Connect with us

Ongoing News

പത്താമങ്കത്തില്‍ അടിയറവ്: ഓസ്‌ട്രേലിയക്ക് 21 റണ്‍സ് ജയം

Published

|

Last Updated

ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ പൊരുതിത്തോറ്റു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 335 റണ്‍സിന്റെവിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ 313 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളൂ. ഓസ്‌ട്രേലിയ 21 റണ്‍സിന് വിജയിച്ചു. സ്‌കോര്‍: ഓസ്‌ട്രേലിയ 334/5(50), ഇന്ത്യ: 313/8(50).

ഓസ്‌ട്രേലിയയ്ക്കായി റിച്ചാര്‍ഡ്‌സന്‍ മൂന്നും കോള്‍ട്ടര്‍നീല്‍ രണ്ടും വിക്കറ്റു വീഴ്ത്തി.

ആദ്യ മൂന്നു മല്‍സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക്, ചരിത്രത്തിലാദ്യമായി ഏകദിനത്തില്‍ 10 തുടര്‍വിജയങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ബെംഗളൂരുവില്‍ നഷ്ടമായത്. ഓസ്‌ട്രേലിയയുടെ ഡേവിഡ്് വാര്‍ണറിന്റെ സെഞ്ചുറിയാണ് ഓസീസ് ഇന്നിംഗസിന്റെ നട്ടെല്ല്. തുടര്‍ച്ചയായ ഒന്‍പതു വിജയങ്ങള്‍ക്കുശേഷം ഇന്ത്യ ആദ്യ തോല്‍വി വഴങ്ങിയപ്പോള്‍, വിദേശത്തു തുടര്‍ച്ചയായ 11 തോല്‍വികള്‍ക്കുശേഷമാണ് ഓസീസ് വിജയവഴിയിലേക്ക് തിരികെയെത്തിയത്.

ഇന്ത്യയ്ക്കായി അജിങ്ക്യ രഹാനെ (66 പന്തില്‍ 53), രോഹിത് ശര്‍മ (55 പന്തില്‍ 65), കേദാര്‍ ജാദവ് (69 പന്തില്‍ 67) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. ഹാര്‍ദിക് പാണ്ഡ്യ 40 പന്തില്‍ ഒരു ബൗണ്ടറിയും മൂന്നു സിക്‌സും ഉള്‍പ്പെടെ 41 റണ്‍സും, മനീഷ് പാണ്ഡെ 25 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 33 റണ്‍സുമെടുത്ത് പുറത്തായി. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി കൂട്ടുകെട്ടുമായി ഓപ്പണര്‍മാരായ രോഹിതും രഹാനെയും മികച്ച തുടക്കം സമ്മാനിച്ചെങ്കിലും തുടര്‍ന്ന് വന്നവര്‍ക്ക് ഈ മികവു തുടരാനാകാതെ പോയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 106 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ജാദവ്–പാണ്ഡ്യ സഖ്യവും (78), അഞ്ചാം വിക്കറ്റില്‍ ജാദവ്–പാണ്ഡെ സഖ്യവും (61) അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല.