Connect with us

National

ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ട് പുറത്തുവന്നു; വളര്‍ച്ചാനിരക്കില്‍ ഇന്ത്യ 40-ാം സ്ഥാനത്ത്

Published

|

Last Updated

Davos : Finance Minister Arun Jaitley, Christine Lagarde, Managing Director, International Monetary Fund (IMF) and other dignitaries during a session at the World Economic Forum in Davos, Switzerland on Saturday. PTI Photo (PTI1_23_2016_000293B)

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ട് പുറത്തുവന്നു. മത്സരസ്വഭാവമുള്ള സമ്പദ്ഘടനയുടെ ആഗോളപ്പട്ടികയില്‍ ഇന്ത്യ 40-ാം സ്ഥാനത്താണെന്ന് ലോക സാമ്പത്തിക ഫോറം (ഡബ്ല്യുഇഎഫ്) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 39ല്‍ നിന്ന് നാല്‍പതിലേക്ക് താഴ്‌ന്നെങ്കിലും ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് പ്രതീക്ഷയ്ക്ക് വകനല്‍കുന്നതാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

137 സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് ഒന്നാമത്. യുഎസ്, സിംഗപ്പൂര്‍ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബ്രിക്‌സ് അംഗങ്ങളായ ചൈനയും റഷ്യയും ഇന്ത്യയ്ക്ക് മുകളിലാണ്; റാങ്ക് 38. അതേസമയം, ദക്ഷിണാഫ്രിക്കയെയും (61) ബ്രസീലിനെയും (80) ഇന്ത്യ കടത്തിവെട്ടി. ദക്ഷിണേഷ്യയില്‍ ഇന്ത്യയാണ് റാങ്കിങ്ങില്‍ മുന്നില്‍. ഭൂട്ടാന്‍ (85), ശ്രീലങ്ക (85), നേപ്പാള്‍ (88), ബംഗ്ലദേശ് (99), പാക്കിസ്ഥാന്‍ (115) എന്നിങ്ങനെയാണ് അയല്‍രാജ്യങ്ങളുടെ സ്ഥാനം. ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ചൈന 27ാം സ്ഥാനത്തുണ്ട്.

എല്ലാ അടിസ്ഥാന മേഖലകളിലും മികച്ച പ്രകടനം കാഴ്ചവച്ചതാണ് വളര്‍ച്ചാസ്ഥിരത പ്രകടിപ്പിക്കാന്‍ ഇന്ത്യയെ സഹായിച്ചത്. അതേസമയം, ഇന്ത്യയില്‍ ബിസിനസ് ചെയ്യണമെങ്കില്‍ കൈക്കൂലി കൊടുക്കണമെന്ന രീതിക്കു മാറ്റമില്ലെന്നു ലോക സാമ്പത്തിക ഫോറം ചൂണ്ടിക്കാട്ടുന്നു.

അടിസ്ഥാന വികസനത്തില്‍ 66, ഉന്നത വിദ്യാഭ്യാസത്തിനും പരിശീലനത്തിനും 75, സാങ്കേതിക തയാറെടുപ്പിന് 107 എന്നിങ്ങനെയാണ് ഇനം തിരിച്ചുള്ള റാങ്ക്. രാജ്യത്ത് പൊതുമേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഇവ സഹായിച്ചിട്ടുണ്ട്. വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് പ്രത്യേകിച്ചും ഇന്റര്‍നെറ്റ് ബാന്‍ഡ്‌വിഡ്ത്, മൊബൈല്‍ ഫോണ്‍ നെറ്റ്, സ്‌കൂളുകളിലെ ഇന്റര്‍നെറ്റ് തുടങ്ങിയ മേഖലയിലും ഇന്ത്യ നല്ല പ്രകടനമാണു പുലര്‍ത്തിയത്. നെതര്‍ലന്‍ഡ്, ജര്‍മനി, ഹോങ് കോങ്, സ്വീഡന്‍, യുകെ, ജപ്പാന്‍, ഫിന്‍ലന്‍ഡ് എന്നിവരാണ് നാലു മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്. 12 തരം സൂചികകള്‍ താരതമ്യപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്‌

Latest