പാക്കിസ്ഥാനും ഭീകരരും വേണ്ട; ജനങ്ങളെ കൊല്ലുന്ന പണി ഇന്ത്യന്‍ റയില്‍വെ ഏറ്റെടുത്തിരിക്കുന്നു: ശിവസേന

Posted on: September 30, 2017 1:11 pm | Last updated: October 1, 2017 at 11:12 am

മുംബൈ: തുടര്‍ച്ചയായി ഉണ്ടാകുന്ന ട്രെയിന്‍ ദുരന്തത്തിന്റെ പാശ്ചാത്തലത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി. ഇന്ത്യന്‍ റെയില്‍വേയുള്ളപ്പോള്‍ ഇന്ത്യക്കാരെ കൊല്ലാന്‍ ഭീകരരും പാക്കിസ്ഥാനെപ്പോലുള്ള ശത്രുരാജ്യങ്ങളുമെന്തിനാണെന്നാണ് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയുടെ ചോദ്യം. മുംബൈയില്‍ നടത്തിയ പ്രത്യേക പത്രസമ്മേളനത്തിലാണു കേന്ദ്രസര്‍ക്കാരിനും റെയില്‍വേയ്ക്കുമെതിരെ വിമര്‍ശനം കടുപ്പിച്ച് എന്‍ഡിഎ സഖ്യകക്ഷി കൂടിയായ ശിവസേന രംഗത്തെത്തിയത്.

22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു പിന്നാലെ റെയില്‍വേ മന്ത്രി പിയുഷ് ഗോയലിന്റെ രാജി ആവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയിരുന്നു. യാത്രക്കാര്‍ക്കു സുരക്ഷയൊരുക്കുന്നതില്‍ റെയില്‍വേ വരുത്തുന്ന വീഴ്ചകളില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ അഞ്ചിന് വെസ്റ്റേണ്‍ റെയില്‍വേയുടെ ചര്‍ച്ച്‌ഗേറ്റിലുള്ള ആസ്ഥാനത്തേക്കു ശിവസേന റാലി നടത്തുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ശക്തമായ മഴയാണ് എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ അപകടത്തിനു കാരണമായതെന്ന റെയില്‍വേ മന്ത്രാലയത്തിന്റെ വിശദീകരണം അദ്ദേഹം പുച്ഛിച്ചുതള്ളി. ഇതാദ്യമായല്ല മുംബൈയില്‍ മഴ പെയ്യുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അപകടമുണ്ടായ കാല്‍നടപ്പാലത്തിന്റെ സ്ഥാനത്ത് അതിന്റെ എട്ടിരട്ടി വലുപ്പമുള്ള പാലം നിര്‍മിക്കുമെന്ന് 2016ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. ശിവസേനയുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു ഇത്. എന്നാല്‍, തുടര്‍ന്നിങ്ങോട്ടു നടപടികള്‍ ഇഴഞ്ഞുനീങ്ങിയതോടെ പാലം പണി ഫയലില്‍ മാത്രമായി ഒതുങ്ങി. ഇതിനു പിന്നാലെ വലുപ്പക്കുറവിന്റെ പേരില്‍ ഇവിടെ അപകടമുണ്ടായതാണു ശിവസേനയെ ചൊടിപ്പിച്ചത്.