുന്ന കാര്യത്തില്‍ ഡ്രൈവര്‍മാര്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്തിയ പരിഗണന നല്‍കണം. പ്രത്യേകിച്ചും വൃദ്ധജനങ്ങള്‍ക്ക്. സ്വസ്ഥമായും ആശങ്കകളില്ലാതെയും റോഡ് മുറിച്ചുകടക്കാനുള്ള സാഹചര്യം വാഹനമോടിക്കുന്നവര്‍ ഒരുക്കിക്കൊടുക്കണം, പോലീസ് പത്രക്കുറിപ്പില്‍ പറയുന്നു. വൃദ്ധജനങ്ങളോട് നമ്മുടെ രാജ്യത്തിന്റെ മഹിതപാരമ്പര്യമനുസരിച്ചുള്ള പെരുമാറ്റങ്ങളും സമീപനങ്ങളും മറ്റുള്ളവര്‍ ഉറപ്പുവരുത്തണം.

വൃദ്ധദിനത്തോടനുബന്ധിച്ച് അബുദാബി പോലീസ് അല്‍ റഹ്ബ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വൃദ്ധരെ സന്ദര്‍ശിച്ചു. പോലീസ് നിയമിച്ച വനിതാ പോലീസുകാരടക്കമുള്ള സംഘമാണ് ആശുപത്രിയില്‍ വൃദ്ധരോഗികളെ സന്ദര്‍ശിച്ചത്. പൂക്കളും മറ്റും നല്‍കിയാണ് സംഘം രോഗികളെ കാണാനെത്തിയത്. സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് വൃദ്ധദിനത്തില്‍ പോലീസ് ആശുപത്രിയില്‍ സന്ദര്‍ശിച്ച് വൃദ്ധരോഗികളെ പ്രത്യേകം ആശ്വസിപ്പിച്ചതെന്ന് പോലീസ് പത്രക്കുറിപ്പില്‍ പറയുന്നു.