വിമര്‍ശനങ്ങളോട് ഭയം എന്തിന്?

Posted on: October 2, 2017 9:38 am | Last updated: October 2, 2017 at 9:38 am

ജനാധിപത്യത്തില്‍ സംവാദത്തിന്റെ വാതില്‍ എപ്പോഴും തുറന്നുകിടക്കേണ്ടതാണ്. അനുകൂലമായ അഭിപ്രായ പ്രകടനങ്ങളെയെന്ന പോലെ വിമര്‍ശനങ്ങളെയും ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്സാണ് ജനാധിപത്യത്തിന്റെ സ്വഭാവം. എന്നാല്‍ ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യ രാജ്യം എന്നറിയപ്പെട്ട ഇന്ത്യയിലെ ഇന്നത്തെ ഭരണാധികാരികള്‍ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെ ഭയപ്പെടുകയാണ്. തങ്ങള്‍ക്കെതിരെ വരുന്ന ഗുണകാംക്ഷാപരമായ വിമര്‍ശനങ്ങളെ പോലും അവര്‍ക്ക് പൊറുക്കാനാകുന്നില്ല. വിമര്‍ശകരെയും സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്തുന്നവരെയും സ്വാധീനിച്ചു നാവടപ്പിക്കുകയോ അടിച്ചമര്‍ത്തുകയോ ആണ് അവരുടെ ശൈലി. ഇതിന്റെ പുതിയ ഉദാഹരണമാണ് ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്ററായിരുന്ന ബോബി ഘോഷിനെ സ്ഥാനത്തു നിന്ന് മാറ്റിയ നടപടി.
ടൈംസ് മാഗസിന്റെ അന്താരാഷ്ട്ര എഡിറ്റര്‍, ക്വാര്‍ട്‌സ് മാനേജിംഗ് എഡിറ്റര്‍ തുടങ്ങി വലിയ സ്ഥാനങ്ങള്‍ വഹിക്കുകയും ആഗോളതലത്തില്‍ ശ്രദ്ധേയനാകുകയും ചെയ്ത ബോബി ഘോഷ് 2016 മെയ് മാസത്തിലാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്ററായത്. സംഘ്പരിവാറിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ കടുത്ത വിയോജിപ്പായിരുന്നു ഘോഷിന്. മുസ്‌ലിംകള്‍ക്കും ദളിതര്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങളെയും വിദ്വേഷ മ്രപചാരണങ്ങളെയും അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിലൂടെ തുറന്നുകാട്ടി. ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യാനായി ‘ഹെയ്റ്റ് ട്രാക്കര്‍’ എന്നൊരു പംക്തി തന്നെ ആരംഭിച്ചു. അദ്ദേഹം വന്ന ശേഷം പത്രത്തിന് വന്‍ പ്രചാരമാണ് കൈവന്നത്. ഇതില്‍ ഏറെ പങ്ക് വഹിച്ചത് ‘ഹെയ്റ്റ് ട്രാക്കര്‍’ ആയിരുന്നു. ഇത് കേന്ദ്ര ഭരണ കൂടത്തിനും സംഘ്പരിവാറിനും തീരെ ദഹിച്ചില്ലെന്നത് സ്വാഭാവികം. ബോബി ഘോഷ് അവരുടെ കണ്ണില്‍ കരടായി മാറി.
അതിനിടെയാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ചടങ്ങിലേക്ക് ക്ഷണിക്കാനായി സ്ഥാപന ഉടമ ശോഭന ഭാരതി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. അതു കഴിഞ്ഞ ഉടനെ സെപ്റ്റംബര്‍ 11ന് ബോബി ഘോഷ് പത്രാധിപ സ്ഥാനത്തു നിന്നു ഒഴിയുകയാണെന്നും ന്യൂയോര്‍ക്കിലേക്ക് മടങ്ങുകയാണെന്നും ഭാരതി പ്രഖ്യാപിക്കുകയായിരുന്നു. മോദി- ഭാരതി കൂടിക്കാഴ്ചയിലുണ്ടാക്കിയ നീക്കുപോക്കാണ് ഘോഷിനെ നീക്കുന്നതില്‍ കലാശിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പത്രാധിപസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ആവശ്യപ്പെട്ടെന്നാണ് ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തെ ഒഴിവാക്കി രണ്ട് ദിവസത്തിനകം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ‘ഹെയ്റ്റ് ട്രാക്കര്‍’ ട്വീറ്റുകള്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ഡല്‍ഹിയിലേയും മുംബൈയിലേയും എഡിറ്റര്‍മാര്‍ക്ക് നിര്‍ദേശം ലഭിക്കുകയുമുണ്ടായി. ഏകപക്ഷീയമായ ഈ തീരുമാനത്തോട് ബോബി ഘോഷ് ഒന്നും പ്രതികരിക്കാതിരുന്നത് സ്ഥാനത്യാഗം ബലപ്രയോഗത്തിലൂടെയാണെന്ന് സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന് പകരം ബി ജെ പിയോട് മൃദുസമീപനം സ്വീകരിക്കുന്ന പുതിയ പത്രാധിപരെ നിയമിക്കുകയുമുണ്ടായി.
മാധ്യമങ്ങള്‍ക്ക് നിലനില്‍പ് വേണമെങ്കില്‍ ഹിന്ദുത്വത്തിനെതിരെ ഒന്നും എഴുതുകയോ സംസാരിക്കുകയോ ചെയ്യരുതെന്ന സ്ഥിതിവിശേഷം രാജ്യത്ത് സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് സംഘ്പരിവാര്‍. ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിച്ചെങ്കിലേ നിലനില്‍പ്പ് സാധ്യമാകൂ എന്നൊരു ചിന്താഗതി പല മാധ്യമ മാനേജ്‌മെന്റുകളിലും വന്നുകഴിഞ്ഞു. കൊടിഞ്ഞിയിലെ ഫൈസല്‍ വധത്തിലും മറ്റും മുഖ്യധാരാ പത്രങ്ങള്‍ സ്വീകരിച്ച നിലപാട് ഇതിന് വ്യക്തമായ തെളിവാണ്. ആര്‍ എസ് എസുകാരുടെ ആസൂത്രിതമായ കൊലയാണിതെന്നറിയാമായിരുന്നിട്ടും അക്കാര്യം പലരും മറച്ചുവെച്ചു. അതേസമയം, വ്യക്തി വിദ്വേഷത്തിനോ മറ്റോ ഒരു മുസ്‌ലിം നാമധാരി മറ്റൊരു മതസ്ഥനെ അക്രമിക്കുകയോ കൊല്ലുകയോ ചെയ്താല്‍ മുസ്‌ലിം തീവ്രവാദമെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ വല്ലാതെ പാടുപെടുന്നുമുണ്ട്.
‘അധികാരത്തിലിരിക്കുന്നവര്‍ വിമര്‍ശനത്തിനു വിധേയരാകും. സ്‌നേഹബുദ്ധിയോടെയുള്ള വിമര്‍ശനമെങ്കില്‍ അവസാനമില്ലാത്ത വിമര്‍ശനത്തിന് അവര്‍ വിധേയരാകണം’- ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകളാണിത്. മാധ്യമങ്ങളുടെ വിമര്‍ശനങ്ങളോട് സര്‍ക്കാറുകള്‍ സഹിഷ്ണുതയോടെ പ്രതികരിക്കണമെന്നു നെഹ്‌റു ഓര്‍മിപ്പിക്കാറുണ്ടായിരുന്നു. ഇതാണ് നല്ല ഭരണാധികളുടെ മാതൃക. ഭരണം മെച്ചപ്പെടുത്താന്‍ പ്രത്യേകിച്ചും ജനാധിപത്യ സംവിധാനത്തില്‍ പ്രതികൂല വീക്ഷണങ്ങള്‍ ആവശ്യമാണെന്ന് മനസ്സിലാക്കിയവരായിരുന്നു രാജ്യത്തിന്റെ ആദ്യകാല ഭരണാധികാരികള്‍. അത് പ്രകടിപ്പിക്കുന്നവരുടെ നാവരിയാനുള്ള ശ്രമം ഫാസിസത്തിന്റെ ശൈലിയാണ്.