ഇ.പി ജയരാജനെതിരായ ബന്ധു നിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി

Posted on: September 27, 2017 2:59 pm | Last updated: September 27, 2017 at 6:45 pm

കൊച്ചി: മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധു നിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. ബന്ധു നിയമനക്കേസില്‍ സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചു. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്തിനെന്ന് കോടതി ചോദിച്ചു. നിലനില്‍ക്കാത്ത കേസ് ആര്‍ക്കുവേണ്ടി എടുത്തതാണ്. ആരുടെ എങ്കിലും വാ അടപ്പിക്കാനാണോ കേസെടുത്തതെന്നും ഹൈക്കോടതി ചോദിച്ചു.

ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ തെളിവുകളില്ലെന്നായിരുന്നു വാദം.

ജയരാജനെതിരെ അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്നും കേസ് തുടരാനാവില്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്.

ഇ.പി. ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ കഴിഞ്ഞ ഒക്ടോബറിലാണ് ബന്ധുവായ സുധീര്‍ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിന്റെ എം.ഡിയായി നിയമിച്ചത്. വിവാദമായതോടെ നിയമനം സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും ജയരാജനും സുധീര്‍ നമ്പ്യാര്‍ക്കുമെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിയമനം റദ്ദാക്കിയ സാഹചര്യത്തില്‍ ജയരാജനടക്കമുള്ളവര്‍ എന്തു നേട്ടമാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കണമെന്നും എന്തടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോടു നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് വിശദീകരണവും നല്‍കിയിരുന്നു.