Connect with us

Editorial

ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാകില്ല

Published

|

Last Updated

കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധവും ദിശാബോധമില്ലാത്തതുമായ സാമ്പത്തിക നയത്തിനെതിരെ സാമ്പത്തിക വിദഗ്ധര്‍ക്കൊപ്പം ബി ജെ പി നേതാക്കള്‍ തന്നെ രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്താന്‍ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും അത് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത് സര്‍ക്കാറിന്റെ വിശിഷ്യാ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ കഴിവുകേട് മൂലമാണെന്നാണ് മുന്‍ ധനമന്ത്രിയും ബി ജെ പി നേതാവുമായ യശ്വന്ത് സിന്‍ഹ ഒരു ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തിയത്. ആഗോള വിപണിയിലെ ക്രൂഡോയില്‍ വില ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയ സമയത്താണ് ധനമന്ത്രിയായി അരുണ്‍ ജെയ്റ്റ്‌ലി ചുമതലയേറ്റത്. ഈ ഘട്ടത്തില്‍ ഖജനാവിലേക്ക് ഒഴുകിയ സഹസ്ര കോടികള്‍ വിവേക പൂര്‍വം കൈകാര്യം ചെയ്തിരുന്നെങ്കില്‍ അത് രാജ്യത്തിന് വന്‍ നേട്ടമാകുമായിരുന്നു. പകരം ഭാവനാ ശൂന്യമായാണ് ജെയ്റ്റ്‌ലി കൈകാര്യം ചെയ്തതെന്ന് മാത്രമല്ല, സമ്പദ് വ്യവസ്ഥയില്‍ നേരത്തെ നിലനിന്നിരുന്ന പ്രശ്‌നങ്ങളെ അദ്ദേഹം കൂടുതല്‍ വഷളാക്കുകയുമുണ്ടായെന്ന് യശ്വന്ത് സിന്‍ഹ വിലയിരുത്തുന്നു.

സ്വകാര്യ നിക്ഷേപം കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ തോതിലാണിപ്പോള്‍. വ്യവസായിക ഉത്പാദനം തകര്‍ന്നു, ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന നിര്‍മാണ മേഖല മന്ദഗതിയിലാണ്. കാര്‍ഷിക രംഗവും സേവനമേഖലകളും തളര്‍ച്ചയിലാണ്. അടുത്ത കാലത്തൊന്നും പരിഹരിക്കാനാകാത്ത പ്രത്യാഘാതമാണ് നോട്ട് നിരോധമുണ്ടാക്കിയത്. ജി എസ് ടിയുടെ തെറ്റായ വിഭാവനവും നടപ്പാക്കുന്നതിലെ വീഴ്ചയും വ്യവസായ വ്യാപാര മേഖലകളെ പ്രതികൂലമായി ബാധിച്ചു. നിലവിലെ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമാണെന്നതും ശരിയല്ല. യഥാര്‍ഥത്തില്‍ ഇത് 3.7 ശതമാനം മാത്രമേ വരൂ. ജി ഡി പി കണക്കാക്കുന്ന രീതി 2015ല്‍ മോദി സര്‍ക്കാര്‍ മാറ്റം വരുത്തിയത് കൊണ്ടാണ് രണ്ട് ശതമാനം അധിക വളര്‍ച്ച കാണിക്കാനായത്. സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകള്‍ നേരത്തെ പ്രകടമായിരുന്നുവെങ്കിലും ഇത് മുന്‍കൂട്ടി കണ്ട് തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ബി ജെ പിയിലെ തന്നെ വലിയൊരു വിഭാഗം പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് താന്‍ പറയുന്നതെന്നും ഭയംകൊണ്ടാണ് മറ്റുള്ളവര്‍ ഇതൊന്നും തുറന്നു പറയാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സമ്പദ് രംഗം കൈകാര്യം ചെയ്തതില്‍ സര്‍ക്കാറിന് പാളിച്ചകള്‍ സംഭവിച്ചതായി ബി ജെ പിയുടെ തൊഴില്‍ സംഘടനയായ ബി എം എസിന്റെ ദേശീയ പ്രസിഡന്റ് സജി നാരായണനും കുറ്റപ്പെടുത്തുകയുണ്ടായി. തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതാണ് സര്‍ക്കാറിന്റെ പല പരിഷ്‌കരണങ്ങളും. റീട്ടെയില്‍ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചത് ഈ മേഖലയെയും ചെറുകിട കച്ചവടക്കാരെയും സാരമായി ബാധിക്കുകയും വലിയൊരളവില്‍ തൊഴിലില്ലായ്മക്ക് കാരണമാവുകയും ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഗുണം കോര്‍പറേറ്റ്, സ്വകാര്യ മേഖലയില്‍ പരിമതപ്പെടാനാണ് സാധ്യത. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാമ്പത്തിക വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി വിശദമായി ചര്‍ച്ച ചെയ്യണമെന്നും കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തില്‍ തിരുത്തല്‍ ആവശ്യമാണെന്നും സജി നാരായണന്‍ ആവശ്യപ്പെട്ടു.

ആഗോള തലത്തില്‍ ഏറ്റവുമധികം വളര്‍ച്ചയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൈവരിച്ചു കൊണ്ടിരിക്കുന്നതെന്നാണ് യശ്വന്ത്‌സിന്‍ഹയുടെ വിമര്‍ശങ്ങളോട് പ്രതികരിക്കവെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ പറഞ്ഞത്. ഇനിയെങ്കിലും രാജ്‌നാഥ് സിംഗും സഹപ്രവര്‍ത്തകരും ഇത്തരം പൊള്ളയായ അവകാശവാദങ്ങള്‍ അവസാനിപ്പിക്കണം. സമഗ്ര വളര്‍ച്ചാവികസന സൂചികയില്‍ കഴിഞ്ഞ വര്‍ഷം ചൈനക്കും പാക്കിസ്ഥാനും പിന്നിലായി 60ാം സ്ഥാനത്താണ് ഇന്ത്യയെന്നാണ് 79 വികസ്വര രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഡബ്ല്യു ഇ എഫ് നടത്തിയ സമഗ്ര വളര്‍ച്ചാവികസന പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനയും പാക്കിസ്ഥാനും 15ഉം 52ഉം സ്ഥാനത്താണ്.

നോട്ട് നിരോധം, ജി എസ് ടി തുടങ്ങി സര്‍ക്കാര്‍ നടപ്പാക്കിയ എല്ലാ സാമ്പത്തിക പദ്ധതികളിലും വന്‍ പാളിച്ചയാണ് സംഭവിച്ചത്. സാമ്പത്തിക ദുര്‍നടപ്പ് എന്നാണ് അന്താരാഷ്ട്ര ഏജന്‍സികളുടെ ഇതേക്കുറിച്ചുള്ള വിലയിരുത്തല്‍. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ അടുത്തിടെ നടത്തിയ പഠനവും ബി ജെ പിയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും അവകാശവാദങ്ങളെ പൂര്‍ണമായും തള്ളുന്നു. ഈ മാന്ദ്യം ക്ഷണികമോ താത്കാലികമോ അല്ലെന്നാണ് എസ് ബി ഐ റിസര്‍ച്ച് റിപ്പോര്‍ട്ടിന്റെ വിലയിരുത്തല്‍. സാമ്പത്തിക മാന്ദ്യമുണ്ടെന്നത് പ്രതിപക്ഷത്തിന്റെയും ബി ജെ പിവിരുദ്ധരുടെയും രാഷ്ട്രീയ പ്രേരിതമായ ആരോപണം മാത്രമാണെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ സമ്പദ്ഘടനയുടെ പിന്നോട്ടടി യാഥാര്‍ഥ്യമാണെന്നും ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുളള ശ്രമം ഇനിയും നടപ്പില്ലെന്നും സര്‍ക്കാറിനും അരുണ്‍ജെയ്റ്റ്‌ലിക്കും ഇനിയെങ്കിലും തുറന്നു സമ്മതിക്കുന്നതാണ് രാഷ്ട്രീയ ധാര്‍മികത. യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടിയത് പോലെ തിരഞ്ഞെടുപ്പ് കാലത്തെ വീമ്പ് പറച്ചില്‍ കൊണ്ട് യാഥാര്‍ഥ്യം മറച്ച് വെക്കാനാകില്ല. ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ബി ജെ പിയുടെ പോഷക സംഘടനകള്‍ തന്നെ സര്‍ക്കാറിന്റെ നയത്തിലും ധനമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയിലും തിരുത്ത് ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്.

---- facebook comment plugin here -----

Latest