എസ് എ പുതിയവളപ്പിലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Posted on: September 28, 2017 12:21 pm | Last updated: September 28, 2017 at 3:36 pm

തിരുവനന്തപുരം: ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ വന്ന പുതിയവളപ്പില്‍ നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. പൊതുരംഗത്തും വ്യക്തിജീവിതത്തിലും അങ്ങേയറ്റം മാന്യത പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം.

പുതിയവളപ്പിലിന്റെ പിതാവ് സി കെ പി ചെറിയ മമ്മുക്കേയി മുസ്‌ലിം ലീഗിന്റെ ശക്തനായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ അഖിലേന്ത്യാ മുസ്‌ലിം ലീഗ് രൂപം കൊണ്ടത്. പിതാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നാണ് പുതിയവളപ്പിലും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. മുസ്‌ലിം ലീഗിലെ ഭിന്നിപ്പിന് ശേഷം ഇടതുപക്ഷത്തോടൊപ്പം അദ്ദേഹം ഉറച്ചുനിന്നു. പുതിയവളപ്പിലിന്റെ വേര്‍പാട് ജനാധിപത്യമതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.