Connect with us

Gulf

ഭരണകൂട വാര്‍ഷിക സമ്മേളനം ശ്രദ്ധേയമായി യു എ ഇ ലോകത്തിന്റെ നെറുകയിലെത്തും

Published

|

Last Updated

അബുദാബി: സമീപ ഭാവിയില്‍ തന്നെ യു എ ഇ യെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഭരണകൂട വാര്‍ഷിക സമ്മേളനം അബുദാബിയില്‍ സമാപിച്ചു.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശി യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു ദിവസം നടത്തിയ സമ്മേളനം നൂതന ആശയങ്ങളാല്‍ ശ്രദ്ധേയമായിരുന്നു. ശൈഖുമാര്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി 450 ഓളം പ്രഗത്ഭരാണ് പങ്കെടുത്തത്.
“നമുക്ക് മികച്ച ഭരണകൂടം, മികച്ച വിദ്യാഭ്യാസം, സന്തോഷകരമായ സമൂഹം, മികച്ച സമ്പദ്വ്യവസ്ഥ എന്നിവ വേണം. ലോകത്തിലെ ഒന്നാംരാജ്യമാകണം “-ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു.

2071 ല്‍ രാജ്യം ശതാബ്ദി ആഘോഷിക്കുമ്പോള്‍ ലക്ഷ്യം സാക്ഷാത്കരിക്കണമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. യു എ ഇക്ക് നല്ല ആത്മവിശ്വാസമുണ്ട്. ജനങ്ങള്‍, വിശേഷിച്ചു യുവ സമൂഹം യത്‌നിക്കുകയും നേടിയെടുക്കുകയും ചെയ്യും. -ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
രാജ്യത്ത് നാലാം വ്യവസായ വിപ്ലവം കൊണ്ടുവരാന്‍ യു എ ഇ ഭരണകൂട വാര്‍ഷികസമ്മേളനം ആഹ്വാനംചെയ്തു. നവീനമായ കണ്ടുപിടുത്തങ്ങള്‍, ഭാവി സാങ്കേതിക വിദ്യകള്‍ എന്നിവക്ക് ഊന്നല്‍ നല്‍കിയുള്ള തന്ത്രങ്ങളാണ് ആവിഷ്‌ക്കരിക്കേണ്ടതെന്ന് ക്യാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി ചൂണ്ടിക്കാട്ടി. സമൂഹത്തിന് സന്തോഷവും സുസ്ഥിരതയും പ്രദാനംചെയ്യുന്ന ആധുനിക സാങ്കേതിക വിദ്യ ഉള്‍കൊണ്ട് ലോകത്തിനു യു എ ഇ മാതൃകയാകേണ്ടതുണ്ട്. നവീന വിദ്യാഭ്യാസവും ഇതിന്റെ ഭാഗമായി വരും. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ ഇന്റലിജന്റ്ജെനോമിക് മരുന്നുകള്‍, റോബോട്ടിക് ചികിത്സ, ത്രീഡി പ്രിന്റിംഗ് തുടങ്ങിയവ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
അസാധാരണമായ ദേശീയ പദ്ധതി. ചൊവ്വ പര്യവേഷണത്തിന്റെ ഭാഗമായുള്ള ശാസ്ത്ര നഗര നിര്‍മിതിയെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിശേഷിപ്പിച്ചത് ഇങ്ങനെ.

1.9 ദശലക്ഷം ചതുരശ്രയടി വലിപ്പത്തിലാണ് പുതിയ ഗവേഷണകേന്ദ്രം “മാര്‍സ് സയന്റിഫിക് സിറ്റി” എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയെ “അസാധാരണമായ ദേശീയ പദ്ധതി” എന്നാണ്. 50 കോടി ദിര്‍ഹം ചെലവുവരുന്നതാണ് പദ്ധതി. വരും തലമുറക്ക് മികച്ച വിദ്യാഭ്യാസവും ജീവിതവും ശക്തമായ സമ്പദ്ഘടനയും നല്‍കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് പറഞ്ഞു.
ബഹിരാകാശ ഗവേഷണത്തിനാവശ്യമായ മുഴുവന്‍ സംവിധാനങ്ങളുമടങ്ങുന്ന പദ്ധതിയുടെ ചിത്രവും ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ പങ്കുവെച്ചു. 2117-ഓടെ ചൊവ്വയില്‍ നഗരമുണ്ടാക്കുകയാണ് യു എ ഇ ബഹിരാകാശ രംഗം ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് കഴിഞ്ഞവര്‍ഷം അഭിപ്രായപ്പെട്ടിരുന്നു.

 

Latest