ഒരു ലക്ഷം കോടി മുടക്കേണ്ടത് ബുള്ളറ്റ് ടെയിന്‍ നടപ്പാക്കാനല്ല; റെയില്‍വേ സുരക്ഷക്കാണ് : പി ചിദംബരം

Posted on: September 30, 2017 4:16 pm | Last updated: October 1, 2017 at 11:12 am

ന്യൂഡല്‍ഹി: നോട്ട് നിരോധിക്കല്‍ നടപടി പോലെ രാജ്യത്തിന്റെ സുരക്ഷയുള്‍പ്പെടെയുള്ള സകലതിനെയും നശിപ്പിക്കാനാണ് മോദി ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും നടപ്പാക്കുന്നതെന്നായിരുന്നു ചിദംബരത്തിന്റെ ആരോപണം.
മുംബൈ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും 24 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മോദിക്കും അദ്ദേഹത്തിന്റെ അഭിമാന പദ്ധതിയായ ബുള്ളറ്റ് ട്രെയിനിനുമെതിരെ ചിദംബരം രംഗത്ത് വന്നിരിക്കുന്നത്.

രാജ്യത്തെ സമ്ബന്നര്‍ക്കു വേണ്ടിയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കുന്നത്. അതിന്റെ ഗുണഭോക്താക്കള്‍ സാധാരണക്കാര്‍ ആയിരിക്കില്ലെന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു.

ലക്ഷങ്ങള്‍ മുടക്കി ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് പകരം രാജ്യത്തെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള റെയില്‍വേ മേല്‍പ്പാലങ്ങള്‍ പുതുക്കി നല്‍കുകയാണ് വേണ്ടതെന്ന് ശിവസേന അഭിപ്രായപ്പെട്ടിരുന്നു.

ഇനിനു പിന്നാലെയാണ് ചിദംബരവും കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. സര്‍ക്കാര്‍ പണം മുടക്കേണ്ടത് റെയില്‍വേയുടെ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടിയാകണമെന്നായിരുന്നു ചിദംബരം അറിയിച്ചത്.

റെയില്‍വേയുടെ സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒരു ലക്ഷം കോടി മുടക്കേണ്ടത് ബുള്ളറ്റ് ടെയിന്‍ പദ്ധതി നടപ്പാക്കാനല്ല. മറിച്ച് റെയില്‍വേ സുരക്ഷ, ട്രാക്ക് വികസനത്തിനും സിഗ്‌നല്‍ സംവിധാനത്തിനും വേണ്ടിയാണെന്ന് ചിദംബരം അറിയിച്ചു.