ബിഎസ്എഫ് ജവാനെ ഭീകരര്‍ വീട്ടില്‍ കയറി വെടിവെച്ചുകൊന്നു

Posted on: September 28, 2017 9:22 am | Last updated: September 28, 2017 at 12:23 pm
SHARE

ജമ്മു: ജമ്മു കശ്മീരിലെ ബന്ദിപൊര ജില്ലയില്‍ അവധിക്ക് നാട്ടിലെത്തിയ ബിഎസ്എഫ് സൈനികനെ ഭീകരര്‍ വീട്ടില്‍ കയറി വെടിവെച്ചുകൊന്നു. ബിഎസ്എഫ് 73ാം ബറ്റാലിയനിലെ മുഹമ്മദ് റമസാന്‍ പാരെയാണ്(30) കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ റമസാന്റെ രണ്ട് സഹോദരങ്ങള്‍ക്കും പിതാവിനും പിതൃസഹോദരിക്കും പരുക്കേറ്റു. ഇതിലൊരാളുടെ നില അതീവ ഗുരുതരമാണ്. ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്ന് സൈന്യം അറിയിച്ചു.

വടക്കന്‍ കശ്മീരിലെ ഹജ്ജനില്‍ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. വീട്ടില്‍ കയറി റമസാനെ തട്ടിക്കൊണ്ടുപോകാനായിരുന്നു ഭീകരരുടെ ശ്രമം. ഇതിനിടെ ഭീകരര്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. റമീസ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ബിഎസ്എഫിലാണ് റമീസ്. മൂന്ന് മാസം മുമ്പ് ബന്ധുവീട്ടില്‍ വിവാഹച്ചടങ്ങിനു പോയ ലഫ്. ഉമര്‍ ഫയാസിനെ ഭീകരര്‍ വീട്ടില്‍ കയറി വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സമാനമായ രീതിയില്‍ വീണ്ടും ആക്രമണം നടന്നത്.

ഹീനവും മനുഷ്യത്വരഹിതവുമായ ആക്രമണമാണ് ഭീകരര്‍ നടത്തിയതെന്ന് ജമ്മു കശ്മീര്‍ ഡിജിപി. എസ്പി വൈദ് പറഞ്ഞു. ആക്രമണം നടത്തിയവരെ എത്രയും വേഗം പിടികൂടാന്‍ പോലീസിനും സുരക്ഷാ സേനക്കും നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here