കാഴ്ചശക്തി കൂട്ടാന്‍ ആയുര്‍വേദ പരിഹാരം

Posted on: October 2, 2017 8:38 pm | Last updated: October 2, 2017 at 8:38 pm

മനുഷ്യന് ദൈവം കനിഞ്ഞുനല്‍കിയ പഞ്ചേന്ദ്രിയങ്ങളില്‍ വെച്ച് ഏറ്റവും മനോഹരമായതാണ് കണ്ണ്. ഈ ലോകത്തിന്റെ അനന്തമായ സൗന്ദര്യം ആസ്വദിക്കാന്‍ ആരോഗ്യമുള്ള കണ്ണുകള്‍ വേണം. ടെക്‌നോളജി നിറഞ്ഞാടുന്ന പുതുയുഗത്തില്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ സദാ കണ്ണുതുറന്നിരിക്കുന്നവരാണ് നമ്മള്‍. ഉറങ്ങുമ്പോള്‍ ഒഴിച്ച് മറ്റു സമയങ്ങളില്‍ എല്ലാം നമ്മുടെ കണ്ണുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്, വിശ്രമമില്ലാതെ. അതുകൊണ്ട് തന്നെ കണ്ണുകളുടെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്.

ഭക്ഷണശീലം വഴി കണ്ണിന്റെ കാഴ്ചശക്തി കരുത്തുറ്റതാക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കാഴ്ചക്ക് തിളക്കം കൂട്ടാന്‍ സഹായകമായ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:

  • ബദാം, ഉണക്കമുന്തിരി, അത്തിക്ക എന്നിവ രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് അതിന്റെ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുക.
  • ഒരു കപ്പ് കാരറ്റ്, നെല്ലിക്ക ജ്യൂസ് വെറുംവയറ്റില്‍ കഴിക്കുക. കാരറ്റില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ കണ്ണിന് നല്ലതാണ്.
  • ചെമ്പുപാത്രത്തില്‍ രാത്രി മുഴുവനും സൂക്ഷിച്ച വെള്ളം വെറുംവയറ്റില്‍ കുടിക്കുക. കണ്ണിനെ ബാധിക്കുന്ന പല രോഗങ്ങള്‍ക്കും ഇത് പ്രതിവിധിയാണ്.
  • ചൂടു വെള്ളത്തില്‍ കുതിര്‍ത്തുവെച്ച ബദാം തൊലി കളഞ്ഞ് തേനില്‍ ചേര്‍ത്ത് കഴിക്കുക.
  • ചീരയും അയമോദകവും ഉപയോഗിച്ച് ഗ്രീന്‍ സ്മൂത്തി ഉണ്ടാക്കി ദിവസവും കഴിക്കുക.
  • ചീര, മധുരക്കിഴങ്ങ്, കാബേജ്, മുള്ളങ്കി, കടുക്‌ചെടി തുടങ്ങിയവയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ എ, സി ബയോ ഫ്‌ളവനോയിഡ്, കരോറ്റെനോയിഡ്, ഒമേഗ-3, ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് കാഴ്ചശക്തി കൂട്ടാന്‍ സഹായിക്കും.