Connect with us

Kozhikode

യാത്രക്കാര്‍ക്ക് ഭീഷണി നഗരത്തില്‍ കാലികളുടെ വിളയാട്ടം

Published

|

Last Updated

നഗരത്തിലെ തിരക്കേറിയ റോഡുകളില്‍ അലഞ്ഞു തിരിയുന്ന കാലികള്‍ ഭീഷണിയാകുന്നു. ഒരു ഭാഗത്ത് കോര്‍പറേഷന്‍ അലഞ്ഞു തിരിയുന്ന കാലികളെ പിടിച്ച് ലേലത്തില്‍ വില്‍ക്കുമ്പോഴും നഗരത്തില്‍ കാലികളുടെ സൈ്വര്യ വിഹാരത്തിന് മാറ്റമൊന്നുമില്ല. ഉടമകള്‍ എത്താത്ത ഇങ്ങനെ ലേലത്തില്‍ വില്‍ക്കുന്നത്.
മാവൂര്‍ റോഡിലും പരിസരത്തുമായി കാലികള്‍ അലഞ്ഞു തിരിയാന്‍ തുടങ്ങിയിട്ട് ആഴ്ച്ചകളേറെയായി. പുതിയ ബസ് സ്റ്റാന്‍ഡിനകത്തും പ്രവേശന കവാടത്തിലും റോഡിലുമായി ഇവ ചുറ്റിത്തിരിയുകയാണ്. യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയുയര്‍ത്തിയാണ് കാലികളുടെ അഴിഞ്ഞാട്ടം.

കഴിഞ്ഞ മാസങ്ങളില്‍ കോര്‍പറേഷന്‍ പിടികൂടിയ കാലികളെ ലേലം ചെയ്തു വില്‍പ്പന നടത്തിയിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഇതു വഴി കോര്‍പറേഷനു ലഭിക്കുന്നത്. ഒരാഴ്ച മുമ്പ് നടന്ന ലേലത്തില്‍ ഒരു പശുവിനെയും നാലു കിടാങ്ങളെയും 47,000 രൂപക്കാണ് ലേലം ചെയ്തത്. കഴിഞ്ഞ മാസങ്ങളില്‍ രണ്ടു ലക്ഷത്തോളം രൂപ ഈ ഇനത്തില്‍ കോര്‍പറേഷനു ലഭിച്ചിട്ടുണ്ട്. പുതിയ നിയമമനുസരിച്ച് പിടിച്ചെടുക്കുന്ന കാലികളെ 48 മണിക്കൂര്‍ സമയം കഴിഞ്ഞാല്‍ ലേലം ചെയ്യാം. എന്നാല്‍ ഇവയില്‍ രണ്ടെണ്ണത്തിനെ പത്ത് ദിവസവും ബാക്കിയുള്ളവയെ രണ്ട് മാസവും കഴിഞ്ഞാണ് ലേലം ചെയ്തത്. അത് വരെ മേയര്‍ ഭവന് സമീപമുള്ള സ്ഥലത്ത് കോര്‍പറേഷന്‍ തന്നെ ഇവയെ പരിചരിക്കേണ്ടിവരുന്നു. ഉടമകള്‍ എത്താത്തതിനെ തുടര്‍ന്നാണ് ലേലം ചെയ്തത്. മുമ്പ് ഒരാഴ്ച കഴിഞ്ഞ് മാത്രമേ ലേലം ചെയ്യാനുണ്ടായിരുന്നുള്ളൂ.

ഉടമകള്‍ എത്തിയാല്‍ തന്നെ പിഴയും മറ്റുമടക്കം വലിയ തുക കോര്‍പറേഷനു നല്‍കണം. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖയും വീണ്ടും കാലികളെ തുറന്നു വിടുകയില്ലെന്നതിന് മുദ്ര ക്കടലാസിലെഴുതിയ സത്യവാങ്മൂലവും മറ്റു രേഖകളും ഹാജരാക്കിയാലേ കാലികളെ വിട്ടുനല്‍കൂ. കാലികളെ പിടിക്കാനുള്ള ഫീസ് 2000 രൂപയും പിഴ ഇനത്തില്‍ 1000 രൂപയും പരിചരിക്കാനായി ദിനേന 500 രൂപയും അടക്കണം. ഫൈന്‍ 1000 രൂപയില്‍ നിന്ന് 5000 രൂപയായി വര്‍ധിപ്പിക്കാന്‍ കോര്‍പറേഷന്‍ ആലോചിക്കുന്നുണ്ട്. കൗണ്‍സില്‍ യോഗത്തിലും ഇക്കാര്യത്തില്‍ ശക്തമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പാലക്കാട് തുടങ്ങിയ നഗരസഭകളില്‍ ഫൈന്‍ 5000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. നിയമം അനുസരിച്ച് മിനിമം ഫൈന്‍ തുക 2000 രൂപയും കൂടിയ തുക 5000 രൂപയുമാണ്. കൂടിയ ഫൈന്‍ ഏര്‍പ്പെടുത്താനാണ് കോര്‍പറേഷന്‍ ആലോചിക്കുന്നത്. തീവണ്ടി ഗതാഗതത്തിനും അലഞ്ഞു തിരിയുന്ന കാലികള്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഒരു കാള തീവണ്ടി തട്ടി ചത്തിരുന്നു. ഇതേ തുടര്‍ന്ന് കല്ലായി റെയില്‍വേ ട്രാക്കില്‍ നിന്ന് മൂന്നു കാലികളെ കോര്‍പ്പറേഷന്‍ സ്‌ക്വാഡ് പിടികൂടുകയുണ്ടായി.

കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡിനാണ് കാലികളെ പിടികൂടാനും ലേലത്തില്‍ വില്‍ക്കാനുമുള്ള ചുമതല. ഒരു വെറ്റിനറി സര്‍ജന്‍, രണ്ട് സീനിയര്‍ ഹെല്‍ത്ത് ഓഫീസര്‍മാര്‍, ആറ് ജൂനിയര്‍ ഹെല്‍ത്ത് ഓഫീസര്‍മാര്‍ എന്നിവര്‍ അടങ്ങിയതാണ് സ്‌ക്വാഡ്. മിക്കവാറും രാത്രി കാലങ്ങളില്‍ മാത്രമാണ് അലഞ്ഞു തിരിയുന്ന കാലികളെ പിടികൂടുന്നത്.
ഗതാഗത സ്തംഭനവും യാത്രക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് പകല്‍ സമയം കാലികളെ പിടികൂടാത്തത്. പകല്‍ സമയവും കാലികളെ പിടിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് കോര്‍പറേഷന്‍ ട്രാഫിക്ക് പോലീസിനോടാവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം പകല്‍ അലഞ്ഞു തിരിയുന്ന കാലികള്‍ പലപ്പോഴും രാത്രി കൂടണയും.