എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു

Posted on: September 30, 2017 10:25 am | Last updated: September 30, 2017 at 1:28 pm

മുംബൈ : സംവിധായകനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ടോം ആള്‍ട്ടര്‍ (67) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി സ്വവസതിയില്‍വച്ചായിരുന്നു അന്ത്യം. ചര്‍മത്തിലെ അര്‍ബുദത്തിന്റെ നാലാം സ്റ്റേജിലായിരുന്നു ആള്‍ട്ടര്‍. 300ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച ആള്‍ട്ടറെ രാജ്യം 2008ല്‍ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്കു വേണ്ടി കളിക്കാനൊരുങ്ങുന്ന ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആദ്യ ടെലിവിഷന്‍ അഭിമുഖം എടുത്തത് ആള്‍ട്ടറാണ്. മൂന്നു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 1990കളില്‍ അഞ്ചുവര്‍ഷത്തോളം പ്രക്ഷേപണം ചെയ്ത ജുനൂന്‍ എന്ന സീരിയലിലെ അഭിനയം ഏറെ പ്രശംസ നേടിക്കൊടുത്തു.

1950ല്‍ മസൂറിയിലാണ് അമേരിക്കന്‍ വംശജനായ ആള്‍ട്ടര്‍ ജനിച്ചത്. പഠനത്തിനും മറ്റുമായി യുഎസില്‍ പോയെങ്കിലും 70കളില്‍ തിരികെ ഇന്ത്യയിലെത്തി. 1972ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടി അഭിനയത്തില്‍ സ്വര്‍ണമെഡലോടെയാണ് പാസായത്. ബംഗാളി, അസമീസ്, തെലുഗു, തമിഴ്, കുമാഓണി ഭാഷകളിലെ സിനിമകളിലും അഭിനയിച്ചു. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി, വണ്‍ നൈറ്റ് വിത് ദി കിങ് തുടങ്ങിയ വിദേശ ചിത്രങ്ങളിലും അഭിനയിച്ചു