ചരിത്രം സൃഷ്ടിച്ച യുവജന പ്രസ്ഥാനം

സാന്ത്വന സേവന രംഗത്ത് മികച്ച മുന്നേറ്റമാണിന്ന് സംഘടന നടത്തി കൊണ്ടിരിക്കുന്നത്. ഓരോ യൂനിറ്റിലും ഓരോ സാന്ത്വന കേന്ദ്രം എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 4318 യൂനിറ്റില്‍ ഇത് പൂര്‍ത്തിയായി. കിടപ്പിലായ രോഗികള്‍ക്കും അപകടത്തില്‍ പെട്ടവര്‍ക്കുമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍, മയ്യിത്ത് പരിപാലന സാമഗ്രികള്‍ വരെ ലഭ്യമാവുന്ന തരത്തിലാണ് സാന്ത്വന കേന്ദ്രം സംവിധാനിച്ചിട്ടുള്ളത്. ഇത് കേന്ദ്രീകരിച്ച് ഏഴംഗ സാന്ത്വനം വളണ്ടിയര്‍മാരും പ്രവര്‍ത്തിച്ചു വരുന്നു.
എസ് വൈ എസ് സ്റ്റേറ്റ് ദഅ്‌വാ സെല്‍ സെക്രട്ടറി
Posted on: October 1, 2017 1:19 pm | Last updated: October 2, 2017 at 5:01 pm

ഇസ്‌ലാമിന്റെ കേരളാ പ്രവേശത്തോടെ തന്നെ ഈ നാടിന്റെ ഭരണ, സാമ്പത്തിക, സാമൂഹിക രംഗങ്ങളിലെല്ലാം നിര്‍ണായക സ്വാധീനം നേടാന്‍ മുസ്‌ലിം സമുദായത്തിന് സാധിച്ചിരുന്നു. കൊടുങ്ങല്ലൂരില്‍ ചേരമാന്‍ പെരുമാള്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിന് വിളിപ്പാടകലെ ഇന്ത്യയിലെ ആദ്യത്തെ പള്ളി നിര്‍മിക്കാന്‍ സാധിച്ചതും പിന്നീട് വന്ന ഭരണകൂടങ്ങള്‍ അവരുടെ നാവിക സേനയുടെ നേതൃത്വം മുസ്‌ലിംകളെ ഏല്‍പ്പിച്ചതും ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ കണ്ണൂരിലെ അറക്കല്‍ മുസ്‌ലിം കുടുംബം ഭരണമേറ്റെടുത്തതുമെല്ലാം ഇതാണ് സൂചിപ്പിക്കുന്നത്.

ഗതാഗതവും വാണിജ്യവുമെല്ലാം കടല്‍ മാര്‍ഗം നടന്നിരുന്ന അക്കാലത്ത് ഏറ്റവും വലിയ വണിക്കുകള്‍ മുസ്‌ലിംകളായിരുന്നു. അതുവഴി കേരളത്തിന്റെ നിര്‍ണായക സാമ്പത്തിക ശക്തികളായിരുന്നു അക്കാലത്തെ മുസ്‌ലിംകള്‍. ഇടക്ക് പോര്‍ച്ചുഗീസുകാരുടെ ആക്രമണമുണ്ടായപ്പോള്‍ ഈ മേല്‍ക്കൈ നഷ്ടപ്പെട്ടെങ്കിലും പിന്നീട് അവരെ ഗോവയിലേക്ക് തുരത്തി പഴയ പ്രതാപം സമുദായം തിരിച്ചു പിടിച്ചു.

ബ്രിട്ടീഷ് അധിനിവേശത്തോടെയാണ് മുസ്‌ലിം സമുദായത്തിന്റെയും നിരാശ ആരംഭിക്കുന്നത്. കേരളീയരെ മതത്തിന്റെയും ജാതീയതയുടെയും പേരില്‍ ഭിന്നിപ്പിച്ചു നിര്‍ത്തി അധികാരം നിലനിര്‍ത്താനുള്ള കുത്സിത ശ്രമത്തെ മികച്ച പോരാട്ട വീര്യത്തോടെ മുസ്‌ലിം സമുദായം ചെറുത്തു നിന്നു. അതിനവര്‍ വന്‍ വില നല്‍കേണ്ടിയും വന്നു. ബ്രിട്ടീഷുകാരുടെ തൊഴിലും വിദ്യാഭ്യാസവുമെല്ലാം ബഹിഷ്‌കരിച്ചു കൊണ്ട് തുടങ്ങിയ ചെറുത്തു നില്‍പ്പ് 1921ലെ മലബാര്‍ കലാപത്തില്‍ അവസാനിച്ചപ്പോഴേക്ക് വന്‍ നാശനഷ്ടങ്ങളാണ് മുസ്‌ലിംകള്‍ക്ക് ഉണ്ടായത്. വീടും കൃഷിയും ആരാധനാലയങ്ങളുമെല്ലാം പൂര്‍ണമായി നശിപ്പിക്കപ്പെട്ടു. പതിനായിരങ്ങള്‍ കൊലക്കത്തിക്കിരയായി. അതിലേറെ പേരെ ആന്തമാനിലേക്കും മറ്റും നാടുകടത്തി. അവരുടെ മക്കളും വിധവകളുമെല്ലാം ഒരു ചോദ്യ ചിഹ്നമായി അവശേഷിച്ചു. അതിജീവനം തന്നെ അസാധ്യമായ ഘട്ടത്തിലാണ് ആദര്‍ശ രംഗത്ത് അപകടകരമായ വാദങ്ങളുന്നയിച്ചു കൊണ്ടും ഇസ്‌ലാമിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തു കൊണ്ടും ബ്രിട്ടീഷ് ഉത്പന്നമായ വഹാബിസം തലപൊക്കുന്നത്.

മതരംഗത്തും ഭൗതിക രംഗത്തും ഒരു പോലെ പ്രതിസന്ധി നേരിട്ട ഈ സാഹചര്യം മറികടക്കാന്‍ കൂട്ടായ ശ്രമങ്ങളാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞ പണ്ഡിത നേതൃത്വം 1926ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ ഒരു പണ്ഡിത സംഘടനക്ക് രൂപം നല്‍കി. സ്വഹാബത്തിലൂടെ പകര്‍ന്നു കിട്ടിയ ആദര്‍ശം കാത്തു സൂക്ഷിക്കുന്നതോടൊപ്പം ബ്രിട്ടീഷ് തേര്‍വാഴ്ചയില്‍ നഷ്ടമായതെല്ലാം തിരിച്ചു പിടിക്കുക എന്നതായിരുന്നു ഈ സംഘടനയുടെ മുഖ്യലക്ഷ്യം. 1926 മുതല്‍ 1948 വരെ വഹാബി പ്രസ്ഥാനത്തെ അനങ്ങാന്‍ വിടാതെ സമസ്ത വരിഞ്ഞു കെട്ടി.

1948 മുതല്‍ സമുദായ രാഷ്ട്രീയ കൂട്ടായ്മ രൂപപ്പെട്ടപ്പോള്‍ അതില്‍ വലിഞ്ഞു കയറി താക്കോല്‍ സ്ഥാനത്ത് നിലയുറപ്പിച്ച വഹാബി നേതാക്കള്‍ രാഷ്ട്രീയത്തെ മറയാക്കി അവരുടെ വികലവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഈ നീക്കത്തെ ചെറുക്കാന്‍ പണ്ഡിത സഭയുടെ കീഴില്‍ ഒരു ബഹുജന പ്രസ്ഥാനം വേണമെന്ന ആശയത്തില്‍ നിന്നാണ് 1954ല്‍ സമസ്ത കേരള സുന്നി യുവജനസംഘം (എസ് വൈ എസ്) പിറവിയെടുക്കുന്നത്. എന്നാല്‍ സുന്നി യുവജന സംഘത്തെയും മരവിപ്പിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടന്നു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോ ജനകീയ സേവന പ്രവര്‍ത്തനങ്ങളോ ഏറ്റെടുക്കരുതെന്ന അലിഖിത നിയമം നടപ്പാക്കപ്പെട്ടു.

1960 ആയപ്പോഴേക്ക് സമുദായ രാഷ്ട്രീയ സംവിധാനം ശക്തിയാര്‍ജിച്ചു. സുന്നി സമൂഹം ആദരിക്കുന്ന സയ്യിദന്‍മാര്‍ തലപ്പത്ത് ഉണ്ടായിരുന്നതിനാല്‍ സുന്നികള്‍ രാഷ്ട്രീയ പ്രസ്ഥാനത്തെ പിന്തുണച്ചു. എന്നാല്‍ അധികാരം കൈയാളാന്‍ അവസരം ലഭിച്ച 1960 മുതല്‍ തന്നെ വഹാബികള്‍ അവരുടെ ഒളിയജന്‍ഡകള്‍ നടപ്പാക്കാന്‍ തുടങ്ങി. 1960ല്‍ രൂപവത്കരിച്ച കേരള മുസ്‌ലിം വഖ്ഫ് ബോര്‍ഡില്‍ വഹാബികള്‍ക്ക് സര്‍വാധിപത്യമുണ്ടായി. തുടര്‍ന്നു നടത്തിയ കള്ളക്കളികളാണ് കോഴിക്കോട് നഗരത്തിലെ മുഹ്‌യിദ്ദീന്‍ പള്ളി, പട്ടാളപ്പള്ളി, ലിവാ മസ്ജിദ് അടക്കം പത്തോളം പള്ളികള്‍ സുന്നികള്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കിയത്. ഈ പള്ളികളില്‍ ഖുതുബ പരിഭാഷ നടത്തിയാണ് മലബാറില്‍ അവര്‍ വഹാബിസം പ്രചരിപ്പിച്ചത്.

സമസ്ത നേതാക്കളായ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, മര്‍ഹൂം കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ അടക്കമുള്ളവര്‍ ദര്‍സ് നടത്തുകയും സുന്നീ ആദര്‍ശത്തില്‍ നടന്നു വരികയും ചെയ്തിരുന്ന വാഴക്കാട് ദാറുല്‍ ഉലൂം കോളജടക്കം വഹാബികള്‍ പിടിച്ചടക്കി. പിന്നീട് സ്‌കൂളില്‍ അറബി ഭാഷ പഠിപ്പിക്കാന്‍ അവസരമുണ്ടായപ്പോള്‍ അനുവദിച്ച ഓറിയന്റല്‍ അറബിക് കോളജുകള്‍ പൂര്‍ണമായി വഹാബികള്‍ക്ക് പതിച്ചു നല്‍കി. അറബി പാഠപുസ്തകങ്ങള്‍ തയ്യാറാക്കാനുള്ള കമ്മിറ്റിയും വഹാബി ആധിപത്യത്തിലായിരുന്നു. അതുവഴി വഹാബി നേതാക്കളെ നവോത്ഥാന നായകന്‍മാരായും അവരുടെ സ്ഥാപനങ്ങളെ നവജാഗരണ സംരംഭങ്ങളായും അവരുടെ ആശയങ്ങളെ ഇസ്‌ലാമായും നീണ്ട ഇരുപതിലധികം വര്‍ഷക്കാലം സര്‍ക്കാര്‍ ചെലവില്‍ സുന്നികളുടെ മക്കളെ പഠിപ്പിക്കപ്പെട്ടു. അങ്ങനെ, ഒരു ഘട്ടത്തില്‍ കൂമ്പടഞ്ഞു പോയ വഹാബിസം വളരാന്‍ തുടങ്ങി. സമുദായ ജിഹ്വയില്‍ കയറിപ്പറ്റിയ ഇവര്‍ നബിദിനാഘോഷ പരിപാടികള്‍ തര്‍ക്ക വിഷയമായതിനാല്‍ പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യില്ലെന്ന് വരെ തീരുമാനിച്ചു കളഞ്ഞു.

സമസ്ത സ്ഥാപിതമായ 1926 മുതല്‍ 1962 വരെ വാര്‍ഷിക സമ്മേളനങ്ങള്‍ നടന്നിരുന്നുവെങ്കില്‍ രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ അധികാരത്തില്‍ പങ്കാളിത്തം ലഭിച്ചതു മുതല്‍ സമസ്തയെന്ന പണ്ഡിത സഭക്ക് തളര്‍ച്ച ബാധിച്ചുവെന്നാണ് ചരിത്രത്തില്‍ നിന്ന് മനസ്സിലാകുന്നത്. പിന്നീട് കടുത്ത വെല്ലുവിളികള്‍ സഹിച്ചു കൊണ്ടാണ് 1985ല്‍, 23 വര്‍ഷങ്ങള്‍ക്ക് ശേഷം സമസ്തയുടെ ഒരു സമ്മേളനം നടക്കുന്നത്. പണ്ഡിത സഭ തളര്‍ന്നപ്പോഴാണ് വഹാബിസം വളര്‍ന്നത് എന്നതും ചന്തനീയമാണ്.

1977ല്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ എസ് വൈ എസിന്റെ പ്രസിഡന്റായ കാലം സുന്നി സമൂഹം നേരിടുന്ന ഈ ഭയാനകമായ അവസ്ഥ ചര്‍ച്ച ചെയ്യപ്പെട്ടു. ഒരു ഭാഗത്ത് ആദര്‍ശവൈരികളുടെ വളര്‍ച്ച, മറുഭാഗത്ത്, ചരിത്രപരമായ കാരണത്താല്‍ വിദ്യാഭ്യാസ തൊഴില്‍ രംഗങ്ങളിലെല്ലാം പിന്നാക്കം പോയ സമുദായം നിന്നിടത്ത് നിന്ന് കിതക്കുന്നു. വിദ്യാഭ്യാസം പണമുള്ളവര്‍ക്ക് മാത്രം. പാവപ്പെട്ടവര്‍ക്ക് പിച്ചയെടുത്തു പോലും ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യം. പണ്ഡിതന്‍മാര്‍ പോലും രാഷ്ട്രീയ, കുബേര മേലാളന്‍മാരുടെ മുമ്പില്‍ ഓച്ചാനിച്ച് നില്‍ക്കേണ്ട അവസ്ഥ! ഇതിനെല്ലാം പരിഹാരം വേണം. സംവരണം കാത്തു നിന്നിട്ടു കാര്യമില്ല. എസ് വൈ എസ് എന്ന സമസ്തയുടെ ബഹുജന പ്രസ്ഥാനത്തിലൂടെ പ്രശ്‌ന പരിഹാരമുണ്ടാകണം. ചിന്തകള്‍ പുരോഗമിച്ചു.

അങ്ങനെ ചാപ്പനങ്ങാടി ഉസ്താദ് തന്നെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. മര്‍ഹൂം ഇ കെ ഹസന്‍ മുസ്‌ലിയാര്‍ പ്രസിഡന്റും ഖമറുല്‍ ഉലമ എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയുമായി പുതിയ കമ്മിറ്റി നിലവില്‍ വന്നു. 1978 ഏപ്രിലില്‍ കോഴിക്കാട് മാനാഞ്ചിറയില്‍ എസ് വൈ എസിന്റെ ആദ്യത്തെ സംസ്ഥാന സമ്മേളനം നടന്നു. രണ്ട് അജന്‍ഡകളാണ് ഉണ്ടായിരുന്നത്. ഒന്ന് സുന്നി സംഘശാക്തീകരണം. രണ്ട്, വിദ്യാഭ്യാസ മുന്നേറ്റം. ചരിത്രമായി മാറിയ ഈ സമ്മേളനത്തില്‍ നടന്ന ആഹ്വാനമാണ് കേരളത്തിന്റെ ഗ്രാമാന്തരങ്ങളിലെല്ലാം എസ് വൈ എസ് യൂനിറ്റുകള്‍ രൂപവത്കരിക്കാന്‍ പ്രചോദനമായത്. ഈ സമ്മേളനത്തിനിടയില്‍ തന്നെ എസ് വൈ എസിന്റെ ആദ്യത്തെ സമന്വയ വിദ്യാഭ്യാസ സമുച്ചയമായ മര്‍കസിന് മക്കയിലെ സയ്യിദ് മുഹമ്മദ് മാലികി (റ) തറക്കല്ലിടുകയും ചെയ്തു.

1989ല്‍ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ വെച്ച് മര്‍കസ് മാതൃകയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. അതൊരു വലിയ വിപ്ലവത്തിന് തന്നെ തുടക്കമിട്ടു. പ്രസ്ഥാനത്തിന് കീഴില്‍ ചെറുതും വലുതുമായ ആയിരത്തില്‍ പരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു വന്നു. പാവപ്പെട്ടവര്‍ക്കും അറിവ് പ്രാപ്യമായി. വിദ്യാഭ്യാസ രംഗത്ത് കേരളീയ മുസ്‌ലിംകള്‍ നേടിയെടുത്ത ഈ ഉണര്‍വിന് പിന്നില്‍ സുന്നി നവജാഗരണമാണ് എന്ന വസ്തുത എതിരാളികള്‍ പോലും സമ്മതിക്കുന്ന യാഥാര്‍ഥ്യമാണ്.

എം ഇ എസ് പോലുള്ള സംഘടനകള്‍ക്ക് സമുദായത്തിന്റെ പേരില്‍ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമുദായ പാര്‍ട്ടിയും മറ്റ് ഭരണകൂടങ്ങളും പതിച്ചു നല്‍കിയിട്ടുണ്ടെങ്കിലും പണക്കാര്‍ക്ക് മാത്രമായിരുന്നു അവിടങ്ങളില്‍ ഇടം ലഭിച്ചത്. അനാഥരും അഗതികളുമടങ്ങുന്ന പതിനായിരങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസവും ജീവിത നിലവാരവും നല്‍കാന്‍ സുന്നി പ്രസ്ഥാനത്തിന് സാധിച്ചുവെന്നത് അഭിമാനകരമാണ്.

കൃത്യമായ ആസൂത്രണത്തോടെയും ലക്ഷ്യ ബോധത്തോടെയും മാത്രമേ എസ് വൈ എസ് അതിന്റെ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളൂ. 1994ല്‍ മലപ്പുറത്തു വെച്ചു നടന്ന നാല്‍പതാം വാര്‍ഷിക സമ്മേളനം വിദ്യാഭ്യാസത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാവുക എന്ന ലക്ഷ്യത്തൊടെയായിരുന്നു. നാല്‍പതു നിര്‍ധന യുവതികളെ സുമംഗലികളാക്കി മാതൃക കാണിച്ചു. സ്ത്രീധന രഹിത വിവാഹത്തെ പ്രോത്സാഹിപ്പിച്ച് കൊണ്ട് യുവാക്കളെ പ്രതിജ്ഞ ചൊല്ലിപ്പിച്ചു.

ഈ കാല്‍വെപ്പ് ഫലം കണ്ടു. സാന്ത്വന സേവന രംഗത്ത് മികച്ച മുന്നേറ്റമാണിന്ന് സംഘടന നടത്തി കൊണ്ടിരിക്കുന്നത്. ഓരോ യൂനിറ്റിലും ഓരോ സാന്ത്വന കേന്ദ്രം എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 4318 യൂനിറ്റില്‍ ഇതു പൂര്‍ത്തിയായി. കിടപ്പിലായ രോഗികള്‍ക്കും അപകടത്തില്‍ പെട്ടവര്‍ക്കുമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍, മയ്യിത്ത് പരിപാലന സാമഗ്രികള്‍ വരെ ലഭ്യമാവുന്ന തരത്തിലാണ് സാന്ത്വനകേന്ദ്രം സംവിധാനിച്ചിട്ടുള്ളത്. ഇത് കേന്ദ്രീകരിച്ച് ഏഴംഗ സാന്ത്വനം വളണ്ടിയര്‍മാരും പ്രവര്‍ത്തിച്ചു വരുന്നു. വിവിധ ഘട്ടങ്ങളില്‍ പരിശീലനം ലഭിച്ച 30,226 സാന്ത്വനം ക്ലബ് അംഗങ്ങള്‍ പ്രവര്‍ത്തന ഗോദയിലുണ്ട്. 547 സര്‍ക്കിളുകളിലായി 18,051 സ്വഫ്‌വാ വളണ്ടിയര്‍മാര്‍ സന്നദ്ധ സേവനത്തിനായി സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്.
കേളത്തിലെ പ്രധാന മെഡിക്കല്‍ കോളജുകള്‍, ജില്ലാ, താലൂക്ക് ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ച് ആയിരത്തി മുന്നൂറ് വളണ്ടിയര്‍മാരും സേവനം ചെയ്യുന്നുണ്ട്. ഇവയോടനുബന്ധിച്ച് ഒരുക്കിയ സാന്ത്വന കേന്ദ്രങ്ങളില്‍ സൗജന്യ ഭക്ഷണം, മരുന്ന് വിതരണം, ഡയാലിസിസ്, മെഡിക്കല്‍ ലാബ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 36 ആംബുലന്‍സുകള്‍ വിവിധ ഘടകങ്ങളുടെ കീഴില്‍ സൗജന്യ നിരക്കില്‍ സേവനം ചെയ്ത് വരുന്നു. പതിനായിരത്തോളം രോഗികള്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ മെഡിക്കല്‍ കാര്‍ഡ് വഴി മരുന്ന് വാങ്ങുന്നു.
ഇതുപോലെ 2002,2005 കാലയളവില്‍ നടന്ന മേഖലാ സമ്മേളനങ്ങളും, 2004ലെ ഗോള്‍ഡന്‍ ജൂബിലിയും, 2010ല്‍ നടത്തിയ ആദര്‍ശ സമ്മേളനങ്ങളുമെല്ലാം ലക്ഷ്യാധിഷ്ഠിതമായിരുന്നു. ‘വിശ്വാസം വിമോചനം മുന്നേറ്റം’, നാടിന്റെ അസ്തിത്വ വീണ്ടെടുപ്പിന്, സ്‌നേഹ സമൂഹം സുരക്ഷിത നാട്, അറിയുക അഹ്‌ലുസ്സുന്നയുടെ അജയ്യത, തൗഹീദ് അചഞ്ചലമാണ്, കേരളത്തെ കൊലക്കയറില്‍ നിന്നും രക്ഷിക്കുക, തീവ്രവാദം പരിഹാരമല്ല, മത നവീകരണം വിചാരണ ചെയ്യപ്പെടുന്നു തുടങ്ങിയ ശ്രദ്ധേയമായ പ്രമേയങ്ങളായിരുന്നു ഈ സമ്മേളനങ്ങളിലും ഇതോടൊപ്പം നടത്തിയ ക്യാമ്പയിനുകളിലും സംഘടന ഉയര്‍ത്തിപ്പിടിച്ചത്.

2015ല്‍ എടരിക്കോട് നടന്ന അറുപതാം വാര്‍ഷിക സമ്മേളനം സര്‍വതല സ്പര്‍ശിയായ പ്രബോധനം ലക്ഷ്യം വെച്ചുള്ളതായിരുന്നു. സമുദായത്തിലെ വ്യാപാരികള്‍, കര്‍ഷകര്‍, കടല്‍ തൊഴിലാളികള്‍ മുതല്‍ പ്രൊഫഷണലുകള്‍ക്കു വരെ പ്രത്യേക പരിപാടികളൊരുക്കി നടന്ന ഈ സമ്മേളനത്തിന്റെ തുടര്‍ചലനങ്ങള്‍ പ്രാസ്ഥാനിക രംഗത്ത് വന്‍ മുന്നേറ്റത്തിന് വഴിയൊരുക്കിയിട്ടുണ്ട്. 3313 ഖാഫിലത്തുദ്ദഅ്‌വ അംഗങ്ങള്‍ വ്യക്തിഗത ദഅ്‌വത്തിനായി സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. മദ്യപാനത്തിനും മയക്കുമരുന്നുകള്‍ക്കും അടിമപ്പെട്ടവരെയും മറ്റു കുറ്റകൃത്യങ്ങളില്‍ അഭിരമിക്കുന്നവരേയും നേരില്‍ കണ്ട് സംസ്‌കരിക്കുകയാണ് ഖാഫില അംഗങ്ങളുടെ ദൗത്യം.
60-ാം വാര്‍ഷിക സമ്മേളനത്തോടെ എസ് വൈ എസ് പൂര്‍ണമായും ഒരു യുവജന പ്രസ്ഥാനമായി മാറിയിരിക്കുകയാണ്. ബഹുജന മുഖമായി കേരള മുസ്‌ലിം ജമാഅത്ത് നിലവില്‍ വന്നു. ഇതിനു ശേഷം നടത്തുന്ന ശ്രദ്ധേയമായ മുന്നേറ്റമാണ് ഏഴായിരത്തോളം വരുന്ന യൂനിറ്റ് സമ്മേളനങ്ങള്‍. ‘യുവത്വം നാടുണര്‍ത്തുന്നു’ എന്ന പ്രമേയത്തില്‍ പതിനഞ്ചിന കര്‍മ പദ്ധതികളേടെ 2017 ഒക്‌ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 20 കാലയളവില്‍ നടക്കുന്ന ഈ സമ്മേളനം കേരളീയ യൗവനത്തെ തൊട്ടുണര്‍ത്തുന്നതും യുവജന കര്‍മശേഷിയെ വന്‍ തോതില്‍ ഈ നാടിന് സമര്‍പ്പിക്കുന്നതുമായിരിക്കും.