Connect with us

Kerala

വര്‍ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷം മാത്രം മതിയെന്ന വാദം അഹങ്കാരം: കാനം രാജേന്ദ്രന്‍

Published

|

Last Updated

കോഴിക്കോട്: രാജ്യം നേരിടുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കാന്‍ ഇടതുപക്ഷം മാത്രം മതിയെന്ന് പറഞ്ഞാല്‍ അത് അഹങ്കാരമാണെന്നും ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം എത്രയാണെന്ന് നമുക്കറിയാമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിശാലമായ മതനിരപേക്ഷ ജനാധിപത്യ ഇടതു ചിന്തയുള്ളവരുടെ പൊതുവേദിയാണ് ഉയര്‍ന്നുവരേണ്ടത്. അത് രാഷ്ട്രീയ കക്ഷികളുടെ മാത്രം വേദിയോ തിരഞ്ഞടുപ്പ് മുന്നണിയോ ആകരുത്. നേതൃത്വവും രാഷ്ട്രീയക്കാര്‍ക്കാകണമെന്നില്ല. ഈ കൂട്ടായ്മയില്‍ കക്ഷി രാഷ്ട്രീയ സങ്കുചിതത്വത്തിന്റെ അടിസ്ഥാനത്തില്‍ ആരെയും മാറ്റിനിര്‍ത്തരുതെന്നും എ ഐ ടി യു സി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യവേ കാനം രാജേന്ദ്രന്‍ പറഞ്ഞു.

രാജ്യത്ത് മനഃപൂര്‍വം ഭയമുണ്ടാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. തങ്ങളുടെ മതവും വിശ്വാസവും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. അതിനു വഴങ്ങാത്തവരെ നിശബ്ദരാക്കുന്നു. ഭയം രാജ്യത്തെ ജനങ്ങളുടെ പൊതുവികാരമാകുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യത്തിന് എന്ത് അര്‍ഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
സമ്പദ്ഘടന തകര്‍ന്നു എന്ന് പ്രധാനമന്ത്രി എതാണ്ട് സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്ന് കാനം പറഞ്ഞു. ഇത് പരിഹരിക്കാന്‍ മോദി നിയമിക്കുന്ന സാമ്പത്തിക ഉപദേഷ്ടാക്കള്‍ കുടിവെള്ളത്തിനു പോലും ഫീസ് ഈടാക്കണമെന്ന് പറഞ്ഞവരും റെയില്‍വേ അടക്കം ജനങ്ങളുടെ സ്വത്ത് സ്വകാര്യമേഖലക്ക് എല്‍പ്പിക്കാന്‍ ശ്രമം നടത്തിയവരുമാണ്. രാജ്യം ഏത് ദിശയിലേക്കാണ് പോകുന്നതെന്നത് ഇതില്‍ നിന്ന് വ്യക്തമായിരിക്കുന്നു. കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച ഗ്രാമീണ വൈദ്യുത പദ്ധതി പുതിയതായി അവതരിപ്പിച്ച് മോദി ജനങ്ങളുടെ ഓര്‍മശക്തി പരീക്ഷിക്കുകയാണെന്നും കാനം പറഞ്ഞു.
ചടങ്ങില്‍ ടി വി ബാലന്‍ അധ്യക്ഷനായിരുന്നു. കെ പി രാജേന്ദ്രന്‍, പി കെ ഗോപി, ജെ ഉദയഭാനു, പി പ്രേംചന്ദ്, അഡ്വ. പി വസന്തം സംസാരിച്ചു. കെ ജി പങ്കജാക്ഷന്‍ സ്വാഗതവും പി വി മാധവന്‍ നന്ദിയും പറഞ്ഞു.