സൈനികനും തെളിയിക്കണം, അനധികൃതനല്ലെന്ന്

ഇന്ത്യന്‍ പൗരനാണെന്ന രേഖകള്‍ ഹാജരാക്കാന്‍ മുന്‍ സൈനികന് നോട്ടീസ്‌
Posted on: October 2, 2017 9:02 am | Last updated: October 2, 2017 at 10:40 am
മുഹമ്മദ് ഹഖ് സൈനിക ചടങ്ങിനിടെ (ഫയല്‍)

ഗുവാഹത്തി: മുപ്പത് വര്‍ഷം ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച അസം സ്വദേശി മുഹമ്മദ് അസ്മല്‍ ഹഖ് ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനല്ലെന്ന് തെളിയിക്കാന്‍ ഈ മാസം 13ന് വൈദേശിക ട്രൈബ്യൂണലില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചിരിക്കുകയാണ് അമ്പതുകാരനായ ഈ മുന്‍ സൈനിക ഉദ്യോഗസ്ഥന്.
അസമിലെ കാംരൂപ് ജില്ലിയില്‍ 1968ല്‍ ജനിച്ച അസ്മല്‍ ഹഖിനെ സംബന്ധിച്ച് ഈ നോട്ടീസ് വലിയ അവഹേളനമാണ്. ‘എനിക്ക് വലിയ സങ്കടമുണ്ട്. ഒരുപാട് കരഞ്ഞു. ഹൃദയം തകര്‍ന്നു. 30 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം എന്നെ കാത്തിരുന്നത് ഇങ്ങനെയൊരു അവഹേളനമാണ്. ഞാന്‍ അനധികൃത ബംഗ്ലാദേശിയായിരുന്നെങ്കില്‍ എനിക്കെങ്ങനെ ഇന്ത്യന്‍ സേനയില്‍ ചേരാന്‍ സാധിക്കും?’- ഹഖ് ചോദിക്കുന്നു. സൈന്യത്തില്‍ ചേരാന്‍ പോലീസ് പരിശോധന നിര്‍ബന്ധമാണ്. തന്റെ കാര്യത്തിലും ഇതൊക്കെ മുറക്ക് നടന്നതാണ്. അന്നൊന്നും ഇല്ലാത്ത സംശയം ഇപ്പോള്‍ ഉണ്ടാകുന്നതെങ്ങനെയെന്നും ഹഖ് ആശ്ചര്യപ്പെടുന്നു.

1968ലെ വോട്ടര്‍ പട്ടികയില്‍ ഹഖിന്റെ പിതാവ് മഖ്ബൂല്‍ അലിയുടെ പേരും ഉണ്ട്. 1951ലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ മാതാവ് രഹിമോന്‍ നെസയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. രേഖകള്‍ നിരത്തി ഹഖ് പറയുന്നു. കുടുംബത്തില്‍ ഈ പരീക്ഷണം നേരിടുന്ന ആദ്യ വ്യക്തിയല്ല ഹഖ്. 2012ല്‍ ഭാര്യ മുംതാസ് ബീഗവും സമാന ആരോപണം നേരിട്ടതാണ്. അന്ന് രേഖകളെല്ലാം വൈദേശിക ട്രൈബ്യൂണലില്‍ സമര്‍പ്പിച്ചാണ് താന്‍ ഇന്ത്യക്കാരിയാണെന്ന് അവര്‍ തെളിയിച്ചത്.
ഗുവാഹത്തിക്ക് സമീപം ചയ്യോഗാവില്‍ താമസിച്ചുവരുന്ന ഹഖിന് ഇതിന് മുമ്പും വൈദേശിക ട്രൈബ്യൂണലിന്റെ നോട്ടീസ് ലഭിച്ചിരുന്നു. ‘സംശയാസ്പദ വോട്ടര്‍’ എന്ന പട്ടികയിലാണ് സൈന്യത്തില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തെ പെടുത്തിയിട്ടുള്ളത്. യാതൊരു അന്വേഷണവും നടത്താതെയാണ് അസാമില്‍ ആളുകളെ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തുന്നതെന്ന ആക്ഷേപവുമുണ്ട്.
ഏറെ വര്‍ഷങ്ങളായി അസാമില്‍ അനധികൃത കുടിയേറ്റം ചൂടുള്ള രാഷ്ട്രീയ വിഷയമാണ്. ബംഗ്ലാദേശുമായുള്ള 262 കിലോമീറ്റര്‍ അതിര്‍ത്തി അടച്ച് ആ രാജ്യത്തില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയുമെന്ന് വാഗ്ദാനം ചെയ്താണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ബി ജെ പി അധികാരത്തില്‍ എത്തിയത്. അതിന് ശേഷം അനധികൃത കുടിയേറ്റ വിഷയം സജീവ ചര്‍ച്ചയാക്കി നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചുവരുന്നത്.

എന്താണ് വൈദേശിക ട്രൈബ്യൂണല്‍?

രാജ്യത്തെ അനധികൃത വിദേശ കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് അസാമില്‍ സ്ഥാപിച്ചതാണ് വൈദേശിക ട്രൈബ്യൂണലുകള്‍ (ഫോറീനേഴ്‌സ് ട്രൈബ്യൂണല്‍). 1964ലെ ഫോറീനര്‍ (ട്രൈബ്യൂണല്‍) ഓര്‍ഡര്‍ പ്രകാരം ഇത്തരത്തില്‍ നിരവധി ട്രൈബ്യൂണലുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
അനധികൃത കുടിയേറ്റത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയ ആള്‍ അസാം സ്റ്റുഡന്റ് യൂനിയനുമായി (എ എ എസ് യു) 1986ല്‍ രാജീവ് ഗാന്ധിയുടെ നേതത്വത്തിലുള്ള അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ അസാം ഉടമ്പടി പ്രകാരം 1986ലാണ് ആദ്യ വൈദേശിക ട്രൈബ്യൂണല്‍ സംസ്ഥാനത്ത് രൂപവത്കൃതമാകുന്നത്. നിലവില്‍ നൂറോളം ടൈബ്യൂണലുകളാണുള്ളത്.
കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് 1951- 71 കാലത്ത് ഇന്ത്യയിലെത്തിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാമെന്ന് അസാം ഉടമ്പടി വ്യക്തമാക്കുന്നു. ഇങ്ങനെ പൗരത്വം ലഭിച്ചവര്‍ക്ക് ഇന്ത്യന്‍ ഭരണഘടന പ്രകാരമുള്ള എല്ലാ അവകാശങ്ങളും നല്‍കണമെന്ന് പറയുന്നുണ്ടെങ്കിലും അത് ഇന്നും പ്രാവര്‍ത്തികമായിട്ടില്ല. പലരും ഇപ്പോഴും വോട്ടര്‍ പട്ടികക്ക് പുറത്താണ്.
1986ന് ശേഷം അസാമില്‍ 80,000ത്തോളം പേരുടെ പൗരത്വമാണ് ട്രൈബ്യൂണലുകള്‍ അനധികൃതമെന്ന് കണ്ടെത്തിയിട്ടുള്ളത്. ഇവരില്‍ 29,729 പേരെ നാടുകടത്തിയതായാണ് വിവരം. ഇത് സംബന്ധിച്ച രേഖകള്‍ അസാം പോലീസിന്റെ കൈവശമുണ്ടെങ്കിലും പുറത്തുവിടാന്‍ ഇതുവരെ തയ്യാറായിട്ടില്ല.